
ന്യൂഡൽഹി : ഇടക്കാലത്ത് ഇന്ത്യ-ചൈന ബന്ധത്തിൽ പുരോഗതിയുണ്ടായെങ്കിലും വീണ്ടും വിള്ളൽ വീഴ്‌ത്തി പുതിയ സംഭവ വികാസങ്ങൾ. അതിർത്തിയിൽ രണ്ട് കൗണ്ടികൾ നിർമ്മിക്കാനുള്ള ചൈനയുടെ നീക്കത്തിൽ ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചു. ചൈനയുടെ നിർദ്ദിഷ്‌ട കൗണ്ടികൾ ഇന്ത്യയുടെ കേന്ദ്രഭരണപ്രദേശമായ ലഡാക്കിനുള്ളിൽ വരുന്നതാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. പരമാധികാരം സംബന്ധിച്ച ഇന്ത്യയുടെ നിലപാട് സ്ഥിരതയുള്ളതാണ്. ഇന്ത്യൻ അതിർത്തിയിലെ ചൈനയുടെ നിയമവിരുദ്ധ കടന്നുകയറ്റം ഒരു കാരണവശാലും അനുവദിക്കില്ല. നയതന്ത്ര ചാനലുകൾ വഴി ശക്തമായ പ്രതിഷേധം ചൈനയെ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.
അതിർത്തിയിലെ സേനാ പിന്മാറ്റം അടക്കം കാര്യങ്ങളിൽ കഴിഞ്ഞ ഒക്ടോബർ 21ന് ഇരുരാജ്യങ്ങളും ധാരണയായിരുന്നു. നാലുവർഷത്തിലേറെ നീണ്ടുനിന്ന സംഘർഷ സാഹചര്യത്തിനാണ് അയവുണ്ടായത്. ദെപ്‌സാംഗ് - ദെംചോക് മേഖലകളിലെ സേനാ പട്രോളിംഗിലും ധാരണയായി. ഒക്ടോബർ 23ന് റഷ്യയിലെ കസാനിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളുമായുള്ള നയതന്ത്ര സഹകരണം ലോക സമാധാനത്തിനും സ്ഥിരതയ്‌ക്കും പുരോഗതിക്കും പരമപ്രധാനമാണെന്ന് മോദി അന്ന് വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് വീണ്ടും ചൈനയുടെ പ്രകോപനപരമായ നീക്കം.
ഡാം നിർമ്മാണത്തിലും
എതിർപ്പ്
ഇന്ത്യൻ അതിർത്തിക്ക് സമീപം, ടിബറ്റിൽ ബ്രഹ്മപുത്ര നദിയിൽ കൂറ്റൻ ഡാം നിർമ്മിക്കാനുള്ള ചൈനയുടെ നീക്കത്തിലും ഇന്ത്യ എതിർപ്പ് അറിയിച്ചു. ബ്രഹ്മപുത്ര നദി കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ താത്പര്യങ്ങൾ ഹനിക്കപ്പെടരുത്. കാര്യങ്ങൾ തുടർച്ചയായി ഇന്ത്യ നിരീക്ഷിക്കുന്നുണ്ട്. രാജ്യത്തിന്റെ താത്പര്യം സംരക്ഷിക്കാൻ ആവശ്യമായ നടപടിയെടുക്കുമെന്നും ജയ്‌സ്വാൾ പറഞ്ഞു. ഡാം നിർമ്മാണം അരുണാചൽ പ്രദേശ്, അസാം സംസ്ഥാനങ്ങളിലെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ ബാധിക്കുമെന്ന് ഇന്ത്യയ്‌ക്ക് ആശങ്കയുണ്ട്. വിദഗ്ദ്ധ തലത്തിലും നയതന്ത്ര തലത്തിലും ഇന്ത്യയുടെ നിലപാടും ആശങ്കയും അറിയിച്ചു. കൂടിയാലോചന ആവശ്യമുള്ള വിഷയമാണ്. പുതിയ ഡാം നിർമ്മിക്കാനുള്ള തീരുമാനം ഡിസംബർ 25നാണ് ചൈന പുറത്തുവിട്ടത്. പദ്ധതിക്ക് 137 ബില്യൺ യു.എസ് ഡോളർ ചെലവ് വരുമെന്നാണ് പ്രതീക്ഷ. വിഷയത്തിൽ ബംഗ്ലാദേശും ആശങ്കയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |