SignIn
Kerala Kaumudi Online
Wednesday, 28 October 2026 1.28 AM IST

ഭീകരതയെ അപലപിച്ച് ബ്രിക്‌സ് പാർലമെന്ററി ഫോറം; യുഎൻ സുരക്ഷാ കൗൺസിൽ പരിഷ്‌കരിക്കണം

d

ന്യൂ‌‌ഡൽഹി: ഭീകരതയെ അപലപിച്ചും യു.എൻ സുരക്ഷാ കൗൺസിലിൽ ഘടനാപരമായ പരിഷ്‌കരണം ആവശ്യപ്പെട്ടും 12-ാമത് ബ്രിക്‌സ് പാർലമെന്ററി ഫോറത്തിൽ സംയുക്ത പ്രസ്‌താവന. പഴയ പാ‌ർലമെന്റ് മന്ദിരത്തിലെ (സംവിധാൻ സദൻ) സെൻട്രൽ ഹാളിൽ രണ്ടുദിവസമായി സംഘടിപ്പിച്ച ഫോറം ഇന്നലെ സമാപിച്ചു. അതിർത്തി കടന്നുള്ള ഭീകരത, ഭീകരർക്ക് ധനസഹായം നൽകുന്നത്, താവളങ്ങൾ ഒരുക്കുന്നത് എന്നിവയെ അപലപിച്ചു. സമാധാനം സഹകരണം എന്നിവയ്‌ക്കായി കരുത്തുറ്റ ശബ്‌ദമായി മാറാൻ ലോകമെമ്പാടുമുള്ള പാർലമെന്റുകളോട് ആഹ്വാനം ചെയ്‌തു.

ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ യു.എസ്, യു.കെ, റഷ്യ, ഫ്രാൻസ്, ചൈന എന്നീ രാജ്യങ്ങൾക്കാണ് സ്ഥിരാംഗത്വമുള്ളത്. 1945ൽ രൂപീകൃതമായ ശേഷം ഈ ഘടനയിൽ മാറ്റമുണ്ടായിട്ടില്ല. കഴിഞ്ഞ സെപ്‌തംബറിൽ ഡൽഹിയിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക തുടങ്ങിയ മേഖലകളിലെ വികസ്വര രാജ്യങ്ങൾ ഉൾപ്പെടുന്ന 'ഗ്ലോബൽ സൗത്തിന് " ആഗോള ഭരണനിർവഹണത്തിൽ കൂടുതൽ പ്രാതിനിദ്ധ്യം ലഭിക്കണമെന്നും സംയുക്ത പ്രസ്‌താവനയിൽ പറയുന്നു. 11 ബ്രിക്‌സ് രാജ്യങ്ങളിലെയും 10 പങ്കാളിത്ത രാജ്യങ്ങളിലെയും പാർലമെന്റ് അദ്ധ്യക്ഷന്മാരും പാർലമെന്റ് അംഗങ്ങളും ഉൾപ്പെടെയാണ് ഫോറത്തിൽ പങ്കെടുത്തത്.

സംവാദം ആവശ്യം

ആഗോള വെല്ലുവിളികൾ പരിഹരിക്കാൻ സംഘർഷങ്ങളല്ല,​ സംവാദങ്ങളാണ് ആവശ്യമെന്ന് സമാപന പ്രസംഗത്തിൽ ലോക്‌സഭാ സ്‌പീക്കർ ഓം ബിർള പറഞ്ഞു. മാനവരാശിയുടെ ക്ഷേമം,സമാധാനം,സമൃദ്ധി എന്നിവയോടുള്ള പ്രതിബദ്ധതയാണ് ബ്രിക്‌സ് കൂട്ടായ്‌മയുടെ യഥാർത്ഥ ശക്തി. ഇന്ത്യ യുദ്ധത്തിലൂടെയല്ല, സംവാദത്തിലൂടെയാണ് ശാശ്വത പരിഹാരങ്ങൾ കണ്ടെത്തുന്നത്. പാർലമെന്റുകൾ കേവലം നിയമനിർമ്മാണ സഭകൾ മാത്രമല്ല. സംവാദം, സമവായം,പൊതുജന വിശ്വാസം എന്നിവയുടെ നിർണായക കേന്ദ്രങ്ങളാണ്. നിർമ്മിത ബുദ്ധിയും ഡിജിറ്റൽ സാങ്കേതികവിദ്യയും പാർലമെന്ററി പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താനും പൗരന്മാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കാനും സഹായിക്കുമെന്നും ഓം ബിർള വ്യക്തമാക്കി. അടുത്ത പാർലമെന്ററി ഫോറം നിശ്ചയിച്ചിരിക്കുന്ന ചൈനയ്‌ക്ക് അദ്ധ്യക്ഷ സ്ഥാനം കൈമാറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BRICS, LATESTNEWS, PARLIAMENTARY FORUM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360