
ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ തുടർച്ചയായ അഞ്ചു ദിവസത്തെ സ്‌തംഭത്തിന് ശേഷം ഇന്നലെ ആദ്യമായി ഇരു സഭകളിലും ചർച്ചകളും സംവാദങ്ങളും അരങ്ങേറി. ലോക്‌സഭ ബാങ്കിംഗ് ഭേദഗതി നിയമവും രാജ്യസഭ എണ്ണപ്പാടങ്ങളുടെ നിയന്ത്രണവും വികസനവും ഭേദഗതി ബില്ലും പാസാക്കി. ലോക്സഭ പാസാക്കിയ ഭാരതീയ വായുയാൻ വിധേയക് ബില്ലിൻമേൽ രാജ്യസഭയിൽ ചർച്ച തുടങ്ങി. എം.പിമാരായ ജോൺ ബ്രിട്ടാസും എ.റഹീമും നൽകിയ ഭേദഗതികൾ ശബ്ദവോട്ടിലൂടെ തള്ളിയാണ് എണ്ണപ്പാടം ബിൽ പാസാക്കിയത്. പെട്രോളിയം ഉത്പാദനത്തെ മറ്റ് ഖനനങ്ങളിൽ നിന്ന് വേർതിരിക്കാനും എണ്ണ ഉത്പാദന മേഖലയിൽ നിക്ഷേപങ്ങൾ ആകർഷിക്കാനും ലക്ഷ്യമിട്ടാണ് ബില്ലെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി.
സഭ തടസപ്പെടുത്തില്ലെന്ന ഉറപ്പ് പ്രതിപക്ഷം നൽകിയെങ്കിലും ബിൽ ചർച്ചയ്‌ക്കിടയിലും ചോദ്യോത്തരവേളയിലും ഇരുസഭകളിലും ഭരണ-പ്രതിപക്ഷാംഗങ്ങളുടെ വാക്‌പോരിന് കുറവില്ലായിരുന്നു. തന്റെ ഹിന്ദി ഭാഷയിലെ നൈപുണ്യം വെല്ലുവിളിച്ച പ്രതിപക്ഷവുമായി ധനമന്ത്രി നിർമ്മലാ സീതാരാമനും കയർത്തു. ലോക്‌സഭ സഭ തുടങ്ങിയപ്പോൾ തന്നെ വിവിധ വിഷയങ്ങളിൽ ചർച്ച ആവശ്യപ്പെട്ട് വാക്കൗട്ട് നടത്തിയ പ്രതിപക്ഷം പിന്നീട് തിരിച്ചു കയറി. അദാനി വിഷയത്തിൽ കോൺഗ്രസ് പാർലമെന്റിന് മുന്നിൽ പ്രതിഷേധിച്ചു. വയനാട് എം.പി പ്രിയങ്ക ഗാന്ധിയും ആദ്യമായി പ്രതിഷേധത്തിൽ പങ്കെടുത്തു.
വാക്പോര്
ഇന്ദിരാഗാന്ധിക്കെതിരായ പരാമർശം: ബാങ്കിംഗ് നിയമഭേദഗതി ചർച്ചയ്‌ക്കിടെ 1971ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ശബ്‌ദത്തിൽ ഫോൺ ചെയ്‌ത് ഏഴ് ലക്ഷംരൂപ തട്ടിയെടുത്ത നാഗർവാല കേസ് ബി.ജെ.പി എംപി സംബിത് പാത്ര പരാമർശിച്ചത് ലോക്സഭയിൽ കോൺഗ്രസ് അംഗങ്ങളെ ചൊടിപ്പിച്ചു. ബില്ലിന്റെ ഭാഗമല്ലാത്ത ഇന്ദിരാഗാന്ധിയുടെ പേര് ഉന്നയിച്ചതിനെ കെ.സി. വേണുഗോപാൽ അടക്കം അംഗങ്ങൾ ചോദ്യം ചെയ്‌തു. ബാങ്കിംഗ് പരിഷ്കാരങ്ങൾക്ക് കാരണം അന്നത്തെ കേസാണെന്ന് പത്രയുടെ മറുപടി.
മികച്ച ഭരണാധികാരിയായിരുന്ന ഇന്ദിരയെ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി ദുർഗ എന്ന് വിശേഷിപ്പിച്ചെന്ന വേണുഗോപാലിന്റെ പരാമർശത്തെ ചൊല്ലിയും വാക്‌പോരുണ്ടായി. ബിർള അംഗങ്ങളോട് ബിൽ ചർച്ച ചെയ്യാനും രാഷ്ട്രീയ ചർച്ചകളിൽ നിന്ന് വിട്ടുനിൽക്കാനും സ്‌പീക്കർ ഓം ബിർള ആവശ്യപ്പെട്ടു.
ബില്ലിന് മറുപടി നൽകവെ തന്റെ ഹിന്ദി പ്രസംഗത്തെ വിമർശിച്ച പ്രതിപക്ഷത്തിനു നേരെ നിർമ്മലാ സീതാരാമൻ കയർത്തു. തമിഴ്നാട്ടിൽ ഹിന്ദി പഠിക്കാൻ അവസരമില്ലാതിരുന്നിട്ടും നന്നായി സംസാരിക്കാൻ കഴിയുന്നത് മികവാണെന്ന് അവർ ചൂണ്ടിക്കാട്ടി. ദ്രാവിഡ പാർട്ടികളുടെ ഹിന്ദി വിരോധത്തെയും അവർ ചോദ്യം ചെയ്‌തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |