ന്യൂഡൽഹി: കണ്ണൂർ മേലൂരിലെ ആർ.എസ്.എസ് പ്രവർത്തകരായ സുജീഷ്,സുനിൽ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ നാല് സി.പി.എം പ്രവർത്തകരുടെ ജീവപര്യന്തം ശരിവച്ച് സുപ്രീംകോടതി. ശിവാട്ടി എന്ന പന്നിയോടൻ ശിവദാസൻ,കൊക്കൊടൻ അശോകൻ എന്ന ഇടക്കണ്ടി അശോകൻ,എടുപ്പി പ്രദീപൻ എന്ന വെള്ളോര പ്രദീപൻ,ബാദിയിൽ റിനീഫ് എന്നിവരുടെ അപ്പീലുകൾ തള്ളി. വിചാരണക്കോടതിയുടെ വിധി അംഗീകരിച്ച കേരള ഹൈക്കോടതി നടപടിയിൽ പിഴവില്ലെന്ന് ജസ്റ്റിസുമാരായ സുധാൻഷു ധൂലിയ,പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. അപ്പീൽ കാലയളവിൽ ഒന്നാംപ്രതി പി. ദിനേശൻ എന്ന ഇടക്കണ്ടി ദിനേശൻ മരിച്ചിരുന്നു.
അതേസമയം,സമൂഹത്തിൽ ഭയം സൃഷ്‌ടിക്കുന്നതാണ് ഇത്തരം കുറ്റകൃത്യങ്ങളെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. മൂന്നു ദൃക്‌സാക്ഷികളുടെ മൊഴി കോടതി കണക്കിലെടുത്തു.
രാഷ്ട്രീയ വൈരാഗ്യം
മേലൂരിലെ ഒരു സംഘം സി.പി.എം പ്രവർത്തകർ ആർ.എസ്.എസിൽ ചേർന്നതിന് പിന്നാലെയാണ് 2002 മാർച്ച് ഒന്നിന് അർദ്ധരാത്രിയിൽ സുജീഷ്,സുനിൽ തുടങ്ങിയവരെ സി.പി.എം പ്രവർത്തകർ ആക്രമിച്ചത്. മേലൂർ നദിക്കരയിലെ ഷെഡിൽ ഉറങ്ങി കിടക്കുകയായിരുന്നു ഇവർ. മഴുവും വാളും ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ സുജീഷിനെ തലശേരി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സുനിലിന്റെ മൃതദേഹം അടുത്ത ദിവസം സമീപത്തെ ചതുപ്പുനിലത്തിൽ കണ്ടെത്തുകയായിരുന്നു.
എതിർത്ത് സംസ്ഥാന സർക്കാർ
സി.പി.എം പ്രവർത്തകരുടെ അപ്പീൽ തള്ളണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ശിക്ഷ ശരിവച്ചതെന്ന് വാദിച്ചു. ഹൈക്കോടതി നടപടിയിൽ തെറ്റില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |