
ന്യൂഡൽഹി: 2,000 രൂപയ്ക്ക് മുകളിലുള്ള തിരഞ്ഞെടുത്ത യു.പി.ഐ വ്യാപാര ഇടപാടുകൾക്ക് 0.4 ശതമാനം മെർച്ചൻഡ് ഡിസ്‌കൗണ്ട് റേറ്റ് (എം.ഡി.ആർ) ഏർപ്പെടുത്തന്നതിൽ ഡൽഹിയിലടക്കം വ്യാപാരികളുടെ പ്രതിഷേധം. ഒക്ടോബർ 15 മുതൽ യു.പി.ഐ സ്വീകരിക്കില്ലെന്ന മുന്നറിയിപ്പ് ബോർഡുകൾ കടകൾക്ക് മുന്നിൽ പതിച്ചാണിത്. ഗാസിയാബാദിലെ വിജയ് നഗർ, പ്രതാപ് വിഹാർ, ക്രോസിങ്സ് റിപ്പബ്ലിക് തുടങ്ങിയ മേഖലകളിലും കൊണാട്ട് പ്ലേസ് അടക്കമുള്ള പ്രധാന കച്ചവട കേന്ദ്രങ്ങളിലുമാണ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.
2,000 രൂപയ്ക്ക് മുകളിലുള്ള തിരഞ്ഞെടുത്ത വ്യക്തിയിൽനിന്ന് വ്യാപാരിയിലേക്കുള്ള യു.പി.ഐ ഇടപാടുകൾക്കാണ് 0.4 ശതമാനം നിരക്ക് ബാധകമാകുന്നത്. ഇടപാടിന് പരമാവധി 300 രൂപയായിരിക്കും നിരക്ക്. ഉപഭോക്താവിൽ നിന്ന് നേരിട്ട് ഈടാക്കുന്നതല്ല; വ്യാപാരിയാണ് നൽകേണ്ടത്. എന്നാൽ ലാഭവിഹിതം കുറവായ വ്യാപാരികൾക്ക് അധിക ചെലവ് താങ്ങാനാകില്ല.
അതേസമയം 2,000 രൂപ വരെയുള്ള വ്യാപാരി ഇടപാടുകൾക്കും വ്യക്തികൾ തമ്മിലുള്ള യു.പി.ഐ ഇടപാടുകൾക്കും നിരക്ക് ബാധകമല്ലെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. വ്യാപാരി ഇടപാടുകളിൽ ഏകദേശം 96 ശതമാനവും പുതിയ നിരക്കിൽ നിന്ന് ഒഴിവാകും. റെയിൽവേ, ടെലികോം, ഇൻഷുറൻസ്, ഇന്ധനം തുടങ്ങിയ ചില വിഭാഗങ്ങളിൽ 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടിന് 5 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |