SignIn
Kerala Kaumudi Online
Monday, 06 July 2026 3.00 PM IST

കോടിക്കണക്കിന് വർഷങ്ങളായി കടലിലെ പ്രധാന വേട്ടക്കാരൻ, പക്ഷെ ഇന്ന് വംശനാശത്തിലേക്ക്, കാരണം മനുഷ്യർ

fins-of-shark
സ്രാവിന്റെ ചിറക്

കോടാനുകോടി വർഷങ്ങളായി പുരോഗമിച്ച് ഉണ്ടായതാണ് ഇന്ന് നാം കാണുന്ന ഭൂമി. ആദ്യകാലത്ത് ഏകകോശ ജീവികളും ബഹുകോശജീവികളും പിന്നീട് ദിനോസറുകളും ഈ ഭൂമി ഭരിച്ചു. എന്നാൽ ഓരോ കാലത്തുമുണ്ടായിരുന്ന മിക്ക ജീവികളും വംശനാശം വന്ന് ഒടുങ്ങി. ഇക്കാലങ്ങളിലെല്ലാം ഭൂമിയിൽ താമസമുണ്ടായിരുന്ന ഒരു ജീവിവർഗം ഇപ്പോൾ വംശനാശത്തിനടുത്തെത്തിയിരിക്കുകയാണ്. കടലിലെ ഈ വമ്പന്മാരുടെ നാശത്തിന് കാരണക്കാരാകട്ടെ കരയിലിരിക്കുന്ന നമ്മൾ മനുഷ്യരും.

450 മില്യൺ വർഷങ്ങളായി സ്രാവുകൾ ഭൂമിയിലുണ്ട്. ദിനോസറുകൾക്കും മുൻപ് ഇവരുണ്ടെന്ന് അർത്ഥം. 235 മില്യൺ വ‌ർഷങ്ങൾക്ക് മുൻപാണ് ദിനോസറുകളുണ്ടായിരുന്നത്. സ്രാവുകൾ അതിനും എത്രയോ കോടി വർഷം മുൻപ് സമുദ്രങ്ങളിൽ ജീവിച്ചുതുടങ്ങി. ഇതിനർത്ഥം പണ്ടുമുതൽ ഒരുമാറ്റവും ഇവക്കുണ്ടായില്ല എന്നല്ല. ഭൂമിയിൽ ഇന്നുവരെ ഉണ്ടായ എല്ലാ വംശനാശങ്ങളിലും സ്രാവുകൾക്കും വലിയതോതിൽ നാശമുണ്ടായിട്ടുണ്ട്. എന്നാൽ അവ വംശമറ്റുപോയില്ല. 19 മില്യൺ വർഷം മുൻപ് സമുദ്രത്തിന്റെ ഏറെ അടിത്തട്ടിൽ താമസിക്കുന്ന ഓപൺ ഓഷ്യൻ സ്രാവുകളിൽ നല്ലൊരുപങ്കും ചത്തൊടുങ്ങി. ഇതിന്റെ വ്യക്തമായ കാരണം ഇന്നും വ്യക്തമല്ല. എന്നാൽ എക്കാലത്തും അവ ഒരുവിധം പ്രതികൂല കാലാവസ്ഥകളെയെല്ലാം അതിജീവിച്ചു.

എന്നാൽ പുതിയ പഠനങ്ങൾ പ്രകാരം സ്രാവുകൾക്കും ഇവയുടെ അടുത്ത ബന്ധുക്കളായ ചിമേരകൾക്കും തിരണ്ടികൾക്കും അത്ര നല്ലതാലമല്ല. 115 രാജ്യങ്ങളിലെ 350ലധികം വിദഗ്ദ്ധർ ഇക്കാര്യം പ്രത്യേകം എടുത്തുപറയുന്നു. ഇവയുടെ മൂന്നിലൊന്നും വംശനാശത്തിലേക്ക് അതിവേഗം നീങ്ങുന്നതായാണ് പഠനവിവരം. 1970വരെയുണ്ടായിരുന്നതിന്റെ നേർപകുതിയായി എണ്ണം കുറഞ്ഞെന്നാണ് സൂചന. 450 മില്യൺ വർഷങ്ങളുടെ സ്രാവിന്റെ നിലനിൽപ്പിനെ വെറും 50ലധികം വർഷം കൊണ്ട് പകുതിയായി കുറച്ചതിന് മുഖ്യ ഉത്തരവാദി മനുഷ്യനാണ്.

പ്രധാനകാരണം അമിതമായ മത്സ്യബന്ധനം

അനുവദനീയമായതിലും അധികം അളവിൽ മത്സ്യംപിടിക്കുന്നത് ഇന്ന് ഏറെ മത്സ്യങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുന്നുണ്ട്. ഒപ്പം സ്രാവുകളുടെയും. മനുഷ്യർ മനഃപൂർവമല്ലാതെ ചെയ്യുന്ന മത്സ്യബന്ധനം പോലും പല സ്രാവുകളെയും ഇല്ലാതാക്കുന്നു. നിലവിലെ സ്രാവ് വിഭാഗങ്ങളിൽ നാലിലൊന്നിനെ മാത്രമേ മനുഷ്യർ ഭക്ഷണത്തിനായി പിടികൂടുന്നുള്ളൂ. മറ്റുള്ളവ അബദ്ധത്തിൽ വലയിൽപെട്ട് മരണപ്പെടുകയാണ്. മീനുകൾക്കായി കടലിൽവിരിക്കുന്ന വലകളിൽ ഇവ കുടുങ്ങിപ്പോകുന്നു. ചിലപ്പോൾ വല ശരീരത്തിൽ കുടുങ്ങി ബുദ്ധിമുട്ടിയും ഇവക്ക് ജീവൻ നഷ്‌ടമാകുന്നു.

great-white-shark
വെള്ള സ്രാവ്

ശരീരഭാഗങ്ങളുടെ വിൽപനയ്‌ക്കായും കൊല

സ്രാവുകളെ ഭക്ഷണത്തിനായി ഉപയോഗിച്ചില്ലെങ്കിലും അവയുടെ ശരീരഭാഗങ്ങൾക്കായി കൊലപ്പെടുത്തുന്ന പ്രവണത ഉണ്ട്. സ്രാവുകളുടെ ചിറകുകൾ (ഷാ‌ർക് ഫിൻസ്) കിട്ടുന്നതിന് വേണ്ടി അവയെ കൊല്ലാറുണ്ട്. ഇവ അന്താരാഷ്‌ട്ര മാർക്കറ്റിൽ ഏറെ വിലയുള്ളതാണ്. ചിലപ്പോൾ മനുഷ്യർ വലിയ ബോട്ടുകളിൽ പോയി ഇവയുടെ ചിറകുകൾ മാത്രം മുറിച്ചെടുത്ത് കൊണ്ടുവരാറുമുണ്ട്. ഇതെല്ലാം സ്രാവുകൾക്ക് ഏറെ ദോഷമാണ്. ഇതിനുപുറമേ മനുഷ്യർ കടലിൽ നടത്തുന്ന പല പ്രവർത്തനങ്ങളും ഇവയുടെ ആവാസവ്യവസ്ഥ നശിക്കുന്നതിനും കാരണമാകും ക്രമേണ ഇവ ഇല്ലാതെയുമാകും.

basking-shark
പിടിയിലായ ബാസ്‌കിംഗ് സ്രാവ്

എന്തുകൊണ്ട് സ്രാവുകൾക്ക് വംശനാശമുണ്ടാകും?

അഞ്ഞൂറിലധികം തരം സ്രാവുകൾ ലോകത്തുണ്ട് എന്നാണ് കണക്ക്. എന്നിട്ടും ഇവയ്‌ക്ക് മനുഷ്യർ കാരണം എങ്ങനെ വംശനാശം ഉണ്ടാകും എന്നുചോദിക്കുന്നവരുണ്ട്. സ്രാവുകൾക്ക് പ്രായപൂർത്തിയാകുന്നതും കുഞ്ഞുങ്ങൾ ജനിക്കുന്നതുമായ കാലത്തിലെ പ്രത്യേകതകളാണ് ഇതിന് കാരണം. ഉദാഹരണത്തിന് സ്രാവുകളിൽ ഏറ്റവും വലുതാണ് തിമിംഗലസ്രാവുകൾ അഥവാ പുള്ളിസ്രാവുകൾ. ഇവയ്‌ക്ക് പ്രായപൂർത്തിയാകാൻ 25 മുതൽ 30 വയസ്‌വരെ പ്രായമാകണം. അതേസമയം കടലിന് ഏറ്റവുമടിയിൽ കാണുന്ന പൂച്ചസ്രാവ് (cat shark) ഇനത്തിൽപെട്ടവയ്‌ക്ക് അഞ്ച് മുതൽ 10 വയസുവരെ മതി.

സ്‌പൈനി ഡോഗ് ഫിഷ് എന്ന സ്രാവിനത്തിന് 15 മുതൽ 20 വയസുവരെയെത്തിയാലേ പ്രായപൂർത്തിയാകൂ. ആർട്ടിക് പ്രദേശത്ത് കാണുന്ന ഗ്രീൻലാൻഡ് സ്രാവുകൾ ലോകത്തിൽ ഏറ്റവും അധികംകാലം ജീവിക്കുന്നവയാണ്. 400 വർഷത്തിലധികമാണ് ഇവ ജീവിക്കാറ്. അതിനാൽ തന്നെ പെൺ ഗ്രീൻലാൻഡ് സ്രാവുകൾക്ക് പ്രായപൂർത്തിയാകാൻ 150 വയസുവരെയാകണം.

പ്രായപൂർത്തിയാകുന്നത് മാത്രമല്ല പല സ്രാവിനങ്ങളും ഒരുകുഞ്ഞ് മാത്രം ഉണ്ടാകുന്നവയാണ്. മൂന്നോ നാലോ വർഷത്തിനിടയിലാണ് ഇവയ്‌ക്ക് കുഞ്ഞുണ്ടാകുന്നത്. ഇവയുടെ അടുത്ത ബന്ധുക്കളായ തിരണ്ടികൾക്കും ഇതേ പ്രശ്‌നമുണ്ട് മാന്റ റേ,​ സ്‌പോട്ടഡ് ഈഗിൾ റേ തുടങ്ങി തിരണ്ടികൾക്കെല്ലാം 12 മുതൽ 13 മാസംവരെയാണ് ഗൾഭകാലം. ഇവയ്‌ക്ക് മിക്കപ്പോഴും ഒരുകുഞ്ഞ് മാത്രമേ ജനിക്കൂ. രണ്ട് കുട്ടികൾ അത്യപൂർവമാണ്. ചുരുക്കിപറഞ്ഞാൽ മനുഷ്യർ ആഹാരത്തിനും വിനോദത്തിനുമായി ഇവയെ കൊന്നൊടുക്കുന്ന അത്രവേഗത്തിൽ സ്രാവുകൾക്ക് അവയുടെ വംശത്തെ തുടർന്ന് നിലനിർത്താൻ സാധിക്കില്ല. ഇത് ക്രമേണ അവയുടെ വംശനാശത്തിന് വേഗംകൂട്ടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 450 MILLION YEARS, EXTINCTION, SPECIES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360