ഭോപ്പാൽ: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഗർബ പരിപാടികളിൽ മുസ്ലീം യുവാക്കൾ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് വിവാദ പരാമർശവുമായി ബിജെപി എംഎൽഎ രാമേശ്വർ ശർമ. ഗർബയ്ക്ക് എത്തുന്ന മുസ്ലീം യുവാക്കൾ ഒറ്റയ്ക്ക് വരാതെ സഹോദരിമാരെയും പെൺമക്കളെയും ഒപ്പം കൊണ്ടുവരണമെന്നായിരുന്നു ഭോപ്പാലിലെ ഹുസൂർ മണ്ഡലം എംഎൽഎയുടെ പരാമർശം.
'മുസ്ലീം യുവാക്കൾ ഗർബയ്ക്ക് ഒറ്റയ്ക്ക് വരുന്നത് എന്തിനാണ്? സഹോദരിമാരെയും പെൺമക്കളെയും കൂടെ കൊണ്ടുവരണം. ഞങ്ങളുടെ ആൺകുട്ടികളും തയ്യാറാണ്'- രാമേശ്വർ ശർമ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടതും സദസിൽ നിന്ന് കൈയടിയും ആഹ്ലാദപ്രകടനവും ഉയർന്നു. ഗർബ നൃത്തത്തിൽ സ്ഥിരമായി മുസ്ലീം യുവാക്കൾക്ക് പങ്കെടുക്കണമെന്നുണ്ടെങ്കിലും അതിനും തങ്ങൾ തയ്യാറാണെന്നും ശർമ പറഞ്ഞു.
ഗർബയ്ക്ക് എത്തുന്നവർ ‘ജയ് ശ്രീറാം’ വിളിക്കുകയും നെറ്റിയിൽ തിലകം ചാർത്തുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'വരൂ, ജയ് ശ്രീറാം വിളിക്കൂ, നെറ്റിയിൽ തിലകം ചാർത്തൂ. അതിൽ ആർക്കും പ്രശ്നമില്ല,' എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കൂടാതെ എല്ലാവരും പശുക്കളെ സംരക്ഷിക്കണമെന്നും അദ്ദേഹം പ്രസംഗത്തിനിടെ നിർദേശിച്ചു.
ഗർബ നൃത്തത്തെ വിനോദത്തിനുള്ള വേദിയാക്കി മാറ്റരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗർബ വേദികളിൽ ലവ് ജിഹാദ് നടത്താനോ ഹിന്ദു പെൺകുട്ടികളെ ശല്യം ചെയ്യാനോ ശ്രമിച്ചാൽ സനാതന വിശ്വാസികളായ യുവാക്കൾ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മാതാപിതാക്കളെ സംരക്ഷിക്കുകയും സഹോദരിമാരെ കാത്തുസൂക്ഷിക്കുകയും ചെയ്യുന്നതിനൊപ്പം ദേവി ജഗദംബയുടെ അനുഗ്രഹം തേടി ദുരാത്മാക്കളെ ഇല്ലാതാക്കാനും യുവാക്കൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലീം യുവാക്കൾ ഗർബയിൽ പങ്കെടുക്കുന്നതിനെതിരെ മുമ്പും എതിർപ്പുകൾ ഉണ്ടായിട്ടുണ്ട്. മുസ്ലിം യുവാക്കൾ ഹിന്ദു സ്ത്രീകളെ ലവ് ജിഹാദിലേക്ക് ആകർഷിക്കാൻ ഗർബ വേദികൾ ഉപയോഗിക്കുന്നുവെന്ന തരത്തിലുള്ള ആരോപണങ്ങളാണ് ഹിന്ദു സംഘടനകൾ ഉന്നയിക്കുന്നത്. ശർമയുടെ പരാമർശത്തിനെതിരെ കോൺഗ്രസും എഐഎംഐഎമ്മും രംഗത്തെത്തി. ഭോപ്പാൽ സെൻട്രൽ മണ്ഡലം കോൺഗ്രസ് എംഎൽഎ ആരിഫ് മസൂദ് ശർമയുടെ പ്രസ്താവനയെ വളരെ മോശവും നിലവാരമില്ലാത്തതും എന്നാണ് വിശേഷിപ്പിച്ചത്.
എഐഎംഐഎം മദ്ധ്യപ്രദേശ് അദ്ധ്യക്ഷൻ മൊഹ്സിൻ അലി ഖാനും ശർമയുടെ പരാമർശത്തെ വിമർശിച്ചു. രാജ്യത്തെ ജനങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുന്നതാണ് ഇത്തരം പ്രസ്താവനകളെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയിലെ മുതിർന്ന മുസ്ലിം നേതാക്കളായ മുഖ്താർ അബ്ബാസ് നഖ്‌വി, ഷാനവാസ് ഹുസൈൻ എന്നിവരുമായി ശർമ സംസാരിക്കണമെന്നും ഭരണഘടന വായിക്കണമെന്നും മൊഹ്സിൻ അലി ഖാൻ ആവശ്യപ്പെട്ടു.
BJP MLA Rameshwar Sharma sparked controversy with remarks about Muslim youths attending Garba events during Navratri. He urged them to bring their sisters and daughters and said they should chant ‘Jai Shri Ram’ and wear tilak. Sharma also warned against alleged ‘love jihad’ at Garba venues. Congress and AIMIM leaders condemned his comments, calling them divisive and inappropriate.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |