SignIn
Kerala Kaumudi Online
Monday, 20 July 2026 10.48 PM IST

ചങ്കിടിച്ച് ഗോളാരവം

fifa

ന്യൂയോർക്ക്: കാൽപ്പന്തുകളിയുടെ കലാശപ്പൂരത്തിന്റെ ആദ്യ വിസിലിന് സാക്ഷിയാകാൻ ലോകം ന്യൂയോർക്കിലെ ന്യൂജഴ്സി സ്റ്റേഡിയത്തിലേക്കൊഴുകുന്നു. ഫൈനലിസ്റ്റുകളായ അർജന്റീനയുടെയും സ്‌പെയ്‌നിന്റെയും കുപ്പായം ധരിച്ച ആരാധകർ കൊട്ടും പാട്ടും ആർപ്പുവിളിയും ആരവങ്ങളുമായി ഇന്നലെ മുതൽ ന്യൂയോർക്ക് കീഴടക്കി.

ഇന്ത്യൻ സമയം രാത്രി 12.30നായിരുന്നു കിക്കോഫ്. കിക്കോഫിന് മുന്നേ നിലവിലെ ചാമ്പ്യന്മാരും 2010ലെ ചാമ്പ്യന്മാരും തമ്മിലുള്ള ഫൈനൽ ചരിത്രത്തിൽ ഇടം പിടിച്ചു. യൂറോകപ്പിലെയും കോപ്പാ അമേരിക്കയിലെയും ചാമ്പ്യന്മാർ ആദ്യമായി മുഖാമുഖം വന്നതിനൊപ്പം ഫിഫ റാങ്കിംഗിലെ ഒന്നും രണ്ടും സ്ഥാനക്കാർ തമ്മിലുള്ള ആദ്യ ലോകകപ്പ് ഫൈനലുമാണ് ന്യൂജേഴ്സിയിൽ അരങ്ങേറിയത്. അർജന്റീനയാണ് ഒന്നാം റാങ്കുകാർ. സ്‌പെയ്നാണ് രണ്ടാമത്. അർജന്റീനയുടെ ഏഴാമത്തെ ലോകകപ്പ് ഫൈനലായിരുന്നു ഇത്. ഇതോടെ ഇക്കാര്യത്തിൽ ബ്രസീലിനൊപ്പമെത്തി അർജന്റീന. എട്ട് ഫൈനൽ കളിച്ച ജർമ്മനിയാണ് മുന്നിൽ. 1986നും 1990നും ശേഷം തുടർച്ചയായ ലോകകപ്പുകളിൽ അർജന്റീന ഫൈനലിലെത്തിയതും ആദ്യമായാണ്. മൂന്ന് തവണ ലോക കിരീടത്തിൽ മുത്തമിട്ടവരാണ് അർജന്റീനക്കാർ. സ്‌പെയ്ൻ 2010ന് ശേഷം ആദ്യമായാണ് ഫൈനലിലെത്തിയത്. ചരിത്രത്തിലാദ്യമായി ഫൈനലിലെത്തിയപ്പോൾ കിരീടം നേടിയവരാണ് സ്പാനിഷ് പടയാളികൾ.

 വിട പറയുകയാണോ !

മത്സരത്തിന് മുന്നേ അർജന്റീന ടീമിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ലയണൽ മെസി സോഷ്യൽ മീഡിയയിൽ വികാരഭരിതമായ കുറിപ്പിട്ടിരുന്നു. ഇതോടെ താരം ലോകകപ്പ് കഴിഞ്ഞാൽ വിരമിക്കുമെന്ന വാർത്ത പരന്നു. 'സഹതാരങ്ങൾക്കും, ടെക്നിക്കൽ ജീവനക്കാർക്കും, അർജന്റീന ടീമിനെ ഒരു കുടുംബമായി നിലനിറുത്താൻ എല്ലാ ദിവസവും പ്രവർത്തിക്കുന്ന എല്ലാവർക്കും നന്ദി. ഫൈനലിൽ എന്ത് സംഭവിച്ചാലും, ഈ സംഘം ഇതിനോടകം ആർക്കും മായ്ക്കാനാവാത്ത ചരിത്രം രചിച്ചുകഴിഞ്ഞു. വാമോസ് അർജന്റീന !'' എന്നായിരുന്നു കുറിപ്പ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIFA WORLDCUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360