
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ അധികാരത്തിലെത്തിക്കാൻ മാത്രം രൂപീകരിച്ചതാണെങ്കിൽ 'ഇന്ത്യ" മുന്നണി പിരിച്ചുവിടണമെന്ന് ജമ്മു കാശ്‌മീരിലെ ഭരണകക്ഷിയായ നാഷണൽ കോൺഫറൻസ്. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും പരസ്‌പരം പോരടിക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്‌ദുള്ളയുടെ പ്രസ്‌താവന. ബി.ജെ.പിക്കെതിരെ ഇരു പാർട്ടികളും ഒന്നിക്കണമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒമർ അബ്‌ദുള്ള പറഞ്ഞത്: ഡൽഹി തിരഞ്ഞെടുപ്പുമായി ഞങ്ങളുടെ പാർട്ടിക്ക് യാതൊരു ബന്ധവുമില്ലാത്തതിനാൽ അഭിപ്രായം പറയാനാകില്ല. എന്നാൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും ബി.ജെ.പിയെ എങ്ങനെ നേരിടണമെന്ന് തീരുമാനിക്കണം.നിർഭാഗ്യവശാൽ, 'ഇന്ത്യ' മുന്നണി യോഗം സംഘടിപ്പിക്കാത്തതിനാൽ നേതൃത്വത്തെക്കുറിച്ചോ, അജണ്ടയെക്കുറിച്ചോ, നിലനിൽപ്പിനെക്കുറിച്ചോ വ്യക്തതയില്ല. പാർലമെന്റ് തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമായി രൂപകരിച്ച സഖ്യമാണെങ്കിൽ അത് അവസാനിപ്പിക്കണം. ചില സഖ്യകക്ഷികൾക്കിടയിൽ അസ്വസ്ഥത നിലനിൽക്കുന്നുണ്ടെന്നും അത് പരിഹരിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നില്ലെന്നും ഒമർ കുറ്റപ്പെടുത്തി.
ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആം ആദ്മി പാർട്ടിയുടെയും കോൺഗ്രസിന്റെയും നേതാക്കൾ പോരടിക്കുന്നതാണ് കാഴ്‌ച. അരവിന്ദ് കെജ്‌രിവാളിനും ആംആദ്‌മി പാർട്ടിക്കുമെതിരെ ബി.ജെ.പി ഉയർത്തിയ അഴിമതി ആരോപണങ്ങൾ കോൺഗ്രസ് ഏറ്റുപിടിക്കുന്നു. കോൺഗ്രസ് ബി.ജെ.പിയുമായി കൈകോർക്കുന്നുവെന്ന് ആംആദ്മി പാർട്ടിയുടെ പ്രതികരണം.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ 'ഇന്ത്യ'മുന്നണിക്കു കീഴിൽ ഒന്നിച്ചു മത്സരിച്ച പാർട്ടികളാണ് കോൺഗ്രസും ആംആദ്‌മി പാർട്ടിയും. തൊട്ടു പിന്നാലെ നടന്ന ഹരിയാന തിരഞ്ഞെടുപ്പിൽ സഖ്യത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. ഡൽഹിയിൽ സഖ്യം വേണ്ടെന്നും വച്ചു. അതോടെ ത്രികോണ പോരിന് കളമൊരുങ്ങി. നിർണായക മണ്ഡലങ്ങളിൽ ന്യൂനപക്ഷ വോട്ടുകൾ ഭിന്നിക്കുമെന്ന ആശങ്ക പ്രതിപക്ഷ കക്ഷികൾക്കിടയിലുണ്ട്. ഇതു മുന്നിൽ കണ്ട് സമാജ്‌വാദി പാർട്ടിയും തൃണമൂൽ പാർട്ടിയും ആംആദ്‌മി പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പിനെ തുടർന്നു നടന്ന ഹരിയാന, മഹാരാഷ്‌ട്ര തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് വൻ തിരിച്ചടിയുണ്ടായതിനെ തുടർന്ന് 'ഇന്ത്യ'മുന്നണിക്കുള്ളിൽ അതൃപ്‌തി പ്രകടമായിരുന്നു. അതിന്റെ തുടർച്ചയാണ് ഡൽഹിയിലും കാണുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |