
ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചിരിക്കെ, വനിത വോട്ടർമാരെ ഉൾപ്പെടെ ആകർഷിക്കാൻ സൗജന്യങ്ങളുമായി തന്ത്രപരമായ നീക്കം തുടങ്ങി ബി.ജെ.പിയും. 200 യൂണിറ്റിനകത്ത് ഉപയോഗിക്കുന്നവർക്ക് സൗജന്യ വൈദ്യുതി, കുടിവെള്ള സബ്‌സിഡി, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, മൊഹല്ല ക്ലിനിക്കുകൾ തുടങ്ങിയവ ആം ആദ്മി സർക്കാർ നിലവിൽ നടപ്പാക്കി വരുന്നുണ്ട്. ഇതിനുപുറമെ, വീണ്ടും അധികാരത്തിലെത്തിയാൽ 60 വയസ് മുതൽ മുകളിലോട്ടുള്ളവർക്ക് സൗജന്യ ചികിത്സ നൽകുന്ന സഞ്ജീവനി യോജന, സ്ത്രീകൾക്ക് മാസം 2100 രൂപ നൽകുന്ന മഹിളാ സമ്മാൻ യോജന എന്നിവ നടപ്പാക്കുമെന്ന് ആം ആദ്മി ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാൾ വാഗ്ദാനം ചെയ്‌തിട്ടുണ്ട്. സ്ത്രീകൾക്ക് മാസം 2500 രൂപ നൽകുന്ന 'പ്യാരി ദിദീ യോജന' പദ്ധതി കോൺഗ്രസും പ്രഖ്യാപിച്ചിരുന്നു. ഇതിനോട് കിടപിടിക്കുന്ന പദ്ധതികൾ പ്രകടന പത്രികയിൽ പ്രഖ്യാപിക്കാനാണ് ബി.ജെ.പിയുടെ നേതൃത്വം തയ്യാറെടുക്കുന്നത്.
300 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് സൗജന്യ വൈദ്യുതി, സൗജന്യ ജലം, മഹാരാഷ്ട്ര - മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ പരീക്ഷിച്ച് വിജയിച്ച ലാഡ്ലി ബെഹ്‌ന യോജനയ്‌ക്ക് സമാനമായി വനിത വോട്ടർമാരെ ആകർഷിക്കാനുള്ള പദ്ധതി എന്നിവ പ്രഖ്യാപിക്കുമെന്നാണ് സൂചന. ആരാധനാലയങ്ങൾക്ക് 500 യൂണിറ്റ് വരെ സൗജന്യ വൈദ്യുതിയും വാഗ്ദാനം ചെയ്‌തേക്കും.
പർവേഷ് വർമ്മയെ
വിലക്കണമെന്ന് കേജ്‌രിവാൾ
ന്യൂഡൽഹി മണ്ഡലത്തിലെ തന്റെ എതിരാളിയായ ബി.ജെ.പി സ്ഥാനാർത്ഥി പർവേഷ് വർമ്മയ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരിക്കുകയാണ് അരവിന്ദ് കേജ്‌രിവാൾ. വോട്ടർമാർക്കിടയിൽ ബി.ജെ.പി സ്ഥാനാർത്ഥി പണം വിതരണം ചെയ്യുന്നു. പർവേഷ് വർമ്മയുടെ വീട് റെയിഡു ചെയ്‌ത് പണം കണ്ടെത്തണം. മത്സരിക്കുന്നതിൽ നിന്ന് വിലക്കണമെന്നും ഇന്നലെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിലെത്തി കേജ്‌രിവാൾ ആവശ്യപ്പെട്ടു. ന്യൂഡൽഹി മണ്ഡലത്തിലെ വോട്ടർപട്ടികയിൽ വ്യാപക തിരിമറിയെന്ന് ആവർത്തിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |