
ജയ്‌പൂർ: മുതിർന്ന കോൺഗ്രസ് നേതാവും രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ടിന്റെ പ്രസ്താവന വീണ്ടും വിവാദത്തിൽ. രാജ്യത്ത് ബിജെപി വർഗീയ ധ്രുവീകരണം നടത്തുകയാണെന്നും ഇന്ദിരാഗാന്ധി ജീവിച്ചിരുന്നിരുന്നെങ്കിൽ ബിജെപിയെ നിരോധിക്കുമായിരുന്നു എന്നുമായിരുന്നു ഗെലോട്ടിന്റെ വിവാദ പരാമർശം. സംഭവം വിവാദമായതിന് പിന്നാലെ ഗെലോട്ടിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി രംഗത്തെത്തി.
ജയ്പൂരിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് ഗെലോട്ടിന്റെ പരാമർശം. തന്റെ 50 വർഷത്തെ പൊതുജീവിതത്തിൽ ഇത്രയും അപകടകരമായ ഒരു അന്തരീക്ഷം രാജ്യം നേരിടുന്നത് കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഭരണത്തിലിരിക്കുന്നവർ ബോധപൂർവം മതപരമായ ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. പൂർണ്ണമായും ഒരു ഹിന്ദുത്വ പാർട്ടി മാത്രമാണെന്ന് കാണിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഗെലോട്ട് കുറ്റപ്പെടുത്തി.
ഭരണഘടന എല്ലാ മതങ്ങൾക്കും തുല്യ അവകാശങ്ങൾ നൽകുന്നുവെന്നും മതത്തെ ഒരു രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇന്ന് അധികാരത്തിലിരുന്നെങ്കിൽ അത്തരമൊരു പാർട്ടിയെ നിരോധിക്കുമായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം, ഗെലോട്ടിന്റെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി രംഗത്തെത്തി. കോൺഗ്രസ് നിരന്തരം ഹിന്ദു വികാരം വ്രണപ്പെടുത്തുകയും മുസ്ലിം പ്രീണനം നടത്തുകയുമാണെന്നും ബിജെപി ആരോപിച്ചു. കോൺഗ്രസിന് ഹിന്ദുക്കളോടും ഹിന്ദുത്വത്തോടുമുള്ള വെറുപ്പാണ് ഗെലോട്ടിന്റെ പ്രസ്താവനയിലൂടെ പുറത്തുവരുന്നതെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല കുറ്റപ്പെടുത്തി. ഹിന്ദുത്വം എന്നത് ഒരു ജീവിതരീതിയാണെന്നാണ് സുപ്രീം കോടതി തന്നെ നിരീക്ഷിച്ചിട്ടുള്ളത്. അങ്ങനെയിരിക്കെ ഇന്ദിരാഗാന്ധി എന്തിനാണ് അത് നിരോധിക്കുന്നതെന്നും പൂനാവാല ചോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |