
തിരുവനന്തപുരം: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന് വീണ്ടും വില വർദ്ധിച്ചു. സംസ്ഥാനത്ത് 46രൂപയുടെ വർദ്ധനവ് വന്നതോടെ സിലിണ്ടർ ഒന്നിന് 3131 രൂപയായി. എല്ലാ മാസവും ഒന്നാം തീയതി എണ്ണകമ്പനികൾ പാചകവാതക വില പുതുക്കി നിശ്ചയിക്കാറുണ്ട്. ഇതേ പതിവനുസരിച്ചാണ് ഇത്തവണ 46 രൂപ കൂട്ടിയത്. ഡൽഹിയിൽ 42 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്കുവഴിയുള്ള പാചകവാതക ചരക്കുനീക്കം ഭീഷണി നേരിടുന്ന പശ്ചാത്തലത്തിലാണ് വിലവർദ്ധന.
രാജ്യത്തെ ഹോട്ടലുകൾ, ഭക്ഷണം പാചകം ചെയ്‌ത് വിൽക്കുന്ന മറ്റ് സംവിധാനങ്ങൾ എന്നിവയ്‌ക്കെല്ലാം കുത്തനെയുള്ള വിലക്കയറ്റം ഭീഷണിയാണ്. ആഹാരസാധനങ്ങൾക്ക് വില വർദ്ധിപ്പിക്കേണ്ട സ്ഥിതിയാണ്. പുറത്തുനിന്നും ഭക്ഷണം കഴിക്കുന്ന വിവിധ മേഖലകളിൽ ജോലി നോക്കുന്നവർ വില വർദ്ധനവ് ഭീഷണിയാണ്. എന്നാൽ നേരിയ ആശ്വാസമായി ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകൾക്ക് വിലയിൽ മാറ്റമില്ല. നിലവിൽ സിലിണ്ടറൊന്നിന് 922 രൂപ തന്നെയാണ് ഉള്ളത്.
അതേസമയം പശ്ചിമേഷ്യൻ സംഘർഷ പശ്ചാത്തലത്തിൽ വാണിജ്യ എൽ.പി.ജി ക്ഷാമം ഹോട്ടലുകൾക്ക് പണിയാകുമെന്ന് മുൻപ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വാണിജ്യ എൽ.പി.ജി സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞു. തട്ടുകടകൾ, ബേക്കറികൾ, ഹോട്ടലുകൾ എന്നിവ ഒഴിവാക്കി അവശ്യമേഖലകൾക്ക് മുൻഗണന നൽകി സിലിണ്ടറുകൾ നൽകാനാണ് ഡീലർമാർക്ക് കിട്ടിയ നിർദ്ദേശം. 24 മണിക്കൂറും ഭക്ഷണം ലഭ്യമാക്കുന്ന കൊച്ചി നഗരത്തിൽ ചെറുകിട-ഇടത്തരം ഹോട്ടലുകളെ പോലെ തന്നെ പ്രധാനമാണ് ഉന്തുവണ്ടികളിലുള്ള ചായപ്പീടികകളും തട്ടുകടകളുമെല്ലാം. വാണിജ്യ സിലണ്ടറുകൾ കിട്ടാതാകുന്നതോടെ ഈ കടകൾ താത്കാലികമായി ഷട്ടറിടേണ്ടി വരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |