
ന്യൂഡൽഹി: സൈബർ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ക്രിപ്‌റ്റോ കറൻസിയാക്കി വിദേശത്തേക്ക് കടത്തിയെന്ന കേസിൽ രാജ്യാന്തര ബന്ധമുള്ള സംഘത്തിലെ ആറു പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ അഞ്ച് പേർ ബാങ്ക് ജീവനക്കാരാണ്. കേരളത്തിലെ രണ്ട് പ്രാദേശിക ബാങ്കുകൾക്കും തട്ടിപ്പു ശൃംഖലയുമായി ബന്ധമുണ്ടെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
ചൈനീസ് പൗരനുമായി പ്രതികൾക്ക് ബന്ധമുണ്ടായിരുന്നുവെന്നും, പണം കൈമാറ്റം ചെയ്യുന്നതിനു പകരം അവർ പണമായി പ്രതിഫലം കൈപ്പറ്റിയിരുന്നുവെന്നും പൊലീസ് അറിയിച്ചു. 2013 മുതൽ സംഘം പ്രവർത്തിച്ചിരുന്നതായാണ് നിഗമനം.ഇടപാടുകളിൽ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ പ്രതികളുണ്ടായിരുന്ന സ്ഥലത്തു നിന്ന് അഞ്ച് കിലോമീറ്റർ അകലെ സൂക്ഷിച്ചിരുന്നു. തട്ടിപ്പിന്റെ ഉറവിടവും, ഇടപാടുകൾ നിയന്ത്രിച്ചവരുടെ യഥാർഥ സ്ഥാനവും കണ്ടെത്തുന്നത് അന്വേഷണ സംഘത്തിന് പ്രയാസകരമാക്കാനായിരുന്നു ഇതെന്നാണ് സംശയം.
ബാങ്കിങ് സംവിധാനത്തിനുള്ളിലെ ബന്ധങ്ങൾ ഉപയോഗിച്ച് പണം കൈമാറാൻ സഹായിച്ചവരുടെ പങ്കും അന്വേഷണ വിധേയമാണ്. കേരളത്തിലെ രണ്ട് ബാങ്കുകളുടെ പേരോ, തട്ടിപ്പിലൂടെ കൈമാറിയ ആകെ തുകയോ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ചൈനീസ് പൗരനുമായുള്ള ബന്ധത്തിന്റെ വ്യാപ്തി, വിദേശത്തേക്ക് കൈമാറിയ പണത്തിന്റെ അളവ്, സംഘത്തിലെ ഓരോരുത്തരുടെയും പങ്ക് എന്നിവ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |