SignIn
Kerala Kaumudi Online
Saturday, 06 June 2026 2.06 PM IST

ഡൽഹി ഹോട്ടൽ ദുരന്തം; പാചകക്കാരൻ അറസ്റ്റിൽ, സംഭവിച്ചത് ഗുരുതര അശ്രദ്ധ

keshav-negi

ന്യൂഡൽഹി: ഇരുപത്തൊന്നു പേരുടെ മരണത്തിനിടയാക്കിയ ഡൽഹിയിലെ ഹോട്ടൽ തീപിടുത്തവുമായി ബന്ധപ്പെട്ട് പ്രധാന പാചകക്കാരൻ അറസ്റ്റിൽ. ഹൗസ് റാണി പ്രദേശത്തെ ഫ്ലൊറിഷ് സ്റ്റേയ്സ് ബെഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ് ഹോട്ടലിലെ പാചകക്കാരനായ കേശവ് നേഗിയാണ് അറസ്റ്റിലായത്.

ഇയാളുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര അശ്രദ്ധയാണ് ദുരന്തത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവവുമായ ബന്ധപ്പെട്ട് ഹോട്ടലിലെ മറ്റ് ചില ജീവനക്കാരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. മാളവ്യ നഗർ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ പ്രകാരം വെറും ആറ് മുറികൾ പ്രവർത്തിപ്പിക്കാൻ മാത്രം അനുമതിയുള്ള കെട്ടിടത്തിലാണ് നിയമവിരുദ്ധമായി 28 മുറികൾ പ്രവർത്തിച്ചത്. വായുസഞ്ചാരത്തിനുള്ള സൗകര്യങ്ങളോ കൃത്യമായ അഗ്നിശമന സംവിധാനങ്ങളോ ഇവിടെ ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് രാജ്യതലസ്ഥാനത്തെ നടുക്കിയ ദുരന്തമുണ്ടായത്. ഒരു 16 വയസുകാരിയും കിർഗിസ്ഥാൻ, നൈജീരിയ, ബംഗ്ലാദേശ്, ഇറാഖ്, കോംഗോ, മൊസാംബിക്, ലൈബീരിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള നിരവധി വിദേശികളുമടക്കം 21 പേരാണ് തീപിടുത്തത്തിൽ മരിച്ചത്. മരിച്ചവരിൽ ഭൂരിഭാഗവും സമീപത്തുള്ള മാക്സ് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയ വിദേശികളായിരുന്നു. പൊള്ളലേറ്റതിനേക്കാൾ അമിതമായി പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് കൂടുതൽ പേരും മരണപ്പെട്ടതെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ഹോട്ടൽ ഉടമ ലോകേഷ് ബജാജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മനഃപൂർവ്വമല്ലാത്ത നരഹത്യ ഉൾപ്പെടെ ഗുരുതരമായ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം, ഹോട്ടൽ ഉടമയുടെ അടുത്ത സഹായിയും അക്കൗണ്ടന്റുമായ ജയ് മിശ്ര സംഭവത്തിന് ശേഷം ഒളിവിലാണ്. ഹോട്ടലിന്റെ നടത്തിപ്പിൽ ഇയാൾക്ക് വലിയ പങ്കുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ഇയാളെ കണ്ടെത്തുന്നതിനായി ബീഹാർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് പൊലീസ് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, DELHI, HOTEL FIRE, COOK ARRESTED, MALVIYA NAGAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360