SignIn
Kerala Kaumudi Online
Thursday, 22 October 2026 5.03 PM IST

മൻമോഹൻ സിംഗ് ആയിരുന്നു ശരി

manmohan-singh-

വ്യാജചരിത്ര നിർമ്മിതികൾ പരത്തുന്ന ഇരുട്ടിൽ സത്യത്തിന്റെ കെടാവിളക്കുകൾ തെളിച്ച്, അംബരചുംബിയായ ദീപസ്തംഭമായി, നിങ്ങൾ ചരിത്രത്തിനു വഴികാട്ടുന്നു. താങ്കൾ ചരിത്രത്തിനുമുമ്പേ നടന്നയാളാണ്... ഡോ. സിംഗ്, താങ്കൾ ഞങ്ങളെ സാമ്പത്തിക വിപ്ലവത്തിന്റെ വഴിയിലൂടെ നയിച്ചു. നിങ്ങളുടെ ഭരണത്തിൽ ഇന്ത്യ സാമ്പത്തിക രംഗത്ത് ലോകശക്തിയായി കൊണ്ടിരിക്കുമ്പോഴും പാവപ്പെട്ടവരിലേക്കും വളർച്ചയുടെ സദ്ഫലങ്ങൾ എത്തിക്കാൻ കഴിഞ്ഞു.

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ഭക്ഷ്യ ഭദ്രതാ നിയമവും വിദ്യാഭ്യാസ അവകാശ നിയമവും വിവരാവകാശ നിയമങ്ങളും മറ്റൊരു കാലഘട്ടത്തിലുമില്ലാത്തവണ്ണം ക്ഷേമ പദ്ധതികളിലൂടെയും ഞങ്ങളെ ശാക്തീകരിച്ചു. ലോകം മുഴുവൻ സാമ്പത്തിക മാന്ദ്യത്തിൽപ്പെട്ട് ഉഴലുമ്പോൾ, താങ്കൾ ഇന്ത്യയെ സാമ്പത്തിക വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കൈപിടിച്ചു കയറ്റി. സാമ്പത്തിക മാന്ത്രികതയിൽ സർവ മേഖലയിലും ഇന്ത്യ കുതിച്ചുയർന്നപ്പോൾ ലോകനേതാക്കൾ താങ്കളെ ആരാധനയോടെ കണ്ടു.

സൗമ്യതയോടെ അതിവൈകാരികതയില്ലാതെ ഇന്ത്യയെ മുന്നോട്ടുനയിച്ച മൃദുഭാഷിയെങ്കിലും ദൃഢചിത്തനായ രാഷ്ട്രനേതാവായിരുന്നു താങ്കൾ. അങ്ങയുടെ മന്ത്രിസഭയിൽ രണ്ടു തവണയായി മൂന്നു വർഷക്കാലം സഹപ്രവർത്തകനായിരുന്ന എനിക്ക് താങ്കൾ വഴികാട്ടിയായിരുന്നു. ഇന്ത്യക്ക് ഗുണകരമായ തീരുമാനങ്ങൾ എത്ര ശക്തമായ എതിർപ്പുണ്ടായിട്ടും മാറ്റാതെ ഒരു മഹാമേരുവായി ഉറച്ചുനിന്നു നടപ്പിലാക്കിയ ഡോ. സിംഗ് താങ്കളാണ് കരുത്തനായ പ്രധാനമന്ത്രി.

അനേകം മഹായുദ്ധങ്ങൾ ജയിക്കുന്നതിലും ഉന്നതമായിരുന്നു നിങ്ങൾ നമുക്കായി നേടിയ സാമ്പത്തിക യുദ്ധവിജയം. ശത കോടിക്കണക്കിനു മനുഷ്യരെ ദരിദ്ര്യരേഖയ്ക്കു മുകളിലേക്ക് കൈപിടിച്ചുയർത്തിയ താങ്കളോട് അന്നത്തെ മാദ്ധ്യമങ്ങളും പ്രതിപക്ഷവും ജനങ്ങളും നീതി കാണിച്ചില്ല. കൂരമ്പുകൾ ഒന്നൊന്നായി നെഞ്ചിലേൽക്കുമ്പോഴും സ്വന്തം കർത്തവ്യത്തിൽ മാത്രം മുഴുകി.

വാചാലമായ എത്രയെത്ര പത്ര സമ്മേളനങ്ങൾ. എങ്കിലും താങ്കളെ അവർ മൗനി എന്നുവിളിച്ചു. കരുത്തുറ്റ അനേകം തീരുമാനങ്ങൾ എടുത്തുവെങ്കിലും ദുർബലൻ എന്നുവിളിച്ചു. ജനാധിപത്യം, സാഹോദര്യം, പുരോഗമനം എല്ലാം തികഞ്ഞൊരു ഭരണാധികാരിയായിരുന്നു താങ്കൾ. കാലവും ചരിത്രവും സാക്ഷി പറയുന്നു താങ്കളായിരുന്നു ശരിയെന്ന്... നന്മ നിറഞ്ഞ ശരി... പ്രണാമം ഡോ. മൻമോഹൻ സിംഗ്...

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360