
ന്യൂഡൽഹി: പ്രതിരോധ ഉപകരണങ്ങളുടെ വികസനം, ഉൽപാദനം, സംയുക്ത സൈനിക പരിശീലനം തുടങ്ങി പ്രതിരോധമേഖലയിലെ സഹകരണം വർദ്ധിപ്പിക്കാൻ ഡൽഹിയിൽ നടന്ന ആറാമത് ഇന്ത്യ-സിംഗപ്പൂർ പ്രതിരോധ മന്ത്രിതല ചർച്ചയിൽ ധാരണ. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും സിംഗപ്പൂർ പ്രതിരോധ മന്ത്രി ഡോ. എൻ.ജി എൻക് ഹെന്നും തമ്മിൽ നടത്തിയ കൂടിക്കാഴ്‌ചയിൽ സംയുക്ത സൈനിക പരിശീലനത്തിനുള്ള ഉഭയകക്ഷി കരാർ അഞ്ച് വർഷത്തേക്ക് കൂടി നീട്ടാൻ തീരുമാനിച്ചു. പ്രതിരോധ ഉപകരണങ്ങൾ വികസിപ്പിക്കുന്നതിലും ഉത്പാദിപ്പിക്കുന്നതിലുമുള്ള സഹകരണം വർദ്ധിപ്പിക്കും. ഓട്ടോമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിലെ പങ്കാളിത്തവും വിശകലനം ചെയ്‌തു. ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള വർദ്ധിച്ചുവരുന്ന പ്രതിരോധ സഹകരണത്തിൽ ഇരു മന്ത്രിമാരും സംതൃപ്തി പ്രകടിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം 2025ൽ 60 വർഷം തികയുന്നതിനാൽ, പ്രതിരോധ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും തീരുമാനിച്ചു. സൈബർ സുരക്ഷ ഉൾപ്പെടെ നിർണായക മേഖലകളിൽ സഹകരണം വിപുലീകരിക്കും. ആസിയാൻ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിലെ ഇന്ത്യയുടെ കൺട്രി കോ ഓർഡിനേറ്ററായ സിംഗപ്പൂരിന്റെ പിന്തുണയ്‌ക്ക് രാജ്നാഥ് സിംഗ് നന്ദി പറഞ്ഞു. സാമ്പത്തിക സഹകരണം, സാംസ്കാരിക ബന്ധങ്ങൾ, മേഖലയിലെ മറ്റ് രാജ്യങ്ങളുമായുള്ള തന്ത്രപരമായ ബന്ധം വർദ്ധിപ്പിക്കൽ എന്നിവയടങ്ങിയ ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് നയത്തിന് പിന്തുണ നൽകുന്ന രാജ്യമാണ് സിംഗപ്പൂരെന്ന് രാജ്നാഥ് ചൂണ്ടിക്കാട്ടി. ഡോ. എൻ.ജി എൻക് ഹെന്നിന് സായുധ സേനകളുടെ ഗാർഡ് ഓഫ് ഓണർ ഉൾപ്പെടെയുള്ള ആചാരപരമായ സ്വീകരണം നൽകി. അദ്ദേഹം രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായും കൂടിക്കാഴ്ച നടത്തി. ന്യൂഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |