SignIn
Kerala Kaumudi Online
Friday, 23 October 2026 4.58 PM IST

ജാഗ്രതയോടെ മുന്നണികൾ, മഹാരാഷ്‌ട്രയിൽ ഹോട്ടലും ഹെലികോപ്ടറും റെഡി

maharashtra

ന്യൂഡൽഹി: മഹാരാഷ്‌ട്രയിൽ ആർക്കും ഭൂരിപക്ഷമില്ലാതെ വരികയോ, നേരിയ മുൻതൂക്കമോ ഉണ്ടായാൽ തങ്ങളുടെ എം.എൽ.എമാരെ ഉറപ്പിച്ചു നിറുത്താനുള്ള പദ്ധതികൾ ആവിഷ്‌കരിച്ച് മഹാവികാസ് അഘാഡി, മഹായുതി മുന്നണികൾ. എം.എൽ.എമാരെ എതിരാളികൾ ചാക്കിടുന്നത് തടയാനും സുരക്ഷിതമായി മാറ്റാനും ഹെലികോപ്‌ടറുകളും താമസിപ്പിക്കാൻ ഹോട്ടൽ,റിസോർട്ട് മുറികളും തയ്യാർ. 288 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിനുള്ള 145 സീറ്റ് ഒറ്റയ്‌ക്ക് നേടാനായില്ലെങ്കിൽ പിടിക്കാൻ ബഹുജൻ വികാസ് അഘാഡി പോലെ ചെറു പാർട്ടികൾക്കും സ്വതന്ത്രൻമാർക്കും ഡിമാൻഡ് കൂടും. ഗവർണർ സി.പി. രാധാകൃഷ്‌ണന്റെ നിലപാടു നിർണായകം. മഹായുതിയും മഹാ വികാസ് അഘാഡിയും ബഹുജൻ വികാസ് അഘാഡി (ബി.വി.എ) സ്ഥാപകൻ ഹിതേന്ദ്ര താക്കൂർ, പ്രഹർ ജനശക്തി പാർട്ടി നേതാവ് ബച്ചു കടു എന്നിവരെ സമീപിച്ചിട്ടുണ്ട്. ബി.വി.എ എട്ടിടത്തും പ്രഹർ 38 സീറ്റിലുമാണ് മത്സരിക്കുന്നത്. കൂടുതൽ സീറ്റു നേടുന്നവരെ പിന്തുണയ്‌ക്കുമെന്ന് ബി.വി.എ പ്രഖ്യാപിച്ചു.

ഭൂരിപക്ഷം മറികടക്കുമെന്നാണ് പ്രതീക്ഷയെന്ന് ബി.ജെ.പി അദ്ധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഏകനാഥ് ഷിൻഡെ, അജിത് പവാർ എന്നിവർക്കൊപ്പം മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കും. സർക്കാർ രൂപീകരിക്കാൻ സ്വതന്ത്രർ ആവശ്യമില്ലെങ്കിലും പ്രാദേശിക വികസനത്തിന് അവർ നൽകിയ സംഭാവനകൾ പരിഗണിച്ച് പിന്തുണ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഓപ്പറേഷൻ താമരയെ കരുതി ജാഗ്രത പാലിക്കുകയാണെന്ന് മഹാവികാസ് അഘാഡി(എം.വി.എ) നേതാക്കൾ പറഞ്ഞു. സാഹചര്യങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസ് നേതാവ് ബാലാസാഹേബ് തൊറാട്ട്, എൻ.സി.പി(ശരദ്പവാർ)യുടെ ജയന്ത് പാട്ടീൽ, ശിവസേനയുടെ (യു.ബി.ടി) സഞ്ജയ് റാവത്ത് എന്നിവർ രണ്ട് മണിക്കൂർ കൂടിക്കാഴ്ച നടത്തി. ആവശ്യമായ സീറ്റുകൾ ലഭിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും പുറത്തുനിന്നുള്ള പിന്തുണ ആവശ്യമില്ലെന്ന് കരുതുന്നതായും തൊറാട്ട് പറഞ്ഞു. മഹായുതിക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും, ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നാൽ 2019ലേതു പോലെ ഗവർണർ ബി.ജെ.പിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചേക്കുമെന്ന് എം.വി.എ നേതാക്കൾ ചൂണ്ടിക്കാട്ടി. അത്തരം സാദ്ധ്യതകൾ നേരിടാൻ വിജയിക്കുന്ന സ്ഥാനാർത്ഥികളെ സുരക്ഷിതരാക്കാനാണ് ഹോട്ടൽ മുറികൾ ബുക്കു ചെയ്‌തതെന്നും നേതാക്കൾ അറിയിച്ചു. സ്വതന്ത്രരുമായും വിമതരുമായും ചർച്ചകൾ നടക്കുന്നുണ്ടെന്നും അവർ സമ്മതിച്ചു ഓരോ വോട്ടും ഔദ്യോഗികമായി കണക്കാക്കുന്നത് വരെ ജാഗ്രത പാലിക്കാൻ എം.വി.എ കൗണ്ടിംഗ് ഏജന്റുമാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360