SignIn
Kerala Kaumudi Online
Saturday, 24 October 2026 12.41 AM IST

പ്രവാസി ഭാരതീയ ദിവസിന് തുടക്കം ലോകത്തിന്റെ ഭാവി യുദ്ധമല്ല, ബുദ്ധൻ: പ്രധാനമന്ത്രി

d

ന്യൂഡൽഹി: ലോകത്തിന്റെ ഭാവി യുദ്ധത്തിലല്ല, ശ്രീ ബുദ്ധൻ കാട്ടിത്തന്ന സമാധാന പാതയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ അംബാസഡർമാരായ പ്രവാസികൾ ഈ സന്ദേശം ലോകമെങ്ങും എത്തിക്കണമെന്നും മോദി അഭ്യർത്ഥിച്ചു. ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ 18-ാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു. ലോകം വാളിന്റെ ശക്തിയിലൂടെ സാമ്രാജ്യങ്ങൾ വികസിപ്പിച്ചപ്പോൾ സമാധാനത്തിന്റെ പാത തിരഞ്ഞെടുത്ത അശോക സാമ്രാട്ടിന്റെ നാടാണ് ഇന്ത്യ. ഇന്ത്യ വിശ്വബന്ധു ആയി അംഗീകരിക്കപ്പെട്ടു. ഇന്ത്യക്കാർ വൈവിദ്ധ്യത്തെ സ്വീകരിക്കുന്നു. അവർ ചേരുന്ന സമൂഹങ്ങളിൽ ലയിച്ച് പ്രാദേശിക നിയമങ്ങളെയും പാരമ്പര്യങ്ങളെയും ബഹുമാനിക്കുന്നു. ഇന്ത്യക്കാർ അവരുടെ ആതിഥേയ രാജ്യങ്ങളെ സത്യസന്ധതയോടെ സേവിച്ച് വളർച്ചയ്ക്കും സമൃദ്ധിക്കും സംഭാവന നൽകുന്നു.

പ്രവാസികളെ ഇന്ത്യ എപ്പോഴും ഹൃദയത്തോട് ചേർത്തുനിറുത്തുന്നു. പ്രവാസികൾക്ക് രാജ്യവുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വേദിയാണ് പ്രവാസി ഭാരതീയ ദിവസ് സമ്മേളനം. ഇന്ത്യ, ഭാരതീയത, സംസ്കാരം, പുരോഗതി എന്നിവയുടെ വേരുകളുമായി ബന്ധിപ്പിക്കാനുള്ള ആഘോഷമാണിത്. ഇന്ത്യയിൽ നിർമ്മിച്ച വിമാനങ്ങളിൽ പ്രവാസി ഭാരതീയ ദിവസിനായി വരുന്ന കാലം വിദൂരമല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.പ്രതിസന്ധി സാഹചര്യങ്ങളിൽ പ്രവാസികളെ സഹായിക്കേണ്ടത് ഉത്തരവാദിത്വമാണ്. അത് ഇന്ത്യൻ വിദേശനയത്തിന്റെ പ്രധാന തത്വവുമാണ്. ലോകമെമ്പാടുമുള്ള ഇന്ത്യൻ എംബസികളും ഓഫീസുകളും ഇക്കാര്യത്തിൽ മുൻകൈയെടുക്കുന്നു. പ്രവാസികൾ ഇന്ത്യയുടെ വികസനയാത്രയുടെ ഭാഗമാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

പ്രത്യേക പ്രവാസി

ടൂറിസ്റ്റ് ട്രെയിൻ

'വികസിത ഭാരതത്തിലേക്കുള്ള പ്രവാസികളുടെ സംഭാവന" എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം. സമ്മേളമം ഇന്ന് അവസാനിക്കും. 50ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ പങ്കെടുക്കുന്നു. ഡൽഹി നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന പ്രത്യേക പ്രവാസി ടൂറിസ്റ്റ് ട്രെയിൻ പ്രധാനമന്ത്രി റിമോട്ട് വഴി ഫ്ലാഗ് ഓഫ് ചെയ്തു. 150 പേർക്ക് പ്രവാസി തീർത്ഥ ദർശൻ യോജനയ്ക്ക് കീഴിൽ വിനോദസഞ്ചാര, മത പ്രാധാന്യമുള്ള സ്ഥലങ്ങളിലേക്ക് മൂന്നാഴ്‌ച നീളുന്ന യാത്രയാണിത്. ഒഡീഷ ഗവർണർ ഡോ. ഹരി ബാബു കമ്പംപതി, ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാഞ്ചി, കേന്ദ്ര മന്ത്രിമാരായ എസ്. ജയശങ്കർ, അശ്വിനി വൈഷ്ണവ്, പ്രഹ്ലാദ് ജോഷി, ധർമേന്ദ്ര പ്രധാൻ, ജുവൽ ഓറാം, ശോഭ കരന്ദ്ലജെ, കീർത്തി വർദ്ധൻ സിംഗ് എന്നിവരും പങ്കെടുത്തു. ട്രിനിഡാഡ് ആന്റ് ടൊബാഗോ റിപ്പബ്ലിക് പ്രസിഡന്റ് ക്രിസ്റ്റീൻ കാർല കംഗലു മുഖ്യാതിഥിയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360