ന്യൂഡൽഹി: ഡൽഹി ഡിവിഷനിലുടനീളം നിരവധി ട്രെയിനുകൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും സമയക്രമം മാറ്റുകയും ചെയ്തതായി വടക്കൻ റെയിൽവേ. സെപ്തംബർ 11 മുതൽ 13 വരെയുള്ള കാലയളവിലേക്കാണ് മാറ്റം. ഡൽഹിയിൽ നടക്കുന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയോടനുബന്ധിച്ചാണ് ക്രമീകരണമെന്നാണ് റിപ്പോർട്ട്. സെപ്തംബർ 12, 13 തീയതികളിലാണ് ഉച്ചകോടി നടക്കുന്നത്. രാജധാനി, തേജസ് രാജധാനി സർവീസുകളെയും പുതിയ ക്രമീകരണങ്ങൾ ബാധിക്കും.
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടി ഡൽഹി ഭാരത് മണ്ഡപത്തിൽ നാളെയും മറ്റന്നാളുമായാണ് നടക്കുന്നത്. ലോകനേതാക്കൾ പങ്കെടുക്കുന്നതിനാൽ ശക്തമായ സുരക്ഷാ വലയത്തിലാണ് തലസ്ഥാന നഗരി.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ്, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, യു.എ.ഇ കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ്, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ, ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് തുടങ്ങിയവർ ഉച്ചകോടിയുടെ ഭാഗമാകും.
എന്നാൽ പ്രവർത്തനപരമായ കാരണങ്ങളാലാണ് മാറ്റങ്ങളെന്നാണ് വടക്കൻ റെയിൽവേ കഴിഞ്ഞദിവസം പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കിയത്. ഉച്ചകോടി സംബന്ധിച്ച് കുറിപ്പിൽ പരാമർശമില്ല.
യാത്രക്കാർ ചെയ്യേണ്ടത് എന്ത്?
ട്രെയിനുകളുടെ മാറ്റങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം (എൻടിഇഎസ്) പരിശോധിക്കുകയോ 139 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യണമെന്ന് വടക്കൻ റെയിൽവേ അറിയിച്ചു.
Northern Railway has cancelled, diverted, and rescheduled several trains in the Delhi division from September 11–13. The changes will also affect Rajdhani and Tejas Rajdhani services. While the BRICS Summit is being held in Delhi on September 12–13 amid heightened security, Northern Railway officially attributed the changes to operational reasons.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |