SignIn
Kerala Kaumudi Online
Monday, 08 June 2026 5.05 PM IST

കാൾസനെ വീഴ്ത്തിയ കൈ, സിഎമ്മിനും രക്ഷയില്ല! സെക്രട്ടറിയേറ്റിൽ വിജയ്‌ക്കും ചെക്ക്‌

praggnanandhaa-

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യെ സൗഹൃദ ചെസ് മത്സരത്തിൽ പരാജയപ്പെടുത്തി ഗ്രാൻഡ്മാസ്റ്റർ ആർ പ്രഗ്നാനന്ദ. പ്രശസ്തമായ നോർവേ ചെസ് ടൂർണമെന്റിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനായി മാറിയ പ്രഗ്നാനന്ദയെ ആദരിക്കുന്ന ചടങ്ങിനിടെയായിരുന്നു ഇരുവരുടെയും രസകരമായ സൗഹൃദ മത്സരം.15 മിനിറ്റ് നീണ്ട മത്സരത്തിൽ വിജയ്‌യെ പരാജയപ്പെടുത്തി പ്രഗ്നാനന്ദ വിജയിച്ചു.

പരാജയത്തിന് പിന്നാലെ ചെറുപു‌ഞ്ചിരിയോടെ പ്രഗ്നാനന്ദയെ അഭിനന്ദിക്കുന്ന വിജയ്‌യുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. മത്സരത്തിന് ശേഷം വിജയ്‌യുടെ പ്രകടനത്തെ പ്രശംസിച്ച പ്രഗ്നാനന്ദ തനിക്ക് മറക്കാനാവാത്ത അനുഭവമാണിതെന്നും പ്രതികരിച്ചു. മത്സരത്തിലുടനീളം തനിക്ക് പിന്തുണ നൽകുന്നതിനും പ്രോത്സാഹനം നൽകുന്നതിനുമായിരുന്നു മുഖ്യമന്ത്രി ശ്രദ്ധിച്ചിരുന്നതെന്നും പ്രഗ്നാനന്ദ പറഞ്ഞു.

അതേസമയം, സ്‌പോർട്സ് ഡവലപ്‌മെന്റ് അതോറിറ്റി ഓഫ് തമിഴ്‌നാടിന്റെ വകയായി 50 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി പ്രഗ്നാനന്ദയ്ക്ക് സമ്മാനിച്ചു. പൊതുമരാമത്ത്, കായിക വികസന മന്ത്രി ആദവ് അർജുന, എസ്‌ഡിഎടി മെമ്പർ സെക്രട്ടറി ജെ. മേഘനാഥ റെഡ്ഡി, പ്രഗ്നാനന്ദയുടെ മാതാപിതാക്കൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. നേരത്തെ എക്സിലൂടെ വിജയ് പ്രഗ്നാനന്ദയെ അഭിനന്ദിച്ചിരുന്നു. പ്രഗ്നാനന്ദയുടെ വിജയം തമിഴ്‌നാടിനും രാജ്യത്തിനും അഭിമാന നിമിഷമാണെന്നാണ് അദ്ദേഹം കുറിച്ചത്. ഒരു ടൂർണമെന്റിൽ തന്നെ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെ രണ്ടുതവണ പരാജയപ്പെടുത്തുകയും തുടർച്ചയായി നാല് മത്സരങ്ങൾ വിജയിക്കുകയും ചെയ്ത നേട്ടത്തെയും വിജയ് പ്രശംസിച്ചു.

ജൂൺ 5ന് ഓസ്‌ലോയിൽ സമാപിച്ച നോർവേ ചെസ്സ് 2026 ടൂർണമെന്റിലെ അവസാന റൗണ്ടിൽ ജർമ്മനിയുടെ വിൻസെന്റ് കീമറെ ക്ലാസിക്കൽ മത്സരത്തിൽ പരാജയപ്പെടുത്തിയാണ് പ്രഗ്നാനന്ദ കിരീടം ചൂടിയത്. 18 പോയിന്റുകളോടെയാണ് ഒന്നാമതെത്തിയത്. 17 പോയിന്റുമായി അമേരിക്കയുടെ വെസ്‌ലി സോ രണ്ടാമതും 15.5 പോയിന്റുമായി അലിറേസ ഫിറൂസ്ജ മൂന്നാമതുമെത്തി. ചെസ് ചരിത്രത്തിലെ തന്നെ ഏറ്റവും നാടകീയമായ തിരിച്ചുവരവുകളിലൊന്നായിരുന്നു പ്രഗ്നാനന്ദയുടേത്. ആറ് റൗണ്ടുകൾ പൂർത്തിയായപ്പോൾ ആറ് കളിക്കാരുള്ള പട്ടികയിൽ അവസാന സ്ഥാനത്തായിരുന്ന പ്രഗ്നാനന്ദ പിന്നീട് തുടർച്ചയായി നാല് ക്ലാസിക്കൽ മത്സരങ്ങൾ വിജയിച്ചാണ് കിരീടം സ്വന്തമാക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, VIJAY, PRAGGNANDA, CHESS, TAMILNADU, CHENNAI, CM VIJAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360