□കേരളമടക്കം 12 സംസ്ഥാനങ്ങളിൽ
ന്യൂഡൽഹി: ആധുനിക യുദ്ധ ഭീഷണികളെയും അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ സിവിൽ ഡിഫൻസ് സന്നദ്ധ പ്രവർത്തകർക്ക് സൈനിക പരിശീലനം . കരസേനയുടെ നേതൃത്വത്തിൽ കേരളമടക്കം 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും
ആദ്യ ഘട്ടത്തിൽ 600 പേർക്ക് പ്രത്യേക പരിശീലനം നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നവംബർ രണ്ടാം വാരത്തോടെ മൂന്ന് ദിവസത്തെ പരിശീലനം പൂർത്തിയാക്കും.
ഡ്രോൺ ആക്രമണ മുന്നറിയിപ്പ്, വ്യോമാക്രമണ ഭീഷണി, തീപിടിത്തം, രാസ-ജൈവ-വികിരണ-ആണവ ഭീഷണികൾ, രക്ഷാ പ്രവർത്തനം, പരിക്കേറ്റവരെ പരിചരിക്കൽ, അടിയന്തര ആശയ വിനിമയം, സൈബർ സുരക്ഷ എന്നിവയിലാണ് പരിശീലനം. ഓരോ പരിശീലകനും അതത് മേഖലകളിൽ 100 സിവിൽ ഡിഫൻസ് സന്നദ്ധ പ്രവർത്തകർക്ക് പരിശീലനം നൽകും. ഇതിലൂടെ 12 സംസ്ഥാനങ്ങളിലായി 60,000 പേരെ പരിശീലിപ്പിക്കുകയാണ് ലക്ഷ്യം.
ജമ്മു കാശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത്, ഡൽഹി, മേഘാലയ, സിക്കിം, അസം, ഉത്തർപ്രദേശ്, കേരളം, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടം. പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതിയുടെ ഫലം വിലയിരുത്തിയ ശേഷം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. ആധുനിക സുരക്ഷാ ഭീഷണികളെ നേരിടാൻ സജ്ജമായ സിവിൽ ഡിഫൻസ് ശൃംഖല രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |