
ഭോപ്പാൽ: അങ്കണവാടിയിൽ വിതരണം ചെയ്ത പോഷകാഹാര പാക്കറ്റിനുള്ളിൽ ചത്ത പാമ്പിൻ കുഞ്ഞിനെ കണ്ടെത്തി. മദ്ധ്യപ്രദേശിലെ പാണ്ഡുർണ ജില്ലയിൽ ശനിയാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം. കാർഘട്ട് കാംതി ഗ്രാമത്തിലെ ഒരു ഗർഭിണിയായ യുവതിയ്ക്ക് ലഭിച്ച നാല് പോഷകാഹാര പാക്കറ്റുകളിൽ ഒന്നിൽ നിന്നാണ് ചത്ത പാമ്പിൻ കുഞ്ഞിനെ ലഭിച്ചത്.
മൂന്ന് പാക്കറ്റുകൾ ഉപയോഗിച്ച ശേഷം നാലാമത്തെ പാക്കറ്റ് തുറന്നപ്പോഴാണ് അതിനുള്ളിൽ പാമ്പിനെ കണ്ടത്. സംഭവം പുറത്തറിഞ്ഞതോടെ ഗ്രാമത്തിൽ വലിയ രീതിയിലുള്ള ഭീതിയും പ്രതിഷേധവും ഉയർന്നു. രോഷാകുലരായ നാട്ടുകാർ അങ്കണവാടിയ്ക്ക് മുന്നിൽ പ്രതിഷേധവുമായി രംഗത്തെത്തി. അങ്കണവാടികൾ വഴി കുട്ടികൾക്ക് നൽകുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തെയും സുരക്ഷയെയും കുറിച്ച് നാട്ടുകാർ ചോദ്യങ്ങൾ ഉയർത്തി. തുടർന്ന് സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ അനുയോജ്യമായ നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകിയാണ് ഇവരെ ശാന്തരാക്കിയത്.
ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ഈ പാക്കറ്റ് സീൽ ചെയ്തു. ഒപ്പം മറ്റു ഗുണഭോക്താക്കൾക്ക് വിതരണം ചെയ്ത പാക്കറ്റുകളും അധികൃതർ സുരക്ഷ മുൻനിർത്തി തിരികെവാങ്ങി. ഇവയെല്ലാം പരിശോധനയ്ക്കായി ഭോപ്പാലിലെ ഭക്ഷ്യ പരിശോധനാ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് ചുമതലയിൽ വീഴ്ച വരുത്തിയതിന് ചൈൽഡ് ഡെവലപ്‌മെന്റ് പ്രൊജക്ട് ഓഫീസർ, സൂപ്പർവൈസർ, അങ്കണവാടി ജീവനക്കാരി എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. സംഭവത്തിൽ പാണ്ഡുർണ ജില്ലാ ആക്ടിംഗ് കളക്ടർ അഗ്രിം കുമാർ അഞ്ചംഗ സമിതിയെ നിയോഗിച്ച് അടിയന്തര അന്വേഷണത്തിനും ഉത്തരവിട്ടു.
മദ്ധ്യപ്രദേശിലെ മണ്ട്‌ല ജില്ലയിലുള്ള ഒരു വനിതാ സഹകരണ ഗ്രൂപ്പാണ് ഈ ഭക്ഷ്യ പാക്കറ്റുകൾ വിതരണം ചെയ്തതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. ഈ സ്ഥാപനത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ കളക്ടർ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ ജില്ലയിലെ എല്ലാ അങ്കണവാടികളിലും വിതരണം ചെയ്യുന്ന പോഷകാഹാരങ്ങൾ പരിശോധിച്ച് ഭക്ഷ്യയോഗ്യമാണെന്ന് ഉറപ്പുവരുത്താനും നിർദേശം ൻൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |