
ചെന്നൈ: അംബേദ്കറിനെതിരായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമർശത്തിൽ വിവാദം കത്തിനിൽക്കവെ
വിമർശനവുമായി നടനും തമിഴക വെട്രി കഴകം പാർട്ടി പ്രസിഡന്റുമായ വിജയ്. അംബേദ്കർ എന്ന പേരിനോട് ചിലർക്ക് അലർജിയാണെന്നും മഹത്തായ ആ നാമം സന്തോഷത്തോടെ ഉച്ചരിക്കാമെന്നും വിജയ് എക്സിൽ കുറിച്ചു. അംബേദ്കറെ അപമാനിക്കാൻ ഒരിക്കലും അനുവദിക്കരുത്. അമിത് ഷായുടെ പരാമർശത്തെ ശക്തമായി അപലപിക്കുന്നുവെന്നും അറിയിച്ചു.
''അംബേദ്കർ എന്ന പേരിനോട് ചിലർക്ക് അലർജിയുണ്ടാകാം. സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിച്ച ഇന്ത്യയിലെ എല്ലാവിഭാഗം ജനങ്ങളാലും ഉയർത്തിപ്പിടിക്കപ്പെട്ട സമാനതകളില്ലാത്ത രാഷ്ട്രീയബൗദ്ധിക വ്യക്തിത്വമാണ് അദ്ദേഹം. അംബേദ്കർ... അംബേദ്കർ... അംബേദ്കർ... നമുക്ക് ഹൃദയത്താലും ചുണ്ടുകളാലും അദ്ദേഹത്തിന്റെ നാമം ഉരുവിട്ടുകൊണ്ടിരിക്കാം. അദ്ദേഹത്തെ അപമാനിക്കാൻ നാം ഒരിക്കലും അനുവദിക്കരുത്. തമിഴക വെട്രി കഴകം പാർട്ടിയുടെ പേരിൽ, അംബേദ്കറെ അപമാനിച്ചതിന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നടപടിയെ ഞാൻ ശക്തമായി അപലപിക്കുന്നു. അംബേദ്കറുടെ പൈതൃകം പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് പ്രത്യാശയുടെ വെളിച്ചമാണ്. സാമൂഹിക അനീതിക്കെതിരായ ചെറുത്തുനിൽപ്പിന്റെ പ്രതീകമാണ്. ' -
വിജയ് എക്സിൽ കുറിച്ചു.
ആധുനിക ഇന്ത്യ കെട്ടിപ്പടുത്തത്
അംബേദ്കർ: കമൽ ഹാസൻ
ആധുനിക ഇന്ത്യ കെട്ടിപ്പടുത്തത് അംബേദ്കറിന്റെ ആശയങ്ങളാണെന്നും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളിൽ വിശ്വസിക്കുന്നവർ ആ മഹാന്റെ പൈതൃകത്തെ കളങ്കപ്പെടുത്താൻ അനുവദിക്കില്ലെന്നും നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ. വിദേശ ശക്തികളിൽ നിന്ന് ഗാന്ധിജി ഇന്ത്യയെ സ്വതന്ത്രമാക്കിയപ്പോൾ അംബേദ്കർ പുരാതനമായ സാമൂഹിക അനിതീയുടെ ചങ്ങലകളിൽ നിന്ന് മോചിപ്പിച്ചു. എല്ലാവരും തുല്യരായി ജനിക്കുന്ന സ്വതന്ത്ര ഇന്ത്യ എന്ന ബാബാസാഹിബിന്റെ കാഴ്ചപ്പാടിൽ അഭിമാനത്തോടെ വിശ്വസിക്കുകയും അതിനായി പോരാടുകയും ചെയ്യുന്ന ഓരോ ഇന്ത്യക്കാരനും അദ്ദേഹത്തെ കളങ്കപ്പെടുത്താൻ അനുവദിക്കില്ല.- കമൽഹാസൻ എക്സിൽ കുറിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |