SignIn
Kerala Kaumudi Online
Wednesday, 28 October 2026 1.48 AM IST

ഉമ്മയുടെ സ്വർണം പണയംവച്ച് ഇന്ത്യയ്ക്കായി കളിച്ച മൈസ

sports

കോഴിക്കോട്: ചൈനയിൽ നടന്ന അണ്ടർ 15 ഏഷ്യകപ്പ് സോഫ്ട്ബാൾ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കാൻ മൈസ ഫാത്തിമ പോയപ്പോൾ ഉമ്മ ജാസ്മിന്റെ സ്വർണം ബാങ്കിൽ പണയത്തിലായി. മൈസയുടെ കൂട്ടുകാരി ആൻ റബേക്കയ്ക്കും ആ യാത്രയ്ക്ക് കടം വാങ്ങേണ്ടിവന്നു. നാല് ലക്ഷം വീതമാണ് ഇരുവർക്കും ചെലവായത്. കടം വാങ്ങിയാലും മക്കൾ ഇന്ത്യ അറിയുന്ന കായികതാരങ്ങളായി മാറണമെന്ന മാതാപിതാക്കളുടെ ആഗ്രഹമാണ് ഇരുവരെയും മുന്നോട്ടുനയിക്കുന്നത്. ഒളിമ്പിക്സിൽ പങ്കെടുക്കണമെന്നാണ് മൈസയുടേയും ആനിന്റേയും ആഗ്രഹം. ഇന്നലെ ജൂനിയർ സോഫ്റ്റ്ബാളിൽ വെള്ളി നേടിയ തൃശൂർ ടീമിലെ അംഗങ്ങളാണ് മൈസയും ആനും.
ആളൂർ സ്വദേശിയായ മൈസ ഫാത്തിമ എൽ. ഐ.ജി.എച്ച്.എസ് ചൂണ്ടലിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്. ദേശീയതലത്തിൽ മൂന്നുതവണ മത്സരിച്ചിട്ടുണ്ട്. മത്സരങ്ങളിൽ പങ്കെടുക്കുമ്പോഴും ചെലവുകൾ കണ്ടെത്തുക വലിയ വെല്ലുവിളിയാണ്. മകളുടെ കായികസ്വപ്നത്തിന് ഉപ്പ ആബിത്തും ഒപ്പംനിന്നു. ആൻ റബേക്ക ഇതേ സ്കൂളിൽ പത്താം ക്ലാസിലാണ് പഠിക്കുന്നത്. സംസ്ഥാന സബ് ജൂനിയർ വിഭാഗത്തിൽ രണ്ട് സ്വർണവും ജൂനിയർ ബേസ്‌ബാളിൽ സ്വർണവും നേടിയിട്ടുണ്ട്. ഇരുവരും ഒരുമിച്ചാണ് കഴിഞ്ഞ കഴിഞ്ഞ ദിവസം ചൈനയിൽ നടന്ന ഏട്ടാമത് അണ്ടർ 15 സോഫ്റ്റ്‌ ബോൾ ഏഷ്യ കപ്പ് (വേൾഡ് കപ്പ് ക്വാളിഫയർ ) മത്സരത്തിലും പങ്കെടുത്തത്. ഈ യാത്രയ്ക്കുള്ള ചെലവും സ്വന്തം നിലയിലാണ് കണ്ടെത്തിയത്. അച്ഛൻ ജോഫി ജോസഫ് ദുബായിലാണ്. അമ്മ ജിസി ജോഫി. മാരിയൻസ് അക്കാദമിയിലാണ് ഇരുവരും പരിശീലനം നടത്തുന്നത്. ദിവസവും ഒരു മണിക്കൂർ യാത്രചെയ്താണ് പരിശീലനത്തിനെത്തുന്നത്.

അന്താരാഷ്ട്ര മത്സരങ്ങളിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന കായികതാരങ്ങൾക്ക് സഹായം നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാനത്തിലാണ് പ്രതീക്ഷ. ഓരോ മത്സരത്തിനും വലിയ തുക കണ്ടെത്തേണ്ടിവരുന്നതിനാൽ സ്പോൺസർമാരെ കണ്ടെത്താനുള്ള ശ്രമവും നടത്തുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360