ന്യൂഡൽഹി: സാധാരണക്കാർക്കുള്ള ട്രെയിൻ യാത്ര കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അമൃത് ഭാരത് എക്‌സ്‌പ്രസിൽ മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേ. ഈ സാമ്പത്തിക വർഷം സർവീസ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന അമൃത് ഭാരത് 3.0 എക്സ്പ്രസിൽ എയർ കണ്ടീഷൻഡ് കോച്ചുകൾ ഉൾപ്പെടുത്താനാണ് റെയിൽവേയുടെ തീരുമാനം. നിലവിൽ ജനറൽ, സ്ലീപ്പർ ക്ലാസ് കോച്ചുകളുള്ള നോൺ എസി ദീർഘദൂര ട്രെയിനാണ് അമൃത് ഭാരത് എക്സ്പ്രസ്.
2023ൽ അവതരിപ്പിച്ച അമൃത് ഭാരത് എക്സ്പ്രസിന്റെ 60ലധികം ട്രെയിനുകൾ നിലവിൽ രാജ്യത്തുടനീളം സർവീസ് നടത്തുന്നുണ്ട്. സ്ലീപ്പർ ക്ലാസ് യാത്രയ്ക്ക് 1,000 കിലോമീറ്ററിന് ഏകദേശം 500 രൂപയാണ് നിരക്ക്. സാധാരണക്കാർക്ക് താങ്ങാനാകുന്ന നിരക്കിൽ യാത്ര ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇന്ത്യൻ റെയിൽവേയുടെ കണക്കുകൾ പ്രകാരം അമൃത് ഭാരത് ട്രെയിനുകളിലെ സ്ലീപ്പർ ക്ലാസിൽ ശരാശരി സീറ്റ് ബുക്കിംഗ് 100 ശതമാനത്തിന് മുകളിലാണ്.
അമൃത് ഭാരത് എക്സ്പ്രസിന്റെ സവിശേഷതകൾ
അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ഇരുവശത്തും ഓരോ ലോക്കോമോട്ടീവുണ്ട്. പുഷ്പുൾ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ട്രെയിനിൽ വേഗത്തിലുള്ള ത്വരണവും വേഗം കുറയ്ക്കാനുള്ള സംവിധാനവുമുണ്ട്. മണിക്കൂറിൽ 130 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കുന്നതിനാൽ യാത്രാസമയം കുറയ്ക്കാനും സാധിക്കും.
സാധാരണക്കാർ, തൊഴിലാളികൾ, കുടിയേറ്റക്കാർ എന്നിവരുടെ യാത്ര മുൻനിർത്തിയാണ് അമൃത് ഭാരത് എക്‌സ്‌പ്രസ് സർവീസ് നടത്തുന്നത്. ഉത്സവകാലത്തെ തിരക്ക് പരിഗണിച്ച് ആധുനികമായ യാത്രാസൗകര്യങ്ങൾ ഒരുക്കുകയാണ് ലക്ഷ്യം. 50 അമൃത് ഭാരത് 2.0 ട്രെയിനുകൾ നിർമിക്കാനുള്ള ഓർഡർ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിക്ക് (ഐ.സി.എഫ്.) ലഭിച്ചിട്ടുണ്ട്. ഇതിൽ 32 ട്രെയിനുകൾ ഇതിനകം പുറത്തിറക്കി. ഈ വർഷം 18 ട്രെയിനുകൾ കൂടി പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കപൂർത്തലയിലെ റെയിൽ കോച്ച് ഫാക്ടറിയും (ആർ.സി.എഫ്.) 50 റേക്കുകൾ നിർമിക്കുന്നുണ്ട്.
അമൃത് ഭാരത് എക്സ്പ്രസ് 3.0
അമൃത് ഭാരത് എക്‌സ്‌പ്രസ് ട്രെയിനുകളിൽ ഉൾപ്പെടുത്തുന്നതിനായി ഇന്ത്യൻ റെയിൽവേ എ.സി. കോച്ചുകൾ നിർമിച്ചുവരികയാണ്. യാത്രക്കാർക്ക് മികച്ച യാത്രാനുഭവം നൽകുന്നതിനായി എയർ കണ്ടീഷൻഡ് അമൃത് ഭാരത് കോച്ചുകളിൽ വന്ദേ ഭാരത് സ്ലീപ്പർ, രാജധാനി എക്‌സ്‌പ്രസ് ട്രെയിനുകളിലെ ചില സൗകര്യങ്ങൾ ഉൾപ്പെടുത്തുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.
ദീർഘദൂര യാത്രയ്ക്കായി എ.സി. ഫസ്റ്റ് ക്ലാസ്, എ.സി. 2ടയർ, എ.സി. 3ടയർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലുള്ള കോച്ചുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. എ.സി. കോച്ചുകൾ ഉൾപ്പെടുന്ന അമൃത് ഭാരത് 3.0 ട്രെയിനുകൾക്കായി ആകെ 14 റേക്കുകൾക്ക് ഓർഡർ നൽകിയിട്ടുണ്ട്. ജനറൽ ക്ലാസ് യാത്രക്കാർക്ക് മെച്ചപ്പെട്ട യാത്രാനുഭവം നൽകുന്നതിനൊപ്പം യാത്രാനിരക്ക് താങ്ങാനാകുന്ന നിലയിൽ നിലനിർത്തുകയാണ് അമൃത് ഭാരത് എക്‌സ്‌പ്രസിന്റെ ലക്ഷ്യം.
Indian Railways is planning to introduce **Amrit Bharat Express 3.0** with AC coaches, offering passengers improved amenities inspired by Vande Bharat Sleeper and Rajdhani Express trains. More than 60 Amrit Bharat trains are currently operating across India, with sleeper-class occupancy exceeding 100%.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |