SignIn
Kerala Kaumudi Online
Monday, 25 May 2026 2.31 PM IST

വർഷങ്ങളായി സാദാ ചെരിപ്പുകൾ ധരിച്ച്‌ നടക്കുന്നവരാണോ? എങ്കിൽ പണി പിറകെ വരുന്നുണ്ട് ‌

flipflops

ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് മനുഷ്യർ പാദരക്ഷകൾ ധരിച്ചുതുടങ്ങിയിരുന്നു. അക്കാലങ്ങളിൽ നിന്നുമുള്ള ശവകുടീരങ്ങളിലും ചരിത്ര സ്‌മാരകങ്ങളിലെ ചിത്രങ്ങളിലുമെല്ലാം പാദരക്ഷകൾ ധരിച്ച മനുഷ്യരുടെ ചിത്രങ്ങൾ കാണാനാകും. വിരലുകൾക്ക് പിടുത്തം നൽകുന്ന ചെരിപ്പുകൾ, തടിയിലുള്ള മെതിയടികൾ, കെട്ടുള്ള ചെരിപ്പുകൾ, ഷൂസുകൾ അങ്ങനെ പാദരക്ഷകൾ പലവിധമാണ്. ഇതിൽ മിക്കവരും എളുപ്പത്തിനുവേണ്ടി ധരിക്കുന്നവയാണ് ഫ്‌ളിപ് ഫ്ളോപ്പുകൾ അഥവാ ചെരിപ്പുകൾ. വീടുകളിലോ പരിസരങ്ങളിലോ നടക്കുമ്പോഴോ പെട്ടെന്ന് ചെരിപ്പ് ധരിക്കേണ്ട സന്ദർഭങ്ങളിലോ ആളുകൾ ചപ്പലുകൾ അഥവാ ചെരിപ്പ്‌ ധരിച്ചാണ് നടക്കുക.

ചപ്പലുകൾ ധരിക്കുന്നതിൽ പ്രശ്‌നമില്ല എന്നാൽ പതിറ്റാണ്ടുകളായി ഇവ മാത്രം ധരിക്കുന്നത് അത്ര നല്ലതല്ല എന്നാണ് ഈ മേഖലയിൽ പഠനം നടത്തിയ വിദഗ്ദ്ധർ പറയുന്നത്. ബാൾട്ടിമോറിലെ വി ട്രീറ്റ് ഫീറ്റ് പാദചികിത്സാ വിഭാഗത്തിൽ നിന്നുള്ള വിദഗ്ദ്ധനായ ഡോ. മൈകെൽ ഡാനിയൽസ് നൽകുന്ന വിവരമനുസരിച്ച് 'പെട്ടെന്നുള്ള ജോലികൾ, ബീച്ച് ദിനങ്ങൾ,വീടിനടുത്തുള്ള കാര്യങ്ങൾ എന്നിവയ്‌ക്ക് മാത്രമേ ചപ്പലുകൾ പോലുള്ള ചെരിപ്പുകൾ ധരിക്കാവൂ. അതിനപ്പുറം അവ നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാകും.' എന്നാണ്.

footware

വർഷങ്ങളോളം പ്രധാന പാദരക്ഷയായി ചെരിപ്പുകൾ ധരിക്കുന്നത് കാലിന് മാത്രമല്ല നിങ്ങളുടെ പുറം‌ ഭാഗത്തിനും അപകടമാണെന്ന് ഡോ. മൈകെൽ പറയുന്നു. കാലുകൾ പുറമേ കാണുന്നതരം പാദരക്ഷകൾ വേണമെന്നുള്ളവർ ഹീൽസ്‌ട്രാപ് സാന്റൽസ് ആണ് കൂടുതലായും ധരിക്കാറ് എന്ന് പറയുന്നു യുഎസ്‌ ഫിസിക്കൽ തെറാപ്പിയിലെ മിലിക മക്‌ഡവൽ. സാധാരണ ചെരിപ്പുകളിൽനിന്നും വ്യത്യസ്‌തമായി പിന്നിൽ കെട്ടുള്ളവയാണ് ഇവ. സ്ഥിരമായി‌ ഇത് ധരിച്ചാൽ കാലിന്‌അടിയിലുള്ള ഫ്‌ളെക്‌സർ മസിലുകൾ വേദനിക്കും. പിന്നീട് ക്ഷീണം, ഉപ്പൂറ്റിയിൽ വേദന എന്നിവയൊക്കെ ഇതുമൂലം ഉണ്ടാകും.

എന്നാൽ കണങ്കാലിലും പാദത്തിന്റെ മദ്ധ്യഭാഗത്തും ക്രമീകരിക്കാവുന്ന സ്‌ട്രാപ്പുകളുള്ള ചെരിപ്പുകൾ നല്ലതാണെന്നാണ് പാദചികിത്സാ വിദഗ്ദ്ധൻ ഡോ.എസ് ഡോൺ കിം പറയുന്നത്. ഇത് പാദം സുരക്ഷിതമാക്കുകയും കാൽവിരൽ ചെരിപ്പിൽ ബലമായിപിടിച്ച് ഗ്രിപ്പ് ചെയ്യേണ്ടതിന്റെയും ആവശ്യം കുറയ്‌ക്കും. ചെരുപ്പ് ധരിക്കാതെ ഭൂമിയിൽ ചവിട്ടി നടക്കുന്നതാണ് നല്ലതെന്ന് പറയുന്നവരുമുണ്ട്. പാദത്തിന് അടിവശത്ത് താഴെ സ്‌പർശിക്കുന്ന ഭാഗത്തുള്ള പ്ളാന്റാർ ഫാസിയയെ ചില തരം പാദരക്ഷകൾ ബാധിക്കാം. കാൽവിരലിലെ പേശികളെയും ഇത് ബുദ്ധിമുട്ടിലാക്കും.

shoe

പാദത്തിനും ശരീരത്തിനും ഈ പ്രശ്‌നങ്ങളൊന്നും വരാതെയിരിക്കാൻ മദ്ധ്യഭാഗം താങ്ങുള്ളതും ചെറിയതോതിൽ ഹീലുള്ളതുമായ പാദരക്ഷകൾ ഉപയോഗിക്കാമെന്ന് ഡോ.മൈകെൽ ഡാനിയൽസ് പറയുന്നു. അതേസമയം ചപ്പലുകൾ ഉപയോഗിച്ചാൽ അത് പലവിധ പ്രശ്‌നങ്ങൾക്ക് ഇടയായേക്കാം. പാദങ്ങൾ തുറന്നിരിക്കുന്നത് വഴിയിലെ കൂർത്തതോ മറ്റോ ആയ ഭാഗങ്ങൾ കാലിൽ കൊള്ളാൻ ഇടയാക്കും. ഗ്ളാസ്, മെറ്റൽ പോലുള്ളവയോ കല്ലോ തട്ടി പ്രശ്‌നമുണ്ടാകാം. പ്രമേഹം, രക്തം പെട്ടെന്ന് കട്ടപിടിക്കാത്ത പ്രശ്നമുള്ളവർ എന്നിവയുള്ളവർക്ക് ഇത് ഗുണകരമല്ല. ഈ പ്രശ്‌നമൊഴിവാക്കാൻ കാലിന്റ മുൻ പിൻ വശങ്ങളെ മൂടിയ ചെരിപ്പുകൾ തന്നെയാണ് നല്ലത്.

ചപ്പലുകൾ ധരിക്കാനേ പാടില്ല എന്നല്ല പാദരോഗ വിദഗ്ദ്ധരുടെ അഭിപ്രായം, പൂളുകൾ, ജിം, ബീച്ച്, ലോക്കർ റൂമുകൾ, പൊതു ടോയ്‌ലറ്റുകൾ ഇവിടങ്ങളിലെല്ലാം ഒരു പാദരക്ഷയായി ലളിതമായ ചപ്പലുകൾ ഉപയോഗിക്കാം. കാഴ്‌ചയിലെ കൗതുകവും ഭംഗിക്കും പുറമേ ധരിക്കുമ്പോൾ ഗുണം തോന്നുന്ന ചെരിപ്പുകൾ തന്നെ വാങ്ങണം എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ആയാസം കുറവുള്ള ഭാഗങ്ങളിൽ ഇവ ധരിക്കുന്നത് തന്നെയാണ് ഗുണകരം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CHAPPALS, FLIPFLOPS, SANDALS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360