SignIn
Kerala Kaumudi Online
Sunday, 07 June 2026 3.47 PM IST

1,470 കിലോ മീറ്റർ എത്താൻ ആറ് മണിക്കൂ‌‌‌ർ മാത്രം; ഒരു ലക്ഷം കോടിയുടെ റെയിൽ പദ്ധതി; ബുള്ളറ്റ് ട്രെയിൻ പാത പ്രഖ്യാപിച്ച് കേന്ദ്രം

bullet-train-

കൊൽക്കത്ത: ഗതാഗത ശൃംഖലയെ മാറ്റിമറിക്കാൻ വികസന പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പ്രവേശന കവാടമായ സിലിഗുരിയെ രാജ്യ തലസ്ഥാനമായ ഡൽഹിയുമായി ബന്ധിപ്പിക്കുന്ന പുതിയ ബുള്ളറ്റ് ട്രെയിൻ കോറിഡോർ ആണ് പദ്ധതികളിലെ പ്രധാന ആകർഷണം. അതിവേഗ റെയിൽ പാതയ്ക്ക് പുറമെ കൊൽക്കത്ത മെട്രോയുടെ നവീകരണവും വൻതോതിലുള്ള സാമ്പത്തിക നിക്ഷേപങ്ങളും ഉൾപ്പെടുന്നതാണ് പ്രഖ്യാപനം.

bullet-train

അതിവേഗ പാത യാഥാർത്ഥ്യമാകുന്നതോടെ ഡൽഹിക്കും വടക്കൻ ബംഗാളിനുമിടയിലുള്ള യാത്രാസമയം ഇപ്പോഴുള്ള 20 മണിക്കൂറിൽ നിന്നും ആറ് മണിക്കൂറായി കുറയുമെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി.

ഒരു ലക്ഷം കോടിയുടെ മെഗാ പാക്കേജ്

പശ്ചിമ ബംഗാളിനായി ഒരു ലക്ഷം കോടി രൂപയിലധികമുള്ള റെയിൽവെ പദ്ധതികളാണ് കേന്ദ്ര സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്. ബംഗാളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റെയിൽവെ നിക്ഷേപങ്ങളിലൊന്നാണിത്. പുതിയ പാക്കേജിന്റെ ഭാഗമായി താഴെ പറയുന്ന വികസന പ്രവർത്തനങ്ങളായിരിക്കും നടപ്പിലാക്കുക.

  • നിലവിലുള്ള റെയിൽവെ ലൈനുകളുടെ നവീകരണം.
  • നഗരങ്ങളെയും അടുത്തുള്ള ചെറിയ ടൗണുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന സർവീസുകൾ വർദ്ധിപ്പിക്കുക.
  • അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി പ്രകാരം റെയിൽവെ സ്റ്റേഷനുകളുടെ വികസനം.
kolkata-metro

കൊൽക്കത്ത മെട്രോ റെയിലിന്റെ സമഗ്രമായ നവീകരണമാണ് പദ്ധതിയിലെ മറ്റൊരു സവിശേഷത. അടുത്ത നാല് മുതൽ അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 60 മെട്രോ ട്രെയിനുകൾ കൊൽക്കത്തയിൽ അവതരിപ്പിക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. പ്രതിപക്ഷം ഭരണത്തിലിരുന്ന 42 വർഷം കൊണ്ട് വെറും 28 കിലോമീറ്റർ മെട്രോയാണ് പൂർത്തിയായതെന്നും എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കൊൽക്കത്തയിൽ 45 കിലോമീറ്റർ മെട്രോ ലൈനുകൾ നിർമ്മിക്കാൻ സാധിച്ചുവെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാണിച്ചു.


മുംബയ്-അഹമ്മദാബാദ് കോറിഡോറിന് അപ്പുറത്തേക്ക് രാജ്യത്തെ അതിവേഗ റെയിൽ ശൃംഖല വ്യാപിപ്പിക്കാനുള്ള കേന്ദ്ര നീക്കങ്ങളുടെ ഭാഗമായാണ് ബംഗാളിലെ പുതിയ പദ്ധതി. മുൻ യുപിഎ സർക്കാരിന്റെ കാലത്ത് പശ്ചിമ ബംഗാളിനുള്ള റെയിൽവെ ബഡ്‌ജറ്റ് 4,000 കോടി രൂപ മാത്രമായിരുന്നെങ്കിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാലത്ത് 14,205 കോടി രൂപയായി കേന്ദ്രം ഉയർത്തിയതായും മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, INDIAN RAILWAY, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360