ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് ഇന്ത്യാ സഖ്യം നടത്തിയ പ്രതിഷേധത്തിനിടെ ഡൽഹിയിൽ സംഘർഷം. മാർച്ചിനിടെ പ്രതിഷേധിച്ച കേരളത്തിൽ നിന്നുള്ള നാല് രാജ്യസഭാംഗങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എ.എ. റഹീം, ജോൺ ബ്രിട്ടാസ്, പി. സന്തോഷ് കുമാർ, വി. ശിവദാസൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പ്രതിഷേധത്തിൽ പങ്കെടുത്ത എംപിമാരെ ബലപ്രയോഗത്തിലൂടെ നീക്കിയെന്നും റോഡിലൂടെ വലിച്ചിഴച്ച് പൊലീസ് വാഹനത്തിൽ കയറ്റിയെന്നും പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു.
കസ്റ്റഡിയിലെടുത്ത ശേഷം പൊലീസ് വാഹനത്തിനുള്ളിലും തങ്ങൾക്ക് നേരെ മർദനമുണ്ടായതായി എ.എ. റഹീം ആരോപിച്ചു. ലാത്തിയെയും കാക്കിയെയും കാട്ടി തങ്ങളെ ഭയപ്പെടുത്താമെന്നത് കേന്ദ്രസർക്കാരിന്റെ തെറ്റിദ്ധാരണയാണ്. രാജ്യത്ത് ജനാധിപത്യം പുലരുന്നത് വരെ പോരാട്ടം തുടരുമെന്നും അദ്ദേഹം ഫേസ്ബുക്ക് വീഡിയോയിലൂടെ പ്രതികരിച്ചു. ഒപ്പമുണ്ടായിരുന്ന വനിതാ പ്രവർത്തകയെ ക്രൂരമായി മർദിച്ചു. ഞങ്ങൾ ഇടപ്പെട്ടാണ് അത് നിർത്തിച്ചത്. എത്ര ആക്രമിച്ചാലും ചോര ചീന്തിയാലും പ്രതിഷേധത്തിൽ നിന്ന് ഒരു ഇഞ്ച് പോലും പിറകോട്ട് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മർദനമേറ്റതായി ആരോപണമുയർന്ന എ.എ. റഹീമിന് അടിയന്തര വൈദ്യസഹായം നൽകണമെന്ന് ജോൺ ബ്രിട്ടാസ് എംപി പൊലീസിനോട് ആവശ്യപ്പെട്ടു. സംഭവത്തിൽ കൂടുതൽ നിയമനടപടികൾ സ്വീകരിക്കുന്നതിനും കേന്ദ്രസർക്കാരിനും ബന്ധപ്പെട്ട അധികൃതർക്കും പരാതി നൽകുന്നതിനും ഇന്ത്യാ സഖ്യം തീരുമാനിച്ചതായാണ് വിവരം. പ്രതിഷേധത്തിനിടെ എംപിമാരെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ ഡൽഹി പൊലീസിന്റെയും കേന്ദ്രസുരക്ഷാ വിഭാഗത്തിന്റെയും വിശദീകരണം പുറത്തുവന്നിട്ടില്ല.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ സഖ്യത്തിന്റെ പ്രതഷേധം. വോട്ടർപട്ടികയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. കോൺഗ്രസ് നേതൃത്വത്തിൽ ആരംഭിച്ച പ്രതിഷേധ മാർച്ച് ആകാശവാണി ഭവന് സമീപത്തെത്തിയതോടെയാണ് സ്ഥിതിഗതികൾ വഷളായതെന്നാണ് വിവരം. തുടർന്ന് ഇന്ത്യാ സഖ്യം നേതാക്കൾ സത്യാഗ്രഹം നടത്താനുള്ള ശ്രമത്തിനിടെയാണ് പൊലീസ് ഇടപെട്ടത്. രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ അവിടെ രാത്രിയിലും കുത്തിയിരിപ്പ് സമരം തുടരുകയാണ്.
Four Kerala Rajya Sabha MPs — A.A. Rahim, John Brittas, P. Santhosh Kumar and V. Sivadasan — were detained by Delhi Police during an INDIA bloc protest march demanding the resignation of Chief Election Commissioner Gyanesh Kumar.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |