
ന്യൂഡൽഹി: പഞ്ചാബ് - ഹരിയാന അതിർത്തിയിൽ സമരം തുടരുന്ന കർഷകർക്ക് ഐക്യദാർഢ്യമർപ്പിച്ച് നൂറുകണക്കിന് കർഷകർ ട്രാക്‌ടർ മാർച്ച് നടത്തി. ഇന്നലെ ഹരിയാനയിലെ അംബാല തുടങ്ങി വിവിധയിടങ്ങളിൽ നിന്ന് ശംഭു ബോർഡറിലേക്കായിരുന്നു മാർച്ച്.
പഞ്ചാബിൽ നാളെ ട്രെയിൻ തടയൽ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ഇതിൽനിന്ന് പിന്മാറണമെന്ന് ഹരിയാന മന്ത്രി അനിൽ വിജ് അഭ്യർത്ഥിച്ചു. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ വേറെ സമരമാർഗങ്ങൾ നോക്കണം.
101 കർഷകരുടെ 'ഡൽഹി ചലോ' പദയാത്രയ്‌ക്ക് ഹരിയാനയിൽ കൂടി കടന്നുപോകാൻ സർക്കാർ അനുമതി നിഷേധിച്ചിരിക്കുകയാണ്. പലതവണ ഹരിയാന പൊലീസും കർഷകരുമായി ഏറ്റുമുട്ടലുണ്ടായി. ഡൽഹിയിൽ പ്രവേശിക്കാനുള്ള അനുമതി കാണിക്കാതെ മുന്നോട്ടു പോകാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് സർക്കാർ.
കാർഷിക വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കാൻ നിയമനിർമ്മാണം, വായ്‌പ എഴുതിത്തള്ളൽ തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഫെബ്രുവരി 13 മുതൽ ശംഭു-ഖനൗരി അതിർത്തികളിൽ പ്രക്ഷോഭം നടക്കുകയാണ്. സംയുക്ത കിസാൻ മോർച്ച, കിസാൻ മസ്ദൂർ മോർച്ച എന്നിവയുടെ ആഭിമുഖ്യത്തിലാണിത്. അംബാലയിൽ ഇന്റർനെറ്റിനും കൂട്ട എസ്.എം.എസിനും വിലക്ക് തുടരുന്നു.
വഴങ്ങാതെ ദല്ലേവാൾ
കർഷക നേതാവും 70കാരനുമായ ജഗ്ജിത് സിംഗ് ദല്ലേവാൾ ഖനൗരി അതിർത്തിയിൽ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സത്യഗ്രഹം 22ാം ദിവസത്തേക്ക് കടന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായിരിക്കുകയാണ്. ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്‌ടർമാർ ഇന്നലെ നിർദ്ദേശിച്ചെങ്കിലും ദല്ലേവാൾ വഴങ്ങിയില്ല. ഹൃദയാഘാതത്തിന് സാദ്ധ്യതയുണ്ടെന്നത് ആശങ്ക ഉയർത്തുന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മരണംവരെ നിരാഹാരമെന്നാണ് ദല്ലേവാളിന്റെ നിലപാട്. ക്യാൻസറിന്റെ ഭാഗമായുള്ള അവശതയും അദ്ദേഹത്തിനുണ്ട്. നേരത്തെ സുപ്രീംകോടതിയും ദല്ലേവാളിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്ക രേഖപ്പെടുത്തിയിരുന്നു. പഞ്ചാബ് ഡി.ജി.പി ഗൗരവ് യാദവും, കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഡയറക്‌ടർ മായങ്ക് ശർമ്മയും ഞായറാഴ്ച അദ്ദേഹത്തെ സന്ദർശിച്ച് സമവായ ശ്രമം നടത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |