SignIn
Kerala Kaumudi Online
Saturday, 24 October 2026 3.45 PM IST

 ദേശീയ പുരസ്‌കാര വിതരണം പ്രൗഢിയിൽ മലയാള സിനിമ

i

ന്യൂഡൽഹി: ​ എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ രാഷ്ട്രപതി ദ്രൗപദി മു‌ർമു ഇന്നലെ വിതരണം ചെയ്‌തു. മിഥുൻ ചക്രവർത്തിക്ക് ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം സമ്മാനിച്ചു. മികച്ച ചിത്രം,​ തിരക്കഥ,​ എഡിറ്റിംഗ് പുരസ്‌കാരങ്ങൾ നേടിയ മലയാള സിനിമ 'ആട്ട'ത്തിന്റെ സംവിധായകൻ ആനന്ദ് ഏകർഷി,​ നിർമ്മാതാവ് ഡോ. അജിത് ജോയ് .കെ എന്നിവർ സ്വർണകമലവും മൂന്നുലക്ഷം രൂപയും ഏറ്റുവാങ്ങി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം സൗദി വെള്ളക്കയുടെ നിർമ്മാതാവ് സന്ദീപ് സേനനും​ സംവിധായകൻ തരുൺ മൂർത്തിയും ഏറ്റുവാങ്ങി. രജതകമലവും രണ്ടുലക്ഷം രൂപയും വീതമാണ് സമ്മാനം. മാളികപ്പുറം സിനിമയിലെ അഭിനയത്തിന് മികച്ച ബാലതാരമായി തിരഞ്ഞെടുക്കപ്പെട്ട ശ്രീപദ് പി.കെയെ നിറഞ്ഞ കൈയടിയോടെ സദസ് സ്വീകരിച്ചു. ഊഞ്ചായി എന്ന ഹിന്ദി ചിത്രത്തിന് സൂരജ് ആർ. ബർജാത്യ മികച്ച സംവിധായകനുള്ള പുരസ്‌കാരവും കർണാടക ചിത്രമായ കാന്താരയിലെ അഭിനയത്തിന് നടൻ ഋഷഭ് ഷെട്ടി മികച്ച നടനുള്ള പുരസ്‌കാരവും ഏറ്റുവാങ്ങി. ഗുജറാത്തി സിനിമയായ കച്ച് എക്‌സ്‌പ്രസിലെ അഭിനയത്തിന് മാനസി പരേഖും തമിഴിലെ തിരുചിത്രമ്പലത്തിലെ അഭിനയത്തിന് മലയാളിയായ നിത്യ മേനോനും മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടു. അവാർഡ് വാങ്ങവെ മാനസി പരേഖ് സന്തോഷത്താൽ പൊട്ടിക്കരഞ്ഞു. നീന ഗുപ്‌തയാണ് മികച്ച സഹനടി (ചിതം- ഊഞ്ചായി). ഗുൽമോഹറിലെ അഭിനയത്തിന് പ്രത്യേക പരാമർശം ലഭിച്ച മനോജ് ബാജ്പേയി ചടങ്ങിനെത്തി. സൗദി വെള്ളക്കയിലെ 'ചായും വെയിൽ' ഗാനം പാടിയ ബോംബെ ജയശ്രീ മികച്ച ഗായികയ്‌ക്കുള്ള പുരസ്‌കാരം സ്വീകരിച്ചു. പ്രത്യേക ജൂറി പരാമർശം ലഭിച്ച കാഥികൻ സിനിമയുടെ സംഗീത സംവിധായകൻ സൻജോയ് സലീൽ ചൗധരി,​ നോൺ ഫീച്ചർ വിഭാഗത്തിലെ മികച്ച അനിമേഷൻ ചിത്രമായ എ കോക്കനട്ട് ട്രീയുടെ സംവിധായകൻ ജോഷി ബെന‌ഡിക്‌ട്,​ നിർമ്മാതാവ് റോബിൻസൺ തോമസ്,​ നോൺ ഫീച്ചർ വിഭാഗത്തിലെ മികച്ച സംവിധായികയായി മിറിയം ചാണ്ടി മേനാച്ചേരി (ഫ്രം ദ ഷാഡോസ് - ബംഗാളി)​ എന്നിവർക്കും പുരസ്‌കാരങ്ങൾ സമ്മാനിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360