SignIn
Kerala Kaumudi Online
Monday, 19 October 2026 1.57 PM IST

പ്രായമാകുന്നത് തടഞ്ഞ് തലച്ചോറിന്‌ ചെറുപ്പം തിരികെത്തരും, യുവത്വ പ്രോട്ടീൻ ഉപയോഗിച്ച് ഗവേഷകർ കണ്ടെത്തിയത് അത്ഭുത വിദ്യ

man-remebers
പ്രതീകാത്മക ചിത്രം

പ്രായമാകുന്നവരിൽ സാധാരണയായി കാണുന്ന പ്രശ്‌നങ്ങളാണ് ഓർമ്മപിശകും അതിനെതുടർന്നുള്ള അങ്കലാപ്പും. പ്രായമേറുമ്പോൾ തലച്ചോറിൽ ഓർമ്മയ്‌ക്കും മറ്റുമുള്ള ഭാഗത്തിന് ശേഷി കുറയുന്നതെങ്ങനെ എന്ന് ഇപ്പോഴും പൂർണമായി അറിവായിട്ടില്ല. പക്ഷെ മുതിർന്നവരിലെ തലച്ചോറിന് നഷ്‌ടമാകുന്ന ഈ കഴിവുകളെ ഇപ്പോൾ തിരികെ കൊണ്ടുവരാനാകുമെന്നൊരു പ്രതീക്ഷ ഉണ്ടായിരിക്കുകയാണ്.

ടിഐഎംപി-2 എന്ന യുവത്വ പ്രോട്ടീൻ തലച്ചോറിന്റെ രോഗപ്രതിരോധ കോശങ്ങളെ ആരോഗ്യത്തോടെ നിലനിർത്തുകയും അതുവഴി പ്രായമാകുമ്പോൾ തലച്ചോർ എങ്ങനെ മാറുന്നു എന്ന ഗവേഷണത്തിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്യുന്നുവെന്ന് ശാസ്‌ത്രജ്ഞർ തിരിച്ചറിഞ്ഞിരിക്കുകയാണ്.

'നേച്ചർ കമ്മ്യൂണിക്കേഷൻസ്' എന്ന അമേരിക്കയിലെ മൗണ്ട് സിനായിലുള്ള ഇകാൻ സ്‌കൂൾ ഓഫ് മെഡിസിനിലെ ഗവേഷകരുടെ ശാസ്‌ത്ര ലേഖനത്തിലാണ് മനുഷ്യർക്ക് പ്രത്യാശയായേക്കാവുന്ന ഈ കണ്ടെത്തൽ ഉള്ളത്. പരീക്ഷണത്തിൽ ഈ യുവത്വ ഹോർമോണിനെ തലച്ചോറിൽ‌നിന്നും നീക്കം ചെയ്‌തപ്പോൾ മസ്‌തിഷ്‌കത്തിൽ വാർദ്ധക്യവും ക്രമേണ നാഡികൾ നശിക്കുന്നതുമായ രോഗങ്ങൾക്ക് കാരണമായ പ്രശ്‌നങ്ങൾ കൂടി. എന്നാൽ ഈ യുവത്വ പ്രോട്ടീനെ തിരികെ ശരീരത്തിലെ രക്തപ്രവാഹത്തിൽ പ്രവേശിപ്പിച്ചപ്പോൾ ഇവ കോശങ്ങളിലെ പഴയ കോശാവശിഷ്‌ടങ്ങളെ മാറ്റി അവയ്‌ക്ക് കൂടുതൽ മികവ് നൽകിത്തുടങ്ങി. എലികളിലാണ് ഈ പരീക്ഷണങ്ങളൊക്കെ നടത്തിയത്.

brain-remembers
പ്രതീകാത്മക ചിത്രം

യുവത്വ പ്രോട്ടീൻ തലച്ചോറിന് സ്വാഭാവികമായി പ്രായമാകുമ്പോഴുള്ള പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നത് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. മികച്ച രോഗപ്രതിരോധ പ്രവർത്തനത്തിന് അതുവഴി സാധിക്കുന്നു. പ്രായമാകുന്ന സ്വാഭാവികമായ പ്രക്രിയ അൽഷിമേഴ്‌സ്, തലച്ചോറിനെ ബാധിക്കുന്ന മറ്റ് ഗുരുതര രോഗങ്ങൾ എന്നിവയ്‌ക്ക് വഴിമരുന്നിടാറുണ്ട്.

വയസായവരിൽ തലച്ചോറിലെ പ്രശ്‌നങ്ങൾ നാളുകൾ ചെല്ലുംതോറും വഷളാകുന്നതിനുള്ള കാരണങ്ങൾ ഇപ്പോഴും ഗവേഷകർക്ക് മുഴുവനായും മനസിലാക്കാനായിട്ടില്ല. എന്നാൽ ഈ യുവത്വ പ്രോട്ടീൻ നൽകിയപ്പോൾ തലച്ചോറിന്റെ ആരോഗ്യം നിലനിർത്തുന്ന പ്രതിരോധ കോശങ്ങളായ മൈക്രോഗ്ളിയയുടെ ആരോഗ്യം നിലനിർത്താൻ കഴിയുന്നുണ്ടെന്ന് തിരിച്ചറിഞ്ഞു.

ശരീരത്തിൽ ക്യാൻസ‌ർ കോശങ്ങൾ പടരുന്നത് തടയാൻ ഈ പ്രോട്ടീനിന് കഴിവുണ്ടെന്ന് കരുതുന്നു. എലികളിൽ ഇവ കടത്തിവിട്ടപ്പോൾ കോശങ്ങളിലെ മാലിന്യംനീക്കം ചെയ്യുന്ന മൈക്രോഗ്ളിയയുടെ കഴിവ് ഏറി.

തലച്ചോറിലെ ന്യൂറോണുകളെ തമ്മിൽ ബന്ധിപ്പിച്ച് ഓർമ്മയും മറ്റ് കാര്യങ്ങളും ശക്തമാക്കുന്നതിന് തലച്ചോറിനുള്ള കഴിവാണ് സിനാപ്റ്റിക് പ്ളാസ്‌റ്റിസിറ്റി. യുവത്വ പ്രോട്ടീൻ ഈ കഴിവിനെ നിലനി‌ർത്താൻ സഹായിക്കും.

ഗവേഷകർ എലികളെ പല വിഭാഗങ്ങളായി തിരിച്ച് ഓരോന്നിലും ടിഐഎംപി-2 പ്രോട്ടീനിന്റെ അളവ് വ്യത്യാസപ്പെടുത്തിയും ചിലതിലൊക്കെ അവ ഉൾപ്പെടുത്താതെയും ആണ് പരീക്ഷണത്തിനുപയോഗിച്ചത്.

ഇതുവഴി ആരോഗ്യമുള്ള തലച്ചോറിലും പ്രായമേറിയ തലച്ചോറിലും ഇതെങ്ങനെ വ്യത്യാസപ്പെടുന്നു എന്ന് കണക്കുകൂട്ടാനായി.

മൈക്രോഗ്ളിയയ്‌ക്ക് ഈ പ്രോട്ടീന്റെ സഹായം ലഭിക്കാതെ വന്ന പരീക്ഷണങ്ങളിൽ പ്രായമാകുമ്പോഴും മസ്‌തിഷ്‌കത്തിന് പരിക്കേൽക്കുമ്പോഴുമുള്ള പ്രശ്‌നങ്ങൾ കൂടി. എന്നാൽ യുവത്വ പ്രോട്ടീൻ ചെന്നപ്പോൾ ക്രമേണ ഈ പ്രശ്‌നങ്ങൾ ഒഴിഞ്ഞു. ഈ പരീക്ഷണങ്ങൾ മസ്‌തിഷ്‌കത്തിൽ പരിക്കോ മറ്റ് പ്രശ്‌നങ്ങളോ മൂലമുള്ള കുഴപ്പങ്ങൾ അകറ്റാൻ മികച്ച വഴിമരുന്നാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. എന്നാൽ എലികളിൽ മാത്രമാണ് ഈ പരീക്ഷണങ്ങൾ ഇതുവരെ നടന്നത്. മനുഷ്യരിൽ ഇതേ അളവിൽ മാറ്റമുണ്ടാകുമോ എന്നത് വ്യക്തമല്ല. ഇക്കാര്യങ്ങൾക്കായി കൂടുതൽ പരീക്ഷണങ്ങൾ ആവശ്യമാണ്.

English Summary

scientists still do not fully understand why the brain's cognitive abilities decline with age. A new study offers hope that some of these lost functions may be restored. Researchers have found that TIMP2, a protein associated with youth, may improve the functioning of the brain's immune cells

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: YOUTH PROTEIN, RESERCH, AGE RELATED DECLINE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360