SignIn
Kerala Kaumudi Online
Saturday, 22 August 2026 1.01 PM IST

ഓർഡർ ചെയ്തത് പത്ത് ഇഞ്ചിന്റെ പിസ, ലഭിച്ചത് ഏഴിന്റേത്; ഉപഭോക്താവിന് 10,520 രൂപ നഷ്ടപരിഹാരം നൽകാനുത്തരവ്

pizza
പ്രതീകാത്മക ചിത്രം

ഡെറാഡൂൺ: പരസ്യത്തിൽ കാണിച്ചിരുന്ന ഭക്ഷണം നൽകാത്തതിന് ഉപഭോക്താവിന് പതിനായിരം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. പരസ്യത്തിൽ പത്ത് ഇഞ്ചുള്ള പിസയാണ് കാണിച്ചതെന്നും ലഭിച്ചത് ഏഴിഞ്ചിന്റെയാണെന്നും കാട്ടി ഉപഭോക്താവ് നൽകിയ പരാതിയിൽ ഉത്തരാഖണ്ഡ് ഉപഭോക്തൃ കമ്മിഷന്റേതാണ് നടപടി. ഫുഡ് ഡെലിവറി പ്ളാറ്റ്‌ഫോമും റെസ്റ്റോറന്റും ചേർന്ന് 10,520 രൂപ നഷ്ടപരിഹാരം നൽകാനാണ് ഉത്തരവ്.

സേവനത്തിലെ പോരായ്മയും അന്യായമായ വ്യാപാര രീതിയും ചൂണ്ടിക്കാട്ടിയാണ് കമ്മിഷന്റെ നടപടി. ഉത്തരവ് പുറപ്പെടുവിച്ച് 45 ദിവസത്തിനകം നഷ്ടപരിഹാരം നൽകാനാണ് നിർദേശിച്ചിരിക്കുന്നത്. 505 രൂപ പിസയുടെ വിലയും 15 രൂപ ഡെലിവറി ചാർജും മാനസിക, ശാരീരിക പീഡനത്തിനുള്ള നഷ്ടപരിഹാരമായി 5000 രൂപയും വ്യവഹാര ചെലവിനായി 5000 രൂപയും ചേർന്നതാണ് പിഴത്തുകയെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പിലൂടെയാണ് പരാതിക്കാരൻ 505 രൂപയ്ക്ക് പത്ത് ഇഞ്ച് വലിപ്പമുള്ള പിസ ഓർഡർ ചെയ്തത്. എന്നാൽ ഏഴ് ഇഞ്ചുള്ളതാണ് ലഭിച്ചതെന്ന് ഇയാൾ പറയുന്നു. തുടർന്ന് ആപ്പിൽ റീഫണ്ടിനായി അപേക്ഷിച്ചെങ്കിലും നിരസിക്കപ്പെട്ടു. തുടർന്ന് പരാതിക്കാരൻ നാഷണൽ കൺസ്യൂമർ ഹെൽപ്‌ലൈനിനെ സമീപിക്കുകയും ലീഗൾ നോട്ടീസ് അയയ്ക്കുകയും ചെയ്തു. ഇതിനെത്തുടർന്നും റീഫണ്ട് ലഭിക്കാതായതോടെ കൺസ്യൂമർ ഫോറത്തെ സമീപിക്കുകയായിരുന്നു.

എന്നാൽ റെസ്റ്റോറന്റുകൾക്കും ഉപഭോക്താക്കൾക്കും ഇടയിലുള്ള ഒരു ഇന്റർഫേസായി പ്രവർത്തിക്കുന്ന മൂന്നാം കക്ഷി മാത്രമാണ് തങ്ങളെന്നായിരുന്നു ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമിന്റെ വാദം. പ്ലാറ്റ്‌ഫോമിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഭക്ഷണത്തിന്റെ നിർമ്മാതാവോ, ഓർഡർ തയ്യാറാക്കുന്നയാളോ, പാക്കേജറോ അല്ലെങ്കിൽ വിൽപ്പനക്കാരനോ തങ്ങളല്ലെന്ന് പ്ലാറ്റ്‌ഫോം വാദിച്ചു.

എന്നാൽ ഉപഭോക്താവിന് ഡെലിവറി ചെയ്ത പിസ അയാൾ ഓർഡർ ചെയ്തതുമായി പൊരുത്തപ്പെടാത്തതിനാൽ സേവനത്തിലെ പോരായ്മയ്ക്ക് എതിർ കക്ഷികളാണ് ഉത്തരവാദികളെന്ന് വിലയിരുത്തിയ കമ്മിഷൻ, നഷ്ടപരിഹാരം നൽകാനായി ഉത്തരവിടുകയായിരുന്നു.

English Summary

The Uttarakhand Consumer Commission ordered a food delivery platform and restaurant to pay ₹10,520 in compensation to a customer. The customer received a 7-inch pizza instead of the advertised 10-inch one. The commission cited service deficiency and unfair trade practices, instructing payment within 45 days for the discrepancy and distress.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WRONG PIZZA ORDER, PIZZA COMPENSATION, CONSUMER FORUM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360