
ഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ കഴിയുന്ന ഒമ്പതു വയസുകാരൻ ശ്രീതേജയെ സന്ദർശിച്ച് അല്ലു അർജ്ജുൻ. ഇന്നലെ ഹൈദരാബാദിലെ ആശുപത്രിയിലെത്തിയാണ് ശ്രീതേജയെ കണ്ടത്. മസ്തിഷ്ക മരണം സംഭവിച്ച ശ്രീതേജ
സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തുടരുന്നത്.
അല്ലു അർജ്ജുന്റെ സന്ദർശനത്തോടനുബന്ധിച്ച് ആശുപത്രി പരിസരത്ത് വൻ സുരക്ഷയാണ് ഒരുക്കിയിരുന്നത്. സംസ്ഥാന ഫിലിം ഡവലപ്‌മെന്റ് കോർപറേഷൻ ചെയർമാൻ ദിൽ രാജുവും അല്ലുവിനൊപ്പം ആശുപത്രിയിലെത്തി. അല്ലു എത്തിയ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്.
സന്ദർശനം രഹസ്യമായിരിക്കണമെന്ന് പൊലീസ് നേരത്തേ അല്ലുവിനെ അറിയിച്ചിരുന്നു. ആശുപത്രി പരിസരത്തെ സുരക്ഷാക്രമീകരണങ്ങൾ മുൻനിറുത്തി നോട്ടീസ് അയയ്ക്കുകയും ചെയ്‌തു.
അല്ലു അർജുൻ കുട്ടിയെ സന്ദർശിക്കാത്തതിൽ നേരത്തേ വിവാദം ഉയർന്നിരുന്നു. അപകടം നടന്നതിന്റെ തൊട്ടടുത്ത ദിവസം അല്ലു കുട്ടിയെ സന്ദർശിക്കണമെന്ന് പറഞ്ഞിരുന്നെന്നും എന്നാൽ ആശുപത്രി അധികൃതരുടെ നിർദ്ദേശ പ്രകാരം ഒഴിവാക്കുകയായിരുന്നുവെന്നും അല്ലു അർജ്ജുന്റെ പിതാവ് അല്ലു അരവിന്ദ് പിന്നീട് വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് അല്ലു അർജ്ജുന് കഴിഞ്ഞ ദിവസം തെലങ്കാന ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
ഡിസംബർ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. ഹൈദരാബാദ് സന്ധ്യ തിയേറ്ററിൽ സംഘടിപ്പിച്ച പ്രീമിയർ ഷോയ്ക്കിടെ ആരാധകരുടെ തിക്കിലും തിരക്കിലും പെട്ട് ശ്രീതേജയുടെ അമ്മ രേവതി മരണപ്പെട്ടു. പിന്നാലെ അല്ലുവിനെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസിൽ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അല്ലു അർജുനെ അതിരൂക്ഷമായി വിമർശിച്ചിരുന്നു. രണ്ട് കോടി രൂപ മരിച്ച രേവതിയുടെ കുടുംബത്തിന് നൽകാൻ പുഷ്പ2 ടീം തീരുമാനിച്ചിരുന്നു. ഇതിനിടെ ചിത്രത്തിനുവേണ്ടി അല്ലു അർജുൻ പാടിയ ഗാനം യൂട്യൂബിൽനിന്ന് നീക്കുകയുംചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |