SignIn
Kerala Kaumudi Online
Friday, 23 October 2026 5.07 PM IST

ട്രാമുകൾക്ക് വിട പറയാൻ ഒരുങ്ങി കൊൽക്കത്ത

gd

കൊൽക്കത്ത: കൊൽക്കത്തയുടെ 150 വർഷം പഴക്കമുള്ള ട്രാം സർവീസ് നിറുത്തലാക്കാൻ തീരുമാനിച്ച് ബംഗാൾ സർക്കാർ. ഒറ്റ സ്‌ട്രെച്ചിൽ മാത്രമായിരിക്കും ഇനി ട്രാം സർവീസ് നടത്തുകയെന്നും മറ്റുള്ള സർവീസുകൾ ഉടൻ നിറുത്തുമെന്നും ഗതാഗത മന്ത്രി സ്നേഹസിസ് ചക്രവർത്തി.

ട്രാമുകൾ നഗരത്തിന്റെ നിലവിലെ ട്രാഫിക് സാഹചര്യത്തിൽ പ്രായോഗികമല്ലെന്നാണ് സർക്കാർ വിലയിരുത്തൽ. ‘‘ട്രാമുകൾ കൊൽക്കത്തയുടെ പൈതൃകത്തിന്റെ ഭാഗമാണെന്ന് പറയാം. മുൻ നൂറ്റാണ്ടിൽ ഗതാഗതത്തിൽ നിർണായക പങ്ക് വഹിച്ചത് ട്രാമുകളാണ്. നഗരത്തിലെ വർദ്ധിച്ചുവരുന്ന വാഹന ഗതാഗതവും പരിമിതമായ റോഡിന്റെ സ്ഥലവും ട്രാമുകളുടെ പ്രവർത്തനം തുടരുന്നത് ബുദ്ധിമുട്ടാക്കുന്നു’’ – ഗതാഗത മന്ത്രി പറഞ്ഞു.

ട്രാം സർവീസുകൾ പുനസ്ഥാപിക്കാനും പുനരുജ്ജീവിപ്പിക്കാനും പൊതു-സ്വകാര്യ പങ്കാളിത്ത മാതൃക ഉപയോഗിക്കാമെന്ന് കഴിഞ്ഞ വർഷം ഡിസംബർ 11ന് ഒരു പൊതുതാത്പര്യ ഹർജി പരിഗണിക്കവെ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.

1873ൽ ആരംഭിച്ച യാത്ര

ചെറിയ മണിയടിശബ്ദം,റോഡിലൂടെ കുതിക്കാതെ,കൈ കാണിച്ചാൽ ആർക്കുമുന്നിലും സ്റ്റോപ്പിടുന്ന ട്രാമുകൾ. തിരക്കേറിയ റോഡുകളിൽ ഒന്നര നൂറ്റാണ്ടിലേറെയായി വാഹനങ്ങൾക്കിടയിലൂടെ വളയംതിരിക്കുന്ന ട്രാം കൊൽക്കത്തയിലെ അപൂർവ കാഴ്ചയാണ്. ഏഷ്യയിൽ ആദ്യമായി ട്രാം സർവീസ് ആരംഭിച്ച നഗരവും നിലവിൽ ഈ സംവിധാനം നിലനിൽക്കുന്ന ഇന്ത്യയിലെ ഒരേയൊരു നഗരവും ഇതുതന്നെ.

1873 ഫെബ്രുവരിയിൽ ഓട്ടം തുടങ്ങിയ ട്രാമിന് പല കഥകളും പറയാനുണ്ട്. ഒരുകാലത്ത് കൊൽക്കത്തയുടെ ജീവനാഡിയായിരുന്ന ട്രാമുകൾ ഇന്ന് വാർദ്ധക്യത്തിലാണ്. അമ്പതിലേറെ റൂട്ടുകളിൽ സർവീസ് നടത്തിയിരുന്ന ട്രാമുകൾക്ക് ഇന്ന് നഗരത്തിലെ രണ്ട് റൂട്ടുകളിൽ മാത്രമാണ് സ്ഥിരം സർവീസുള്ളത്. ആകെയുള്ള 257 ട്രാമുകളിൽ 35 ട്രാമുകൾ മാത്രമാണ് ഇപ്പോഴും ഓടുന്നത്. തുരുമ്പെടുത്ത് നശിച്ച നിരവധി ട്രാമുകൾ ഇതിനോടകം പാളംവിട്ടു.

വില്ലൻ മെട്രോ?

വൈദ്യുതി നിരക്ക് വർദ്ധിച്ചതും ഉയർന്ന പരിപാലന ചെലവും മെട്രോ റെയിൽ ഉൾപ്പെടെയുള്ള നൂതന നഗരഗതാഗത സംവിധാനങ്ങളുടെ ആവിർഭാവവുമാണ് കൊൽക്കത്തയിൽ ട്രാമുകൾക്ക് വില്ലനായത്. ട്രാമുകളെ ആശ്രയിച്ചിരുന്നവരിൽ ഭൂരിഭാഗം യാത്രക്കാരും ബദൽ ഗതാഗത മാർഗങ്ങളിലേക്ക് ചുവടുമാറിയിട്ടും പ്രതിസന്ധി പരിഹരിക്കാൻ സർക്കാരുകൾ വലിയ താത്പര്യം കാണിക്കാതിരുന്നതും ട്രാമുകളുടെ നാശത്തിന് ആക്കംകൂട്ടി. നിലവിൽ വെസ്റ്റ് ബംഗാൾ ട്രാൻസ്പോർട്ട് കോർപ്പറേഷനാണ് (ഡബ്ലു.ബി.ടി.സി) ട്രാം സർവീസിന്റെ മേൽനോട്ടം.

150 വർഷത്തെ പഴക്കം

ട്രാം സർവീസുകൾ നിറുത്താൻ അനുവദിക്കില്ല. ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സംസ്ഥാന സർക്കാരിനു കയ്യേറ്റങ്ങൾ നീക്കി റോഡിന്റെ വീതി വർദ്ധിപ്പിക്കാം.

-ട്രാം യൂസേഴ്സ്

അസോസിയേഷൻ,

കൊൽക്കത്ത

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360