SignIn
Kerala Kaumudi Online
Saturday, 24 October 2026 3.47 PM IST

കോൺഗ്രസ് സംവരണ വിരുദ്ധരെന്ന് മോദി

mdokl

ന്യൂഡൽഹി: സമുദായങ്ങളെ തമ്മിലടിപ്പിച്ച് രാജ്യത്തെ ഭിന്നിപ്പിക്കുന്ന നയമാണ് എന്നും കോൺഗ്രസിനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പണ്ഡിറ്റ് നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവർ തുടർന്നുവന്ന സംവരണ വിരുദ്ധ നയങ്ങളാണ് ഇന്നും പാർട്ടി ഉയർത്തിപ്പിടിക്കുന്നതെന്നും ആരോപിച്ചു. മഹാരാഷ്‌ട്രയിൽ ധൂലെയിലും നാസിക്കിലും നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി.

മറാഠാ, ഒ.ബി.സി സംവരണം ബി.ജെ.പിക്ക് പ്രതികൂലമായ സാഹചര്യത്തിലാണ് കോൺഗ്രസിന്റെ ജാതി സെൻസസ് ആവശ്യമടക്കം പരോക്ഷമായി സൂചിപ്പിച്ചുള്ള മോദിയുടെ ആക്രമണം. പട്ടികജാതി, ആദിവാസി, മറ്റ് പിന്നാക്ക സമുദായങ്ങൾ കൈവരിച്ച പുരോഗതി സഹിക്കാനാവാതെ ജാതികളെ ഭിന്നിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. സംഘർഷം ആളിക്കത്തിക്കാനും ഈ സമുദായങ്ങളുടെ വികസനം തകർക്കാനും ശ്രമിക്കുന്നു.

ഇത് ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയാണ്. ഒ.ബി.സി സംവരണം ലഭിച്ചത് കോൺഗ്രസ് സർക്കാരിൽ ഇല്ലാത്ത സമയത്താണ്. ഒ.ബി.സി ഐക്യപ്പെട്ടതോടെ കോൺഗ്രസിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു. അതിനാൽ ഒ.ബി.സിയെ കുനാബി, മാലി എന്നിങ്ങനെ വിഭജിക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നു. ജനങ്ങൾ ഐക്യത്തോടെ നിന്നാൽ ആർക്കും ഭിന്നിപ്പിക്കാൻ കഴിയില്ലെന്നും മോദി പറഞ്ഞു.

കോൺഗ്രസ് സർക്കാരുകൾ അഴിമതിക്കു വേണ്ടിയാണ് പദ്ധതികൾ കൊണ്ടുവന്നത്. മഹാവികാസ് അഘാഡി അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ നിലയ്ക്കും. അവർ വികസന വിരോധികളാണ്. മെട്രോ റെയിൽവേ, വധവൻ തുറമുഖം, അടൽ സേതു എന്നിവയെ എതിർത്തു. ബി.ജെ.പി നേതൃത്വത്തിലുള്ള മഹായുതി സർക്കാർ രണ്ടര വർഷത്തിനിടെ നടപ്പാക്കിയ വികസനം തുടരുമെന്നും അദ്ദേഹം ഉറപ്പു നൽകി.

മഹായുതി സർക്കാർ 25,000 സ്ത്രീകളെ പൊലീസ് സേനയിലേക്ക് റിക്രൂട്ട് ചെയ്യുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

എം.വി.എ ചക്രങ്ങളും ബ്രേക്കുമില്ലാത്ത വാഹനമാണ്. ഡ്രൈവിംഗ് സീറ്റിൽ ആരിരിക്കും എന്നത് തർക്കത്തിലാണ്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് മാത്രമേ സംസ്ഥാനത്ത് നല്ല ഭരണം നൽകാൻ കഴിയൂ. കോൺഗ്രസ് പ്രചാരണത്തിൽ അവരുടെ സഖ്യകക്ഷിയായ ശിവസേനയുടെ സ്ഥാപകൻ ബാലാസാഹേബ് താക്കറെയെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും മോദി പറഞ്ഞു. താക്കറെയെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും പുകഴ്‌ത്താൻ മോദി കോൺഗ്രസിനെ വെല്ലുവിളിച്ചു. മറുപടിക്കായി കാത്തിരിക്കുമെന്നും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360