
ന്യൂഡൽഹി: അദാനി, മണിപ്പൂർ, സംഭാൽ മുതൽ അംബേദ്‌കർ പ്രസ്‌താവന വരെ. ചൂടുപിടിപ്പിച്ച നിരവധി വിഷയങ്ങളിൽ ഭരണ-പ്രതിപക്ഷങ്ങൾ കലഹിച്ച പാർലമെന്റിന്റെ ശീതകാല സമ്മേളനം കാര്യമായ നടപടികളില്ലാതെ അവസാനിച്ചു.
കേന്ദ്രസർക്കാരിന്റെ അഭിമാന തീരുമാനമായ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനുള്ള ബിൽ അവതരിപ്പിച്ചതും ഭരണഘടനയുടെ 75-ാം വാർഷികത്തിന്റെ ഭാഗമായി നടന്ന ചർച്ചയും മാത്രമാണ് സമ്മേളനത്തിന്റെ പ്രധാന നേട്ടങ്ങൾ. പ്രതിഷേധത്തെത്തുടർന്ന് പല തവണ പാർലമെന്റ് സ്തംഭിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ നടത്തിയ അംബേദ്‌കർ പരാമർശത്തെ ചൊല്ലി ഭരണ-പ്രതിപക്ഷ അംഗങ്ങൾ പാർലമെന്റിന്റെ തിരുമുറ്റത്ത് ഏറ്റുമുട്ടിയ നാണക്കേടുമുണ്ടായി. നവംബർ 24ന് സമ്മേളനം തുടങ്ങിയ അന്നുമുതൽ ബഹളമായിരുന്നു. അദാനി അഴിമതി വിഷയം ഉന്നയിച്ച് കോൺഗ്രസ് നേതൃത്വത്തിൽ പ്രതിപക്ഷം തുടർച്ചയായി നടപടികൾ തടസപ്പെടുത്തി. 'ഇന്ത്യ' മുന്നണിയിൽ തൃണമൂലിന്റെ അതൃപ്‌തിയെ തുടർന്ന് കോൺഗ്രസ് അയഞ്ഞതോടെ ചില ദിവസങ്ങളിൽ സഭാ തടസമില്ലാതെ നടന്നു. അദാനി വിഷയം ചെറുക്കാൻ ബി.ജെ.പി സോറോസ്-സോണിയാ ഗാന്ധി ബന്ധം ആരോപിച്ചതോടെ രാജ്യസഭ പ്രക്ഷുബ്ധമായി. പ്രതിപക്ഷവും അദ്ധ്യക്ഷൻ ജഗ്ദീപ് ധൻകറും പലപ്പോഴും ഏറ്റുമുട്ടി. പക്ഷപാതപരമായ നിലപാട് ആരോപിച്ച് അദ്ധ്യക്ഷനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസും കൊടുത്തു.
ഭരണഘടനയുടെ 75-ാം വാർഷികം ആഘോഷിക്കാൻ പഴയ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ഇരുസഭകളെയും രാഷ്‌ട്രപതി ദ്രൗപദി മുർമു അഭിസംബോധന ചെയ്‌തു. കോൺഗ്രസിന്റെ ആവശ്യപ്രകാരം സർക്കാർ ഭരണഘടനാ ചർച്ചയ്ക്ക് അനുമതി നൽകി. എന്നാൽ അടിയന്തരാവസ്ഥ അടക്കം ചൂണ്ടിക്കാട്ടി ചർച്ചയിൽ ബി.ജെ.പി കോൺഗ്രസിനുമേൽ ആധിപത്യം സ്ഥാപിച്ചു. ഇതിന്റെ തുടർച്ചയായിരുന്നു രാജ്യസഭയിൽ അമിത് ഷാ നടത്തിയ അംബേദ്‌കർ പരാമർശം. ബി.ജെ.പി എം.പിമാരെ പിടിച്ചുതള്ളി പരിക്കേൽപ്പിച്ചെന്ന് ആരോപിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ എഫ്.ഐ.ആറും രജിസ്റ്റർ ചെയ്‌തു.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടത്താനുള്ള 129-ാം ഭരണഘടനാ ഭേദഗതി അവതരിപ്പിച്ചതിന്റെ പേരിലാകും ശൈത്യകാല സമ്മേളനം ചരിത്രത്തിൽ രേഖപ്പെടുത്തുക. അവതരിപ്പിച്ച ബിൽ പ്രതിപക്ഷത്തിന്റെ എതിർപ്പ് പരിഗണിച്ച് ജെ.പി.സിക്ക് വിട്ടു. ഇതടക്കം അഞ്ച് ബില്ലുകൾ ലോക്‌സഭയിൽ അവതരിപ്പിക്കുകയും നാലെണ്ണം പാസാക്കുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |