SignIn
Kerala Kaumudi Online
Wednesday, 23 September 2026 4.14 AM IST

ഡൽഹി എസ്.ഐ.ആർ നോട്ടീസ് നൽകൽ യാന്ത്രിക നടപടിയെന്ന് സുപ്രീംകോടതി

s

തിര. കമ്മിഷൻ തത്‌സ്ഥിതി റിപ്പോർട്ട് നൽകണം

ന്യൂ‌ഡൽഹി: ഡൽഹിയിലെ തീവ്ര വോട്ട‌ർപട്ടിക പുതുക്കൽ (എസ്.ഐ.ആർ) പ്രക്രിയയുമായി ബന്ധപ്പെട്ട് 33 ലക്ഷത്തിലധികം പേർക്ക് നോട്ടീസ് നൽകിയതിൽ വിമർശനവുമായി സുപ്രീംകോടതി. യാന്ത്രികമായ നടപടിയാണെന്നാണ് പ്രഥമദൃഷ്ട്യാ മനസിലാകുന്നതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

മുൻ ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ,മുൻ പ്രധാനമന്ത്രി എൽ.കെ. അദ്വാനി,വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ,തിരഞ്ഞെടുപ്പ് കമ്മിഷണർ എസ്.എസ് സന്ധു,ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്‌ത തുടങ്ങി 100ലധികം വി.ഐ.പികളുൾപ്പെടെ എസ്.ഐ.ആർ കുരുക്കിലായെന്ന റിപ്പോർട്ടുകൾക്കിടെയാണിത്. എസ്.ഐ.ആർ പ്രക്രിയക്കെതിരെ സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. 'യുക്തിപരമായ പൊരുത്തക്കേടുകൾ " എന്ന് പറഞ്ഞുകൊണ്ടാണ് നോട്ടീസെന്ന് ഹർജിക്കാ‌ർ അറിയിച്ചു. എന്താണ് അതിന്റെ യഥാർത്ഥ അർത്ഥമെന്ന് കമ്മിഷൻ വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടു. അക്കാര്യത്തിൽ കമ്മിഷൻ വ്യക്തത വരുത്തണമെന്ന് കോടതി നിർദ്ദേശിച്ചു.

14,​000 ബി.എൽ.ഒമാരെ നിയോഗിച്ചു

നോട്ടീസുകളിൽ ഹിയറിംഗ് നടത്തി തീരുമാനമെടുക്കാൻ എത്ര ബൂത്ത് തല ഓഫീസർമാരെ (ബി.എൽ.ഒ) നിയോഗിച്ചുവെന്ന് കോടതി ആരാഞ്ഞു. ബി.എൽ.ഒമാർ വോട്ടർമാരെ സഹായിക്കണമെന്നും താത്പര്യപ്പെട്ടു. 14000ലധികം ബി.എൽ.ഒമാരും 1200 ഇലക്‌ടറൽ രജിസ്ട്രേഷൻ ഓഫീസർമാരും (ഇ.ആർ.ഒ) നിലവിലുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അഭിഭാഷകനായ ദാമാ ശേഷാദ്രി നായിഡു പ്രതികരിച്ചു.

വെരിഫിക്കേഷൻ നടപടികളുടെ അവസാന തീയതി ഒക്ടോബർ 29 ആണ്. പ്രക്രിയ ആ ദിവസത്തിനകം പൂർത്തിയായില്ലെങ്കിൽ സമയപരിധി നീട്ടുന്നതിന് തടസമില്ലെന്നും അറിയിച്ചു. ഹർജികളിൽ കമ്മിഷന് നോട്ടീസ് അയയ്ക്കാൻ ഉത്തരവിട്ട കോടതി, സ്വീകരിച്ച നടപടികൾ വ്യക്തമാക്കി തത്‌സ്ഥിതി റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദ്ദേശിച്ചു. 1.45 കോടി വോട്ടർമാരുണ്ടായിരുന്നതിൽ, ആഗസ്റ്റ് 31ന് കരടുവോട്ടർപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 47.7 ലക്ഷം പേരെ നീക്കിയിരുന്നു. ഇതിനുപുറമെയാണ് കരടു പട്ടികയിലുൾപ്പെട്ട 33 ലക്ഷത്തിലധികം പേർക്ക് നോട്ടീസ് അയച്ചത്. ന്യൂനതകൾ പരിഹരിച്ചില്ലെങ്കിൽ അന്തിമ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായേക്കും. നവംബർ 4നാണ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONALNEWS, SC, SUPREME COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360