ശ്രീനഗർ: ക്ലാസ്‌മുറിയിൽ കിടന്നുറങ്ങിയ വിദ്യാർത്ഥിയെ ശ്രദ്ധിക്കാതെ സ്‌കൂൾ അടച്ചുപൂട്ടി സ്ഥലംവിട്ട് ജീവനക്കാർ. ജമ്മു കാശ്‌മീരിലെ റാംബൻ ജില്ലയിലാണ് സംഭവമുണ്ടായത്. 15 ദിവസത്തെ വേനലവധിക്കായി സ്‌കൂൾ അടച്ചിട്ടപ്പോഴാണ് വിദ്യാർത്ഥി ക്ലാസ് മുറിയിൽ അകപ്പെട്ടത്. രാത്രി സ്‌കൂളിൽനിന്നും കുട്ടിയുടെ കരച്ചിൽകേട്ടെത്തിയ വഴിയാത്രക്കാരന്റെ ഇടപെടലാണ് രക്ഷയായത്. സംഭവം പുറത്തറിഞ്ഞതിനുപിന്നാലെ സ്‌കൂളിലെ മുഴുവൻ ജീവനക്കാരെയും ചീഫ് എഡ്യുക്കേഷൻ ഓഫീസർ സസ്‌പെൻഡ് ചെയ്‌തു.
ബനിഹാൾ മേഖലയിലെ ക്രാവാ ഗവൺമെന്റ് മിഡിൽ സ്‌കൂളിലാണ് സംഭവമുണ്ടായത്. ഉറക്കം തെളിഞ്ഞതോടെ ക്ലാസിൽ അകപ്പെട്ടുപോയെന്ന് മനസിലായ കുട്ടി നിലവിളിക്കാൻ തുടങ്ങി. രാത്രി എട്ടരയോടെ സ്‌കൂളിന് സമീപത്തുകൂടി നടന്നുപോയ വഴിയാത്രക്കാരൻ ഇതുകേട്ട് കുട്ടിക്കരികിലേക്ക് ഓടിയെത്തുകയായിരുന്നു. ക്സാസ്‌മുറി തുറന്ന് കുട്ടിയെ രക്ഷപ്പെടുത്തിയതിനൊപ്പം സംഭവത്തിന്റെ ദൃശ്യങ്ങൾ അയാൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്‌തു. ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടത്.
വിദ്യാർത്ഥികളുടെ സുരക്ഷയും മേൽനോട്ടവും ഉറപ്പാക്കേണ്ട ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് സംഭവത്തിന് കാരണമായതെന്ന് ചീഫ് എഡ്യുക്കേഷൻ ഓഫീസർ ചൂണ്ടിക്കാട്ടി. ഇത് കുട്ടിയുടെ ജീവനും സുരക്ഷയ്‌ക്കും ഭീഷണിയാകാൻ സാദ്ധ്യതയുണ്ടായിരുന്നെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു. ബനിഹാൾ ഗേൾസ് ഹയർസെക്കന്ററി സ്‌കൂൾ പ്രിൻസിപ്പലാണ് സമിതി അദ്ധ്യക്ഷ. ബനിഹാൾ സോണൽ എഡ്യുക്കേഷൻ ഓഫീസറും ബാങ്കൂട്ട് ഹൈസ്‌കൂൾ ഹെഡ്‌മാസ്റ്ററും സമിതി അംഗങ്ങളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |