SignIn
Kerala Kaumudi Online
Wednesday, 23 September 2026 11.30 AM IST

ഛത്തീസ്‌ഗഡിൽ വൻ മാവോയിസ്റ്റ് വേട്ട; 30 പേരെ വധിച്ചു, കൊല്ലപ്പെട്ടവരിൽ തലയ്ക്ക് ഒരുകോടി വിലയിട്ട നേതാവും

READ ENGLISH VERSION
basavraj

റായ്‌പൂർ: ഛത്തീസ്‌ഗഡിലെ ഏറ്റുമുട്ടലിൽ സുരക്ഷാസേന വധിച്ച മാവോയിസ്റ്റുകളുടെ എണ്ണം 30 ആയി ഉയർന്നു. കൊല്ലപ്പെട്ടവരിൽ തലയ്ക്ക് ഒരുകോടി വിലയിട്ട മാവോയിസ്റ്റ് ഉന്നത നേതാവും ഉൾപ്പെടുന്നു. മാവോയിസ്റ്റ് നേതാവായ ബസവരാജ് എന്ന നമ്പാല കേശവ് റാവുവാണ് കൊല്ലപ്പെട്ടത്. നിരോധിക്കപ്പെട്ട സംഘടനയായ കമ്മ്യൂണിസ്റ്റ് പാ‌ർട്ടി ഒഫ് ഇന്ത്യയുടെ (മാവോയിസ്റ്റ്) ജനറൽ സെക്രട്ടറിയായിരുന്നു ബസവരാജ്. 1970കൾ മുതലുള്ള മാവോയിസ്റ്റ് പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്നു ബസവരാജ്. രാജ്യത്തുടനീളമുള്ള സുരക്ഷാ ഏജൻസികൾ ഇയാൾക്കായുള്ള തെരച്ചിലിലായിരുന്നു.

ഛത്തീസ്‌ഗഡിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 26 മാവോയിസ്റ്റുകളെ വധിച്ചതായുള്ള റിപ്പോർട്ടുകളായിരുന്നു നേരത്തെ പുറത്തുവന്നത്. നാരായൺപൂർ ജില്ലയിൽ ഇന്നുരാവിലെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ജില്ലാ റിസർവ് ഗാർഡിൽ നിന്നുള്ള ജവാന്മാരാണ് (ഡിആർജി) അബുജ്‌‌മദ് മേഖലയിൽ നിന്നുള്ള മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടുന്നത്.

അബുജ്‌മദ് മേഖലയിൽ മാവോയിസ്റ്റ് നേതാവ് ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് നാരായൺപൂർ, ദന്ദേവാഡ, ബിജാപൂർ, കൊണ്ടഗോൻ എന്നിവിടങ്ങളിൽ നിന്ന് ഡിആർജി ജവാന്മാരെത്തി തെരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെയാണ് മാവോയിസ്റ്റ് ആക്രമണം ഉണ്ടായത്. ഇന്ത്യൻ സംസ്ഥാനമായ ഗോവയേക്കാൾ വലിപ്പമുള്ള പ്രദേശമാണ് അബുജ്‌മദ്.

ഛത്തീസ്‌ഗഡ്- തെലങ്കാന അതിർത്തിയിലായി കഴിഞ്ഞമാസം 'ബ്ളാക്ക് ഫോറസ്റ്റ്' എന്ന പേരിൽ സുരക്ഷാസേന നക്‌സൽ വിരുദ്ധ ഓപ്പറേഷൻ നടത്തിയതിന് പിന്നാലെയാണ് നാരായൺപൂരിൽ വീണ്ടും ഏറ്റുമുട്ടൽ ഉണ്ടായിരിക്കുന്നത്. 21 ദിവസത്തിനുശേഷം ഓപ്പറേഷൻ നിർത്തിവച്ചെങ്കിലും ഉന്നത മാവോയിസ്റ്റ് നേതാക്കളും അവരുടെ സായുധ സേനയായ പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി അംഗങ്ങളും കൊല്ലപ്പെട്ടതായി ഉന്നത സൈനിക ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. കരെഗുട്ട കുന്നുകളിൽ ഹിദ്‌മ മാധ്വി ഉൾപ്പെടെയുള്ള ഉന്നത മാവോയിസ്റ്റ് നേതാക്കളെയും കമാൻഡർമാരെയും കണ്ടതായി സുരക്ഷാ ഏജൻസികൾക്ക് വിവരം ലഭിച്ചതിനെത്തുടർന്ന് ഏപ്രിൽ 21നാണ് സുരക്ഷാ സേന ഓപ്പറേഷൻ ആരംഭിച്ചത്. ആകെ 15 മാവോയിസ്റ്റുകളെയാണ് അന്നത്തെ ഏറ്റുമുട്ടലിൽ വധിച്ചത്. ഇവരിൽ ഒരു 16കാരനും ഉൾപ്പെട്ടിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, MAOIST ENCOUNTER, CHHATTISGARH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360