SignIn
Kerala Kaumudi Online
Thursday, 22 October 2026 4.45 PM IST

ഡൽഹിയിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ആംആദ്മി  'ഇന്ത്യാ' സഖ്യമില്ലെന്ന് കേജ്‌രിവാൾ

aravind

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ 'ഇന്ത്യാ' സഖ്യമില്ലെന്ന് ആംആദ്മി പാർട്ടി ദേശീയ കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ വ്യക്തമാക്കിയതോടെ, രാജ്യതലസ്ഥാനത്ത് ത്രികോണ പോരാട്ടത്തിന് വഴിതുറന്നു. കോൺഗ്രസുമായുള്ള സഖ്യം തള്ളിയ കേജ്‌രിവാൾ പാർട്ടി ഒറ്റയ്‌ക്ക് മത്സരിക്കുമെന്നും സൂചന നൽകി. ഡൽഹിയിൽ സഖ്യമില്ലെന്നും ഒറ്റയ്‌ക്ക് മത്സരിക്കുമെന്നും കോൺഗ്രസും നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ നടത്തുന്ന 'ന്യായ് യാത്ര' പാർട്ടിയുടെ സ്വീകാര്യത വർദ്ധിപ്പിക്കുമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു.

ഡൽഹിയിൽ 70 നിയമസഭാ സീറ്റാണുള്ളത്. ഫെബ്രുവരി 15ന് നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കും. ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ തിരഞ്ഞെടുപ്പ് നടന്നേക്കും. സഖ്യമില്ലെന്ന് കേജ്‌രിവാൾ വ്യക്തമാക്കിയതോടെ ആംആദ്മി-ബി.ജെ.പി-കോൺഗ്രസ് പോരാട്ടമാകും അരങ്ങേറുക. ആദ്യഘട്ടമായി 11 സ്ഥാനാർത്ഥികളുടെ പേര് ആംആദ്മി പ്രഖ്യാപിച്ചിരുന്നു.

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലും ആംആദ്മി ഒറ്റയ്‌ക്കാണ് മത്സരിച്ചത്. ഒരു സീറ്റിലും ജയിച്ചില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആംആദ്മിയും കോൺഗ്രസും 'ഇന്ത്യാ' സഖ്യമായി മത്സരിച്ചിരുന്നു. ഏഴ് ലോക്‌സഭാ സീറ്റിൽ നാലെണ്ണത്തിൽ ആംആദ്മിയും മൂന്നെണ്ണത്തിൽ കോൺഗ്രസും. എന്നാൽ, ഏഴിടത്തും ബി.ജെ.പിയാണ് ജയിച്ചത്.

'ഇന്ത്യാ' സഖ്യത്തിന് ലക്ഷ്യങ്ങളില്ലെന്ന് ബി.ജെ.പി പരിഹസിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒന്നിച്ചുനിന്നവരാണ് ഇപ്പോൾ പരസ്‌പരം മുഖം തിരിച്ചുനിൽക്കുന്നത്. സ്ഥാനമാനങ്ങൾക്ക് വേണ്ടിയുള്ള ദാഹം മാത്രമാണ് പ്രതിപക്ഷ സഖ്യത്തെ നയിക്കുന്നതെന്ന് ബി.ജെ.പി വക്താവ് ഷെഹ്സാദ് പൂനാവാല പറഞ്ഞു.

പരിവർത്തൻ യാത്രയ്ക്ക് ബി.ജെ.പി

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡിസംബർ എട്ടുമുതൽ 20 വരെ 'പരിവർത്തൻ യാത്ര' നടത്താനൊരുങ്ങുകയാണ് ബി.ജെ.പി. 70 മണ്ഡലങ്ങളിലൂടെയും യാത്ര കടന്നുപോകുമെന്ന് പാർട്ടി ഡൽഹി ഘടകം അദ്ധ്യക്ഷൻ വിരേന്ദ്ര സച്ച്ദേവ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360