
തിരുവനന്തപുരം: കേരളത്തിന്റെ നിർമ്മാണ മേഖലയടക്കമുള്ളവയുടെ നട്ടെല്ലാണ് അന്യസംസ്ഥാന തൊഴിലാളികൾ. കേരളം അവർക്ക് പണം കായ്ക്കുന്ന ഗൾഫാണ്. നാട്ടിൽ കിട്ടുന്ന തുച്ഛമായ വരുമാനം ജീവിക്കാൻ തികയില്ലെന്ന് മനസിലാക്കിയതോടെയാണ് ഭായിമാർ എന്ന് വിളിക്കുന്ന അതിഥി തൊഴിലാളികൾ കേരളത്തിലോട്ട് വണ്ടി കയറുന്നത്. എന്നാൽ അസം, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിയമസഭ തിരഞ്ഞെടുപ്പ് നടന്ന വേളയിൽ അവരിൽ ഭൂരിഭാഗവും നാടുകളിലേക്ക് മടങ്ങി.
എന്നാൽ അവിടെ പുതിയ സർക്കാർ അധികാരത്തിലേറി മാസം ഒന്നാകുമ്പോൾ കേരളത്തിൽ മടങ്ങിയെത്തിയത് പകുതിയിൽ താഴെ തൊഴിലാളികൾ മാത്രമാണ്. ഇത് നിർമ്മാണം, ഹോട്ടൽ എന്നീ മേഖലയ്ക്ക് കനത്ത തിരിച്ചടിയായി. പല ഹോട്ടലുകളും ജീവനക്കാരില്ലാത്തതോടെ അടച്ചിട്ടു. നിർമ്മാണ പ്രവർത്തനങ്ങൾ സ്തംഭിച്ച അവസ്ഥയിലുമാണ്. ഇതോടൊപ്പം അതിഥി തൊഴിലാളികൾ മടങ്ങിയെത്താത്തതോടെ കേരളത്തിലെ ലോട്ടറി മേഖലയിലും കനത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
കേരളത്തിന്റെ ഭാഗ്യക്കുറി വാങ്ങുന്നവരിൽ വലിയൊരു ശതമാനവും അതിഥി തൊഴിലാളികളാണ്. മുമ്പ് അച്ചടിച്ച ടിക്കറ്റ് പൂർണമായും വിൽപന നടത്തിയ പല ഏജൻസികളിലും ടിക്കറ്റ് ബാക്കിയാകുന്ന അവസ്ഥയാണ്. സംസ്ഥാനത്ത് നിലവിൽ അഞ്ച് ലക്ഷം മുതൽ പത്ത് ലക്ഷം ടിക്കറ്റുകൾ വരെയാണ് ബാക്കിയാകുന്നത്. വിൽപന കുറഞ്ഞത് ഈ മേഖലയിൽ ജോലി ചെയ്യുന്ന സാധാരണക്കാരെയും വലിയ തോതിൽ ബാധിച്ചു.
വരുമാനത്തിന്റെ പകുതിയും ലോട്ടറിക്ക് വേണ്ടി
പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെ തൊഴിലാളികളാണ് കേരള ലോട്ടറികൾ കൂടുതലായും വാങ്ങുന്നത്. ഒന്നാം സമ്മാനങ്ങൾ അടക്കം അതിഥി തൊഴിലാളികളെ തേടിയെത്തുന്നതും പതിവാണ്. ഒരു സമയത്ത് നാലും അഞ്ചും ലോട്ടറികൾ വരെയെടുക്കുന്ന അതിഥി തൊഴിലാളികളുണ്ട്. ഒരു ദിവസം ലഭിക്കുന്ന വരുമാനത്തിന്റെ പകുതിയും ഇവർ ലോട്ടറി വാങ്ങുന്നതിന് വേണ്ടി ചെലവാക്കും. അതായത് 1000 രൂപ കൂലി കിട്ടുന്നുണ്ടെങ്കിൽ 400 രൂപയിൽ കൂടുതൽ ചെലവാക്കി ഭാഗ്യം പരീക്ഷിക്കും. ഇവർ ഇനിയും മടങ്ങിയെത്താതിരുന്നാൽ ലോട്ടറി മേഖല കടുത്ത പ്രതിസന്ധിയിലേക്ക് കടക്കും. നിലവിൽ പത്ത് ലക്ഷം ടിക്കറ്റ് വരെ വിൽപന നടത്താത്ത സാഹചര്യമാണുള്ളത്. ഇത് തുടർന്നാൽ 15 ലക്ഷം ടിക്കറ്റ് വരെ ബാക്കിയാകുന്ന സാഹചര്യമുണ്ടാകും.

പ്രതിസന്ധി ചെറിയ കച്ചവടക്കാർക്ക്
സംസ്ഥാനത്ത് ലോട്ടറി വിൽപന നടത്തുന്നവരിൽ ഭൂരിഭാഗവും ഭിന്നശേഷിക്കാരും പ്രായമുള്ളവരുമാണ്. വിൽപന കുറഞ്ഞതോടെ സാമ്പത്തികമായി പിന്നാക്കാം നിൽക്കുന്നവരുടെ ജീവിതം വലിയ പ്രതിസന്ധിയിലേക്ക് കടക്കും. ഇവരിൽ പലരും മുൻകൂട്ടി പണം നൽകിയാണ് ടിക്കറ്റ് എജൻസികളിൽ നിന്നും വാങ്ങുക. ഇത് വിൽക്കാതെ വന്നാൽ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടും.
ഭായിമാർ മടങ്ങിയെത്താത്തതിന് പിന്നിൽ
പാചകവാതക പ്രതിസന്ധിയാണ് ഹോട്ടൽ മേഖലയിലെ ഭായിമാർ മടങ്ങിയെത്താതതിന് വലിയ കാരണം. നിർമ്മാണ തൊഴിലാളികളുടെ ക്ഷാമവും അതിന് പുറമേ പ്രാദേശികമായി ആവശ്യത്തിന് തൊഴിലാളികളെ കിട്ടാത്തതും വൻകിട വികസന പദ്ധതികളേയും ചെറുകിട, ഇടത്തരം കരാറുകാരേയും ഒരുപോലെ ബാധിച്ചിട്ടുണ്ട്. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവുമായി കരാറുകാരുടെ സംഘടനകൾ രംഗത്തെത്തിയിരുന്നു.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിളവെടുപ്പ് സീസൺ ആരംഭിച്ചതും അവിടെത്തന്നെ പുതിയ തൊഴിലവസരങ്ങൾ വർദ്ധിച്ചതും കേരളത്തിലേക്കുള്ള തൊഴിലാളികളുടെ ഒഴുക്ക് കുറച്ചു. നിലവിലുള്ള തൊഴിലാളികൾ അമിത കൂലി ആവശ്യപ്പെടുന്നത് ചെറുകിട കരാറുകാരെയും സാധാരണക്കാരായ വീടുപണിക്കാരെയും വലിയ സാമ്പത്തിക ബാദ്ധ്യതയിലാക്കുന്നു.
സർക്കാർ മാറിയതിനാൽ നാട്ടിൽ മെച്ചപ്പെട്ട തൊഴിലവസരം ലഭിക്കുമെന്ന ചിന്തയിൽ കേരളത്തിലേക്ക് ഉൾപ്പെടെ ഒരു മടക്കം വേണ്ടെന്ന് തീരുമാനിച്ചത് വലിയൊരു വിഭാഗമാണ്. കേരളത്തിലെ നിർമാണ മേഖലയുടെ നട്ടെല്ലായ ഭായിമാരെ തിരികെ എത്തിക്കാൻ ബിൽഡേഴ്സ് അസോസിയേഷൻ ട്രെയിൻ ടിക്കറ്റും വഴിച്ചെലവും നൽകിയാണ് മുന്നിട്ടിറങ്ങിയത്. കേരളത്തിലേക്ക് സ്‌പെഷ്യൽ ട്രെയിൻ എന്ന ആവശ്യം റെയിൽവേക്ക് മുന്നിൽവയ്ക്കുകയും ഒപ്പം സംസ്ഥാന സർക്കാരിന്റെ ഇടപെടൽ പ്രതീക്ഷിക്കുകയുമാണ് ബിൽഡർമാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |