
ബംഗളൂരു: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ എട്ടുനിലയിൽ പൊട്ടിച്ചാണ് കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തിയത്. മേൽവിലാസം പോലും ഉണ്ടാകില്ലെന്ന് കോൺഗ്രസുകാർ ഉൾപ്പെടെ എഴുതിത്തള്ളിയിടത്തുനിന്നാണ് കാേൺഗ്രസ് വിജയത്തിലേക്കെത്തിയത്. ശരിക്കും പൊരുതിനേടിയ വിജയമായിരുന്നു അത്.
വിജയത്തിനുപിന്നിൽ അരയും തലയും മുറുക്കി രംഗത്തുണ്ടായിരുന്നത് ഡി കെ ശിവകുമാറായിരുന്നു. അദ്ദേഹം മുഖ്യമന്ത്രിയാകുമെന്ന് ഏവരും കരുതിയെങ്കിലും കോൺഗ്രസ് ഹൈക്കമാൻഡ് സിദ്ധരാമയ്യയെ ആസ്ഥാനത്തേക്ക് കൊണ്ടുവന്നു. മദ്ധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസിന് സംഭവിച്ചത് കർണാടകയിലും ആവർത്തിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകൾ ഉൾപ്പെടെ ഉറപ്പിച്ചു. പക്ഷേ, ഒന്നുമുണ്ടായില്ല. മുഖ്യമന്ത്രിസ്ഥാനം കിട്ടാതെ മുറിവേറ്റ മനസുമായി ഡി കെ ശിവകുമാർ പാർട്ടിക്ക് കീഴ്പ്പെട്ട് നടന്നു. ഇടയ്ക്കിടെ തന്റെ നീരസം അദ്ദേഹം പറയാതെ പറയുകയും ചെയ്യുന്നുണ്ടായിരുന്നു.
ഒടുവിൽ രണ്ടാഴ്ച മുമ്പ് സിദ്ധരാമയ്യയെ മാറ്റി ഡി കെയെ മുഖ്യമന്ത്രിയായി കോൺഗ്രസ് നേതൃത്വം അവരോധിച്ചു. പ്രശ്നങ്ങൾ എല്ലാം ഒടുങ്ങുകയും തുടർഭരണം കിട്ടുന്ന നിലയിലേക്ക് കോൺഗ്രസ് പാർട്ടിയെ ഡി കെയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ നയിക്കുമെന്നും കരുതിയെങ്കിലും തുടക്കത്തിലേ പിഴയ്ക്കുന്ന കാഴ്ചയാണ് കണാൻ കഴിഞ്ഞത്.
പുതിയ മന്ത്രിസഭയിലെ അംഗമായ രാമലിംഗ റെഡ്ഡിയാണ് ആദ്യം ഉടക്കിട്ടത്. ആഗ്രഹിച്ച വകുപ്പ് കിട്ടാത്തതിൽ കലിപൂണ്ട് അദ്ദേഹം മന്ത്രിസ്ഥാനം രാജിവയ്ക്കുകയായിരുന്നു. വകുപ്പിലെ തന്റെ അഭിപ്രായ വ്യത്യാസം അദ്ദേഹം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. ഒടുവിൽ ഹൈക്കമാൻഡുൾപ്പെടെ ഏറെ പണിപ്പെട്ട് രാമലിംഗ റെഡ്ഡിയെ അനുനയിപ്പിച്ച് രാജി പിൻവലിപ്പിച്ചു. ഇതോടെ പ്രശ്നങ്ങൾ എല്ലാം ഒതുങ്ങിയെന്ന് ഏവരും കരുതി. എന്നാൽ പുറത്തുവന്നതിനെക്കാൾ പ്രശ്നങ്ങളാണ് മന്ത്രിസഭയിലും പാർട്ടിക്കുള്ളിലും ഉണ്ടായിക്കൊണ്ടിരുന്നതെന്നാണ് പുതിയ റിപ്പോർട്ടുകൾ.
ലഭിച്ച വകുപ്പുകളിൽ പലതിലും മന്ത്രിമാർ തൃപ്തരല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തങ്ങളുടെ ആശങ്കകൾ ഹൈക്കമാൻഡിന് മുന്നിൽ അവതരിപ്പിക്കാൻ മന്ത്രിമാർ ഡൽഹിയിലേക്ക് പോകാൻ ഒരുങ്ങുന്നു എന്നാണ് വിവരം. ബംഗളൂരു വികസന വകുപ്പ് കൈകാര്യംചെയ്യുന്ന കൃഷ്ണ ബൈരേ ഗൗഡയും ഇക്കൂട്ടത്തിൽ പെടുന്നു. വകുപ്പ് അനുവദിച്ചെങ്കിലും അദ്ദേഹം ഇതുവരെ ചുമതലയേറ്റെടുത്തിട്ടില്ല എന്നാണറിയുന്നത്. ബംഗളൂരു വികസന അതോറിറ്റി, ബംഗളൂരു മെട്രോപൊളിറ്റൻ മേഖല വികസന അതോറിറ്റി എന്നിവ ബംഗളൂരു വികസന വകുപ്പിന് കീഴിൽ കൊണ്ടുവരാനുള്ള സമ്മർദ്ധത്തിന്റെ ഭാഗമായാണ് അധികാരമേൽക്കാത്തതെന്നാണ് കരുതുന്നത്. ഇതിനിടെ ചില എംഎൽഎമാർ മന്ത്രിസ്ഥാനം ലഭിക്കുന്നതിനുവേണ്ടിയുള്ള ചരടുവലികളും തുടങ്ങിയിട്ടുണ്ടത്രേ. ഇവരെയൊക്കെ തൃപ്തരാക്കി എങ്ങനെ മുന്നോട്ടുപോകുമെന്നറിയാതെ കുഴങ്ങുകയാണ് പാർട്ടി നേതൃത്വം .
രാഷ്ട്രീയത്തിൽ പ്രതിസന്ധികൾ എപ്പോഴും ഉണ്ടാവും. അതെല്ലാം വിജയകരമായി തരണം ചെയ്യുന്നതാണ് ഒരു യഥാർത്ഥ രാഷ്ട്രീയക്കാരന്റെ മിടുക്കെന്നും അത് ഡി കെ തെളിയിച്ചു എന്നുമാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ കാര്യങ്ങൾ അത്ര പന്തിയല്ല. ഇക്കണക്കിനുപോയാൽ പാർട്ടിക്കുള്ളിലെ കലാപം പരിഹരിക്കുന്നതിനപ്പുറത്തേക്ക് ഭരണത്തിൽ ശ്രദ്ധിക്കാൻ ഡികെയ്ക്ക് കഴിയില്ല എന്നാണ് നിരീക്ഷകർ പറയുന്നത്. അധികം വൈകാതെ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന കോൺഗ്രസ് പാർട്ടിക്ക് ഇത് ശുഭസൂചനയല്ല. പ്രത്യേകിച്ച് ഏതുവിധേയനേയും അധികാരം തിരിച്ചുപിടിക്കാൻ ബിജെപി അവസരം പാർത്തിക്കുമ്പോൾ. ഓപ്പറേഷൻ താമര ഉൾപ്പെടെ രാഷ്ട്രീയത്തിൽ പുതിയ രീതികൾ പലതും എഴുതിച്ചേർത്ത ഇടമാണ് കർണാടകം എന്നുകൂടി ഓർക്കേണ്ടതുണ്ട്. പാർട്ടിക്കുള്ളിലെ കലഹത്തിന് പിന്നിൽ ബിജെപിയാണോ എന്ന സംശയവും ചിലർക്കുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |