
മധുര: സ്വാധീനശക്തിയുള്ള കേരളത്തിലടക്കം പാർട്ടിയുടെ അടിത്തറ ശോഷിക്കുന്നുവെന്നും ബി.ജെ.പിയുടെ വളർച്ച തടയുന്നതിന് ഫലപ്രദമായ നടപടികൾ കൈക്കൊള്ളാൻ കഴിഞ്ഞില്ലെന്നുമുള്ള സ്വയം വിലയിരുത്തലടക്കം ചൂടേറിയ ചർച്ചകൾക്ക് ഇന്ന് മധുരയിൽ ആരംഭിക്കുന്ന സി.പി.എമ്മിന്റെ 24-ാം പാർട്ടി കോൺഗ്രസ് വേദിയാകും. മധുര തമുക്കം മൈതാനത്തെ (സീതാറാം യെച്ചൂരി നഗർ ) വേദിയിൽ രാവിലെ 10ന് പി.ബി കോ ഓർഡിനേറ്റർ പ്രകാശ് കാരാട്ട് പാർട്ടി കോൺഗ്രസ് ഉദ്ഘാടനം ചെയ്യും.
നേതാക്കളുടെ അധികാരമോഹം വിനയായെന്നും സാധാരണ ജനങ്ങളിൽ നിന്ന് നേതാക്കൾ അകന്നുവെന്നും ഉൾപ്പെടെ രാഷ്‌ട്രീയമായും പ്രത്യയശാസ്‌ത്രപരമായും പാർട്ടി നേരിടുന്ന ദൗർബല്യങ്ങൾ കരട് അവലോകന റിപ്പോർട്ടിൽ പ്രതിപാദിച്ചിരുന്നു. കേരളത്തിൽ അധികാരം നിലനിറുത്താനും മറ്റിടങ്ങളിൽ ജനകീയ അടിത്തറ വീണ്ടെടുക്കാനും ലക്ഷ്യമിട്ടുള്ള പുതിയ നയരൂപീകരണ ചർച്ചകൾ ആറുവരെ നീളുന്ന സമ്മേളനത്തെ സജീവമാക്കും. പുതിയ ജനറൽ സെക്രട്ടറിയെ പ്രഖ്യാപിച്ചുകൊണ്ടാകും പാർട്ടി കോൺഗ്രസിനു കൊടിയിറങ്ങുക.
പുതിയ കാലത്തിനനുസൃതമായി പാർട്ടിയെ പുതുക്കിപ്പണിയാനുള്ള രാഷ്‌ട്രീയലൈനും അടവു നയങ്ങളും ചർച്ച ചെയ്യും. കേരളത്തിൽ ബംഗാളും ത്രിപുരയും ആവർത്തിക്കാതിരിക്കാൻ അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം ബി.ജെ.പിയെയും മുഖ്യ എതിരാളിയായി കണ്ടുള്ള തന്ത്രങ്ങളും രൂപപ്പെടുത്തണം
കോൺഗ്രസിനെ ഭരണത്തിൽ നിന്ന് മാറ്റി നിറുത്താനുള്ള ബി.ജെ.പിയുടെ പ്രഖ്യാപിത ലക്ഷ്യം തങ്ങൾക്ക് എങ്ങനെ അനുകൂലമാക്കി മാറ്റാമെന്ന അടവുനയവും ആലോചിക്കും. മൂന്നു പതിറ്റാണ്ട് ഭരിച്ച ബംഗാളിലും ത്രിപുരയിലും അധികാരത്തിൽ നിന്ന് പുറത്തായത് ജനകീയ അടിത്തറയിൽ വിള്ളൽ വീണതുകൊണ്ടാണെന്ന വസ്‌തുതയും പാർട്ടി തിരിച്ചറിയുന്നു. ഇവിടങ്ങളിൽ ബി.ജെ.പി വളർന്നത് സി.പി.എമ്മിന്റെ തളർച്ച മുതലാക്കിയായിരുന്നു എന്നാണ് വിലയിരുത്തൽ.
പുതുമുഖങ്ങൾ വരും
പുതിയ ജനറൽ സെക്രട്ടറിയെ പാർട്ടി കോൺഗ്രസ് തിരഞ്ഞെടുക്കും. കേരളത്തിൽ നിന്നുള്ള മുതിർന്ന പി.ബി അംഗം എം.എ.ബേബിക്കാണ് മുൻഗണന. ആന്ധ്രയിൽ നിന്നുള്ള ബി.വി. രാഘവുലു, മഹാരാഷ്‌ട്രയിൽ നിന്നുള്ള അശോക് ധാവളെ എന്നിവരും പരിഗണനയിലുണ്ട്.
75 വയസ് പ്രായപരിധിയുടെ ഭാഗമായി പി.ബിയിൽ നിന്ന് ആറും കേന്ദ്രകമ്മിറ്റിയിൽ നിന്ന് 15ഉം നേതാക്കൾ മാറി പുതുമുഖങ്ങൾ വരും. മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയന് ഇളവു നൽകുന്നതും തീരുമാനിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |