SignIn
Kerala Kaumudi Online
Friday, 23 October 2026 5.30 PM IST

സഭ പ്രക്ഷുബ്ധമായില്ല, പക്ഷെ ക്രെഡിറ്റ് കോൺഗ്രസിനല്ല

d

അഞ്ച് ദിവസം തുടർച്ചയായി സ്‌തംഭിച്ച പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ഇന്നലെ മുതൽ സുഗമമായി പ്രവർത്തിച്ചത് കേന്ദ്രസർക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും വിട്ടുവീഴ്‌ചയിലൂടെ ആയിരുന്നു. പ്രതിപക്ഷം ആവശ്യപ്പെട്ട ഭരണഘടനാ വിഷയത്തിൽ ഇരു സഭകളിലും രണ്ടുദിവസം വീതം ചർച്ച, സംഭാൽ, പ്രകൃതിക്ഷോഭം, വിലക്കയറ്റം, ബംഗ്ളാദേശ് വിഷയങ്ങൾ ഉന്നയിക്കാൻ അവസരം തുടങ്ങിയ ഉറപ്പിൻമേലാണ് പ്രതിപക്ഷം സഹകരിച്ചത്. എന്നാൽ നവംബർ 24 മുതൽ പ്രതിപക്ഷം ഉയർത്തിയ ആവശ്യങ്ങളിൽ , പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി താത്‌പര്യമെടുത്ത് കൊണ്ടുവന്ന അദാനി വിഷയം ചർച്ച ചെയ്യാൻ തയ്യാറാകാത്ത സർക്കാർ സംഭാൽ, ചുഴലിക്കാറ്റ്, ബംഗ്ളാദേശ് തുടങ്ങി തൃണമൂൽ, സമാജ്‌വാദി പാർട്ടി, ഡി.എം.കെ തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾക്ക് താത്പര്യമുള്ള വിഷയങ്ങൾക്ക് അനുമതി നൽകി. ഭരണഘടനാ ചർച്ച മാത്രമാണ് കോൺഗ്രസിന് അവകാശപ്പെടാനുള്ളത്.പാർലമെന്റ് പ്രക്ഷുബ്ധമാകാതെ നോക്കുന്നതിലെ ഭരണ -പ്രതിപക്ഷ ധാരണയുടെ ക്രെഡിറ്റ് കോൺഗ്രസിന് അവകാശപ്പെടാനാകാത്ത സ്ഥിതിയാണ്.അതിനിടെ

അദാനി വിഷയത്തിലൂന്നി പ്രതിഷേധിച്ച് ഒരാഴ്‌ച തുടർച്ചയായി സഭ തടസപ്പെട്ടതോടെ തൃണമൂൽ കോൺഗ്രസ് പരസ്യമായി അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. സാധാരണ ജനങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പ്രതിഷേധിക്കേണ്ടതെന്ന് സമാജ്‌വാദി പാർട്ടിയും ചൂണ്ടിക്കാട്ടി. കോൺഗ്രസിന്റെ പ്രതിഷേധ തന്ത്രത്തിൽ ഇടതു പാർട്ടികൾക്കും വിയോജിപ്പുണ്ടായിരുന്നു. അദാനി വിഷയം ഉയർത്തുന്നതിൽ കോൺഗ്രസ് എംപിമാർക്കും അനിഷ്‌ടമുണ്ടായിരുന്നുവെന്ന റിപ്പോർട്ടും വന്നു. ഇതു മുതലെടുത്ത സർക്കാർ അദാനി വിഷയത്തിലെ ചർച്ചയുടെ വഴി അടച്ചു. പ്രതിപക്ഷത്തെ ഭിന്നത കാരണം കോൺഗ്രസിന് വഴങ്ങേണ്ടിയും വന്നു.കൃത്യമായി തന്ത്രങ്ങൾ മെനയുന്നതിലും ഇന്ത്യാ സഖ്യത്തിലെ പാർട്ടികളെ ഒപ്പം നിറുത്തുന്നതിലും കോൺഗ്രസ് നേതൃത്വം പരാജയപ്പെടുന്നതായി വിമർശനമുണ്ട്.

2019ലെ 52ൽ നിന്ന് 2024ൽ 99 സീറ്റുകളുമായി പ്രതിപക്ഷ നേതൃസ്ഥാനം വഹിക്കുമ്പോഴും കോൺഗ്രസിന്റെ നിലപാടുകളെ 'ഇന്ത്യ' മുന്നണി കക്ഷികൾ അംഗീകരിക്കാത്തതിന്റെ പ്രകടമായ ഉദാഹരണമാണിത്. ബി.ജെ.പി അധികാരത്തിലെത്തുന്നത് തടയുകയെന്ന ലക്ഷ്യത്തോടെ ഒന്നിച്ച 'ഇന്ത്യ' മുന്നണിയിലെ 26 ഓളം പാർട്ടികൾ ഭിന്ന നിലപാടുള്ളവയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ലക്ഷ്യം കാണാതിരുന്നതും പിന്നീട് നടന്ന ഹരിയാന, ഛത്തീസ്ഗഡ്, മഹാരാഷ്‌ട്ര തിരഞ്ഞെടുപ്പുകളിൽ തോറ്റതും മുന്നണിക്കുള്ളിൽ വിള്ളൽ വീഴ്‌ത്തിയിട്ടുണ്ട്. മുന്നണിയിലെ പ്രധാന കക്ഷി കോൺഗ്രസ് ആണെങ്കിലും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തെ അംഗീകരിക്കാൻ പൊതുവെ സഖ്യകക്ഷികൾ തയ്യാറാകുന്നില്ല.

നിയമസഭാ തിരഞ്ഞെടുപ്പുകളിലെ സീറ്റ് തർക്കവും മുന്നണിയിലെ കെട്ടുറപ്പിനെ ബാധിച്ചിട്ടുണ്ട്. ഹരിയാനയിലും മഹാരാഷ്‌ട്രയിലും മുന്നണിയിലെ പ്രാദേശിക കക്ഷികളെ തള്ളി കൂടുതൽ സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന്റെ തന്ത്രം വിലപ്പോയില്ല. കോൺഗ്രസിനെ ആശ്രയിച്ച് നിന്നാൽ തങ്ങളുടെ കോട്ടകളും കൈവിടുമെന്ന ഭയം ഈ കക്ഷികൾക്കുണ്ട്. തങ്ങളുടെ ശക്തികേന്ദ്രമായ ഡൽഹിയിൽ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് ആംആദ്‌മി പാർട്ടി പ്രഖ്യാപിച്ചു കഴിഞ്ഞു. ബിഹാറിൽ ആർ.ജെ.ഡിയും തമിഴ്‌നാട്ടിൽ ഡി.എം.കെയും ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയും ഈ നിലപാടെടുക്കാൻ സാദ്ധ്യതയുണ്ട്. 'ഇന്ത്യ' മുന്നണി പ്രഖ്യാപിത ലക്ഷ്യങ്ങളിൽ നിന്ന് വഴിതെറ്റി ഭിന്നിക്കുന്നത് ബി.ജെ.പിക്ക് നേട്ടമായേക്കും.തൃണമൂൽ കോൺഗ്രസിനെ ഒപ്പം കൂട്ടാൻ ബി.ജെ.പി പല തന്ത്രങ്ങളും പയറ്റുന്നുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360