SignIn
Kerala Kaumudi Online
Monday, 21 September 2026 12.54 AM IST

ചൗധരി ചരൺ സിംഗ്, പി വി നരസിംഹ റാവു, എം എസ് സ്വാമിനാഥൻ; മൂന്ന് പേർക്ക് കൂടി ഭാരതരത്ന

READ ENGLISH VERSION

ms-swaminathan

ന്യൂഡൽഹി: മൂന്ന് പേർക്ക് കൂടി ഭാരതരത്ന. മുൻപ്രധാനമന്ത്രിമാരായ ചൗധരി ചരൺ സിംഗ്, പി വി നരസിംഹ റാവു, പ്രമുഖ കാർഷിക ശാസ്ത്രജ്ഞൻ എം സ് സ്വാമിനാഥൻ എന്നിവർക്കാണ് ഭാരതരത്ന. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എക്സിലൂടെയാണ് പുരസ്കാര വിവരം അറിയിച്ചത്.


മൂന്ന് പേരുടെയും സംഭാവനകൾ എടുത്തുപറഞ്ഞാണ് പ്രധാനമന്ത്രി പുരസ്‌കാരം പ്രഖ്യാപിച്ചത്. അടുത്തിടെ എൽ കെ അദ്ധ്വാനിക്കും ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂറിനും ഭാരതരത്ന ലഭിച്ചിരുന്നു.

പണ്ഡിതനും രാഷ്ട്രതന്ത്രജ്ഞനുമായ നരസിംഹ റാവു ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, പാർലമെന്റ്, നിയമസഭാംഗം എന്നീ ചുമതലകളും വഹിച്ചിരുന്നു. അദ്ദേഹത്തിന്റെ ദീർഘവീക്ഷണമുള്ള നേതൃത്വം ഇന്ത്യയെ സാമ്പത്തികമായി മുന്നേറുന്നതിൽ നിർണായക പങ്കുവഹിച്ചുവെന്നും രാജ്യത്തിന്റെ അഭിവൃദ്ധിക്കും വളർച്ചയ്ക്കും ശക്തമായ അടിത്തറ പാകിയെന്നും മോദി എക്സിൽ കുറിച്ചു.

'ചൗധരി ചരൺ സിംഗിന് ഭാരതരത്ന നൽകി ആദരിക്കുന്നത് നമ്മുടെ സർക്കാരിന്റെ ഭാഗ്യമാണ്. രാജ്യത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഈ ബഹുമതി. കർഷകരുടെ അവകാശങ്ങൾക്കും ക്ഷേമത്തിനുമായി അദ്ദേഹം തന്റെ ജീവിതം സമർപ്പിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രിയായും എന്തിനേറെ എംഎൽഎ എന്ന നിലയിലും അദ്ദേഹം രാഷ്ട്രനിർമ്മാണത്തിന് എന്നും ഊർജം പകർന്നു. അടിയന്തരാവസ്ഥയ്‌ക്കെതിരെയും അദ്ദേഹം ഉറച്ചുനിന്നു. നമ്മുടെ കർഷക സഹോദരീസഹോദരന്മാരോടുള്ള അദ്ദേഹത്തിന്റെ സമർപ്പണവും അടിയന്തരാവസ്ഥയിൽ ജനാധിപത്യത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയും മുഴുവൻ രാജ്യത്തിനും പ്രചോദനമാണ്, 'പ്രധാനമന്ത്രി പ്രത്യേക പോസ്റ്റിൽ കുറിച്ചു.

എംജിആറിന് ശേഷം ഭാരതരത്ന നേടുന്ന മലയാളിയാണ് എം എസ് സ്വാമിനാഥൻ. ഇന്ത്യൻ കാർഷിക വിപ്ളവത്തിന്റെ പിതാവായ എം എസ് സ്വാമിനാഥൻ കഴിഞ്ഞ സെപ്തംബറിലാണ് അന്തരിച്ചത്.1925 ഓഗസ്റ്റ് 7-ന് തമിഴ്‌നാട്ടിലെ കുംഭകോണത്തായിരുന്നു എം എസ് സ്വാമിനാഥന്റെ ജനനം. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ പുളിങ്കുന്ന് മങ്കൊമ്പ് എന്ന സ്ഥലത്താണ്‌ ഇദ്ദേഹത്തിന്റെ തറവാട്.

തിരുവനന്തപുരത്തെ മഹാരാജാസ് കോളേജിൽ ( ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജ്) നിന്ന് ജന്തുശാസ്ത്രത്തിൽ ബിരുദം നേടിയ എം എസ് സ്വാമിനാഥൻ ജനറ്റിക്ക് ആൻഡ് പ്ളാന്റ് ബ്രീഡിംഗിൽ തുടർപഠനം നടത്തിയതോടെയാണ് ലോകത്തെ അറിയപ്പെടുന്ന കാർഷിക ശാസ്ത്രജ്ഞനായി വളർന്നത്. ഇന്ത്യയെ കാർഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച പ്രതിഭയെ രാജ്യം പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്. ഇതിനൊപ്പം രമൺ മാഗ്‌സസെ അവാർഡ്, പ്രഥമ ലോക ഭക്ഷ്യ സമ്മാനം, ബോർലോഗ് അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.84 ഓണററി ഡോക്ടറേറ്റുകളും ഇതിൽ ഉൾപ്പെടുന്നു.

രാജ്യത്തിന്റെ പരിസ്ഥിതിക്ക് ഇണങ്ങുന്ന അത്യുൽപാദനശേഷിയുള്ള വിത്തിനങ്ങൾ വികസിപ്പിച്ചെടുക്കുകയും അവയ്ക്ക് കർഷകർക്കിടയിൽ വ്യാപകകമായ പ്രചാരണം നൽകുകയും ചെയ്തു. ഹരിത വിപ്ളത്തിലേക്കുള്ള പ്രധാന ചുവടുവയ്പ്പായിരുന്നു ഇത്. വിദേശത്തെ പഠനത്തിനുശേഷം 1954-ന്റെ തുടക്കത്തിൽ അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തി. തുടർന്ന് 1954 ഒക്ടോബറിൽ ന്യൂഡൽഹിയിലെ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് സൈറ്റോജെനെറ്റിസ്റ്റായി ചേർന്നു.

1972 മുതൽ 79 വരെ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ഡയറക്ടർ ജനറലായിരുന്ന അദ്ദേഹം ഇന്ത്യൻ കാർഷിക മന്ത്രാലയത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി, രാജ്യാന്തര നെല്ലുഗവേഷണ കേന്ദ്രത്തിൽ ഡയറക്ടർ ജനറൽ, ദേശീയ കർഷക കമ്മിഷൻ ചെയർമാൻ തുടങ്ങി സുപ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്. 1943ൽ ബംഗാളിലുണ്ടായ കടുത്ത ഭക്ഷ്യ ക്ഷാമമാണ് രാജ്യത്തെ വിശപ്പ് രഹിതമാക്കാനുളള പ്രവർത്തനങ്ങൾക്കായി ജീവിതം അർപ്പിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. പുരസ്‌കാര നേട്ടത്തിൽ അഭിമാനമുണ്ടെന്ന് മകൾ സൗമ്യ പ്രതികരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360