
പൂനെ: പണം വാങ്ങിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സഹപ്രവർത്തകയായ 28കാരിയെ കുത്തിക്കൊന്ന് യുവാവ്.
മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. ശുഭദ കോദാരെയാണ് കൊല്ലപ്പെട്ടത്. കൃഷ്ണ കനോജ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച വൈകിട്ട് ആറിന് തൊഴിലിടത്തെ പാർക്കിംഗ് സ്ഥലത്തുവച്ചാണ് സംഭവം. ഇതിന്റെ
സി.സി ടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കൃഷ്ണ ശുഭദയെ തടഞ്ഞുവയ്ക്കുന്നതും ഇരുവരും വാക്കുതർക്കത്തിൽ ഏർപ്പെടുന്നതും വീഡിയോയിൽ കാണാം. പിന്നാലെ പ്രതി കത്തികൊണ്ട് കുത്തുകയായിരുന്നു. ഈ സമയം നിരവധി പേർ സ്ഥലത്തുണ്ടായിരുന്നെങ്കിലും ആരും രക്ഷിക്കാൻ മുതിർന്നില്ല.
ശുഭദ വീണതോടെ യുവാവ് കത്തി വലിച്ചെറിഞ്ഞു. ഇതോടെ ആളുകൾ കൃഷ്ണയെ പിടിച്ചുവയ്ക്കുകയും മർദ്ദിക്കുകയും ചെയ്തു. യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.
യെരവാഡയിലെ ബിസിനസ് പ്രോസസ് ഔട്ട്‌സോഴ്സിംഗ് കമ്പനിയിലെ അക്കൗണ്ടന്റാണ് പ്രതി കൃഷ്ണ കനോജ. ഇരുവരും സുഹൃത്തുക്കളും സഹപ്രവർത്തകരുമായിരുന്നു. ശുഭദ കൃഷ്ണയിൽ നിന്ന് പതിവായി പണം വാങ്ങിയിരുന്നെന്നും പണം തട്ടിയെടുത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് പറയുന്നു. പിതാവിന് അസുഖമാണെന്ന് പറഞ്ഞാണ് ശുഭദ കൃഷ്ണയിൽ നിന്ന് പണം വാങ്ങിയിരുന്നത്.
കുറച്ച് നാളുകൾ കഴിഞ്ഞ് കൃഷ്ണ യുവതിയോട് പണം തിരികെ ചോദിച്ചു. എന്നാൽ പിതാവിന്റെ ആരോഗ്യനില മോശമാണെന്നും പണമില്ലെന്നും അറിയിച്ചു.
സംശയം തോന്നിയ കൃഷ്ണ ശുഭദയുടെ നാട്ടിലെത്തി. ഇതോടെ തട്ടിപ്പായിരുന്നെന്ന് ബോദ്ധ്യപ്പെടുകയായിരുന്നു. പിതാവിന് അസുഖമൊന്നുമില്ലെന്നും അദ്ദേഹം പൂർണ്ണ ആരോഗ്യവാനാണെന്നും കൃഷ്ണ മനസിലാക്കി. തിരികെ ഓഫീസിലെത്തിയ യുവാവ് ഇതിനെക്കുറിച്ച് ശുഭദയോട് ചോദിക്കുകയും പണം തിരികെ ആവശ്യപ്പെടുകയും ചെയ്തു. തുടർന്നുണ്ടായ തർക്കത്തിനൊടുവിലാണ് കൃഷ്ണ ശുഭദയെ കത്തികൊണ്ട് കുത്തിയത്. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |