
ന്യൂഡൽഹി : മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെയും, തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെയും നിയമനവുമായി ബന്ധപ്പെട്ട നിയമഭേദഗതിക്കെതിരെയുള്ള ഹർജികൾ പരിഗണിക്കുന്നതിൽ നിന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പിന്മാറി. പുതിയ ബെഞ്ച് ജനുവരി ആറിന് വിഷയം പരിഗണിക്കും. കേന്ദ്രസർക്കാരും, തിരഞ്ഞെടുപ്പ് കമ്മിഷനും ആ സമയത്തിനകം നിലപാട് അറിയിക്കണം.
കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമഭേദഗതി പ്രകാരം പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ് അല്ലെങ്കിൽ പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയുടെ നേതാവ്, പ്രധാനമന്ത്രി നിർദ്ദേശിക്കുന്ന കേന്ദ്രമന്ത്രി എന്നിവരടങ്ങിയ സെലക്ഷൻ കമ്മിറ്റിക്കാണ് കമ്മിഷൻ അംഗങ്ങളെ തിരഞ്ഞെടുക്കാൻ അധികാരം. എന്നാൽ, സമിതിയിൽ ചീഫ് ജസ്റ്റിസ് കൂടിയുള്ള സംവിധാനം നിർദ്ദേശിച്ച സുപ്രീംകോടതി വിധി പാലിക്കപ്പെടണമെന്നാണ് ഹർജികളിലെ ആവശ്യം. കോൺഗ്രസ് നേതാവ് ഡോ. ജയ താക്കൂർ, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് തുടങ്ങിയവരാണ് ഹർജിക്കാർ. തിരഞ്ഞെടുപ്പു കമ്മിഷന്റെ സ്വതന്ത്ര സ്വഭാവം നഷ്‌ടപ്പെടുമെന്നും, ജനാധിപത്യ പ്രക്രിയയുടെ അന്ത്യമുണ്ടാകുമെന്നും ഹർജിയിൽ ആശങ്ക ഉന്നയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |