
ചെന്നൈ: തമിഴ് നടൻ ധനുഷ് രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്നുവെന്ന് പ്രചാരണം. ആരാധകരുടെ ഒത്തൊരുമ ജനസേവനത്തിനായി വിനിയോഗിക്കണമെന്ന് താരം ആവശ്യപ്പെട്ടതോടെയാണിത്. ഞായറാഴ്ച തന്റെ ആരാധക കൂട്ടായ്മ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ സംസാരിക്കവെയാണ് ധനുഷിന്റെ ആഹ്വാനം.
'ഇത്രയധികം ആളുകൾ ഒരുമിച്ച് ഒത്തുകൂടിയിരിക്കുന്നു. ഈ ഒരുമയ്ക്ക് വലിയൊരു ശക്തിയുണ്ട്. ആ ശക്തിക്ക് കൃത്യമായ ലക്ഷ്യം നൽകണം. ഓഡിയോ ലോഞ്ചുകൾക്കും ഒത്തുചേരലുകൾക്കും അപ്പുറം,കൂടുതൽ ജനക്ഷേമ പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടതുണ്ട്. നിങ്ങളുടെ പ്രദേശത്തെ ജനങ്ങളുടെയും ചുറ്റുമുള്ള കുടുംബങ്ങളുടെയും ആവശ്യങ്ങൾ എന്താണെന്ന് മനസിലാക്കി അവരെ സഹായിക്കുക. കഴിയുന്ന രീതിയിലുള്ള സഹായങ്ങൾ അവർക്കായി ചെയ്യുക. നിങ്ങളെക്കുറിച്ച് എനിക്ക് കൂടുതൽ അഭിമാനം തോന്നണം' -ധനുഷ് പറഞ്ഞു.
പ്രസംഗത്തിന്റെ വിഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ,വിജയ്ക്ക് പിന്നാലെ ധനുഷും രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുകയാണെന്ന തരത്തിൽ ആരാധകർക്കിടയിൽ ചർച്ചയാവുകയായിരുന്നു. ആരാധക സംഘടനയിലൂടെയാണ് വിജയ് സമൂഹ്യപ്രവർത്തനത്തിലേക്ക് കടന്നതും പിന്നീട് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതും. അതേ മാതൃകയാണ് ധനുഷ് സ്വീകരിക്കുന്നത് എന്നാണ് വ്യാഖ്യാനം. ഇപ്പോൾ 42 വയസുള്ള ധനുഷിന് സാമൂഹ്യ പ്രവർത്തനത്തിലൂടെ രാഷ്ട്രീയത്തിലെത്താനുള്ള സമയമുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |