
ന്യൂഡൽഹി: ജീവിത ചെലവിന് ആനുപാതികമായി ഇ.പി.എഫ് കുറഞ്ഞ പെൻഷൻ തുക വർദ്ധിപ്പിക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ കേന്ദ്ര ബഡ്‌ജറ്റിന് മുന്നോടിയായി വിളിച്ച യോഗത്തിൽ ട്രേഡ് യൂണിയനുകൾ ആവശ്യപ്പെട്ടു. പെൻഷൻ തുക വേരിയബിൾ ഡി.എയുമായി ബന്ധിപ്പിച്ച് കാലാനുസൃതമായി പരിഷ്‌കരിക്കണമെന്ന ആവശ്യവുമുയർന്നു.
ഇ.പി.എഫ് പെൻഷൻ തുക 5000 രൂപയാക്കണമെന്നും ഭൂരിപക്ഷവും വനിതകൾ അടങ്ങിയ ആശ, അംഗനവാടി, ഉച്ചഭക്ഷണ തൊഴിലാളികൾക്ക് ഇ.എസ്.ഐ, ഇ.പി.എഫ് സുരക്ഷ ഉറപ്പാക്കണമെന്നും ടി.യു.സി.സി ജനറൽ സെക്രട്ടറി എസ്.പി. തിവാരി ആവശ്യപ്പെട്ടു. ബഡ്‌ജറ്റ് തയ്യാറാക്കുന്നതിന് മുന്നോടിയായി വിവിധ മേഖലകളിൽ നിന്നുള്ള പ്രതികരണങ്ങൾ ശേഖരിക്കാനാണ് യോഗം വിളിച്ചതെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു.
കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അനന്ത നാഗേശ്വരൻ, ധനകാര്യ സെക്രട്ടറി ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ, സാമ്പത്തിക കാര്യ വകുപ്പിലെയും നിക്ഷേപ, പബ്ലിക് അസറ്റ് മാനേജ്‌മെന്റ് വകുപ്പിലെയും സെക്രട്ടറിമാർ, തൊഴിൽ മന്ത്രാലയത്തിന്റെ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |