
ന്യൂഡൽഹി: ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആം ആദ്മി പാർട്ടിക്കെതിരെ ആഞ്ഞടിച്ചും ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിൽ താമര വിരിയും. രാജ്യതലസ്ഥാനത്തിന്റെ മികച്ച ഭാവിയ്‌ക്കായി അവസരം നൽകണമെന്ന് രോഹിണിയിൽ സംഘടിപ്പിച്ച പരിവർത്തൻ യാത്രയിൽ മോദി വോട്ടർമാരോട് അഭ്യർത്ഥിച്ചു. ആം ആദ്മി പാർട്ടി ദുരന്തമാണെന്ന് ഇന്നലെയും മോദി ആവർത്തിച്ചു. ഡൽഹി സർക്കാരിന്റെ നിലവിലെ ക്ഷേമപദ്ധതികൾ ബി.ജെ.പി ഭരണത്തിലെത്തിയാലും തുടരും. എന്നാൽ, അത്തരം പദ്ധതികളിലെ അഴിമതി ഇല്ലാതാക്കും. ഇന്ത്യയെ സംബന്ധിച്ച് അടുത്ത 25 വർഷങ്ങൾ നിർണായകമാണ്. ഡൽഹിയിൽ വികസനം കൊണ്ടുവരാൻ ബി.ജെ.പിക്ക് മാത്രമേ കഴിയൂ. മെട്രോ സർവീസ് രാജ്യതലസ്ഥാനത്തിന്റെ ഓരോ കോണിലും എത്തിച്ചത് ബി.ജെ.പിയാണ്. ആം ആദ്മി പാർട്ടി എന്ന ദുരന്തത്തെ ഭരണത്തിൽ നിന്ന് തൂത്തെറിയാനുള്ള അവസരമാണ്. ജനങ്ങളുടെ പത്ത് വർഷം അവർ നശിപ്പിച്ചെന്നും മോദി കൂട്ടിച്ചേർത്തു.
ജനത്തെ അധിക്ഷേപിക്കുന്നു: കേജ്‌രിവാൾ
നരേന്ദ്രമോദി ഡൽഹി സർക്കാരിനെയും ജനത്തെയും അധിക്ഷേപിക്കുന്നത് തുടരുകയാണെന്ന് ആം ആദ്മി ദേശീയ കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ തിരിച്ചടിച്ചു. അധിക്ഷേപമല്ല, ഡൽഹിക്കായി മികച്ച പദ്ധതികളാണ് മോദിയിൽ നിന്ന് ജനം പ്രതീക്ഷിക്കുന്നത്. ജനത്തിന്റെ യഥാർത്ഥ പ്രശ്‌നങ്ങളെക്കുറിച്ചാണ് മോദി സംസാരിക്കേണ്ടത്. മെട്രോ വികസനം ആം ആദ്മിയുടെ ശ്രമഫലമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |